സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിന്റെ വിലയറിയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവും. നല്ലയാളുകളുടെയുള്ളില്‍ ഉറവപൊട്ടുന്ന കുളിര്‍മ്മയുള്ള ചിന്തകളിലേക്ക് ക്രമേണ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും.
അവരുടെ വാക്കുകള്‍ നര്‍മ്മമധുരമാണ്. പ്രവൃത്തികള്‍ സൗമ്യസുന്ദരവും. നല്ല ആളുകളെ നാം തിരിച്ചറിയുന്നത് അവരുടെ വിശുദ്ധവും വിമോചനവുമായ വിചാരവാക്കര്‍മ്മങ്ങളിലൂടെയാണ്. വലിയവരോടിടപെടുമ്പോള്‍ നമ്മള്‍ നിസ്സാരന്‍മാരാകുന്നു. കാറ്റിനോടുള്ള സമ്പര്‍ക്കംകൊണ്ട് റബ്ബര്‍ പന്തു വികസിക്കുന്നു. ഇരുമ്പുസൂചികളോടുള്ള സമ്പര്‍ക്കംകൊണ്ട് അതു പൊട്ടിപ്പോകുന്നു. അതാണ് സത്സംഗത്തിന്റെ നേട്ടം. ദുസ്സംഗത്തിന്റെ കോട്ടവും.
















