നോക്കൂ-മഴയെ വകവയ്ക്കാതെ, കുടപിടിച്ചും അല്ലാതെയും സ്കൂള്‍ തുറന്നതോടെ പാഞ്ഞെത്തുന്ന ഇളംപൈതങ്ങളും മുതിര്‍ന്ന കുട്ടികളും. ആണും പെണ്ണും. അവര്‍ നേടുന്ന സാക്ഷരതയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം അവരെയോര്‍ത്ത് ദുഃഖിക്കാനുള്ള സാമൂഹികാന്തരീക്ഷം നാം കാണാതെ പോകരുത്. അവരുടെ ജന്മാവകാശമായ, അതീവ പ്രാധാന്യം ആരും കൊടുത്തുപോരുന്ന, ഭാഷയും സംസ്കാരവും അവര്‍ക്കും നിഷേധിക്കപ്പെടുന്നു. വിദ്യയിലൂടെ നേടേണ്ടതെന്തോ അത് നിഷേധിക്കപ്പെടുന്നു. നന്മയുടെയും സ്വസ്ഥതയുടെയും മാനദണ്ഡത്തില്‍ നോക്കുമ്പോള്‍ ഉപേക്ഷിച്ചുകളയേണ്ടുന്ന, സ്വന്തം നാടിന് അപ്രസക്തമായ വിവരങ്ങള്‍ മാത്രം അവര്‍ക്കു പകര്‍ന്നുകൊടുക്കുന്നു. ഇങ്ങനെയൊരു തീമഴകൂടി തങ്ങള്‍ ഏല്ക്കുന്നു എന്ന് കുട്ടികള്‍ അറിയുന്നുമില്ല.
പതുക്കെ, അമ്പതിലേറെ കൊല്ലമെടുത്ത്, മലയാളഭാഷയുടെ ചൈതന്യത്തെ നശിപ്പിച്ചിരിക്കുന്നു. ഇന്ന് അതൊരു മാതൃഭാഷയല്ലാതായി. ഈ സത്യത്തെ മൂടിവയ്ക്കാനുള്ള ഏതു രാഷ്ട്രീയ അടവും മതഭീകരതയെ മറച്ചുപിടിക്കാനുള്ള ആത്മാര്‍ത്ഥ വഞ്ചനയാണ്. ഇത്ര വിഡ്ഢികളോ നമ്മള്! മാതൃഭാഷയെ തൂത്തുമായ്ക്കുന്നത് ‘ശ്രേഷ്ഠഭാഷ’യുടെ വരവിനാണെന്നു വിശ്വസിക്കാന്‍. ഇത്രയുംകാലംകൊണ്ട് കേരളത്തില്‍ വിദ്യാഭ്യാസരംഗത്തുണ്ടായതുപോലെ അട്ടിമറി മറ്റുരംഗത്തുണ്ടായില്ല. ഉണ്ടായെങ്കിലും ഇതുപോലെ മാരകമായിരുന്നില്ല. ഇവിടെ പ്രാണവായുവാണ്, ഇരിക്കുന്ന മണ്ണാണ്, അപഹരിക്കപ്പെടുന്നത്. ഇതു കേരളത്തില്‍ മാത്രമാണുതാനും. കാരണം, ലഘുവായി പറഞ്ഞാല്‍ മലയാളം ഹിന്ദുവിന്റെ ഭാഷയായി മുദ്രകുത്തപ്പെട്ടു; അതിന്റെ ഭാവി നിയന്ത്രിക്കുന്ന ജോലി അഹിന്ദു മേധാവിത്വത്തിന്റെ കൈയില്‍പ്പെട്ടു. അവര്‍ ക്രമേണ ആക്രാമികമായി തങ്ങടെ സങ്കുചിത താല്പര്യം സംരക്ഷിച്ചു.
മലയാള ഭാഷയുടെ മണിപ്രവാളത്തിന്റെ ലക്ഷണം പറഞ്ഞ് ‘ലീലാതിലകം’ സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ടു. 14-ാം ശതകത്തില്‍. അതിനുമുമ്പ് കേരളീയ കവികള്‍ സംസ്കൃതത്തില്‍ എഴുതി. എട്ടാം നൂറ്റാണ്ടിലെ ശങ്കരാചാര്യരും പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം സാമൂതിരിപ്പാടിന്റെ സഭയിലെ പതിനെട്ടരക്കവികളും കുലശേഖര കവിയും. തുടര്‍ന്നും ഈ സംസ്കൃത പാരമ്പര്യം എഴുത്തച്ഛന്റെ കാലത്തും മേല്‍പ്പുത്തൂരില്‍ നാം കണ്ടു. ഈ പൈതൃകമാണ് മലയാളത്തിനുള്ളത്. ഭാഷ മാറിയെങ്കിലും പൈതൃക മുദ്ര ശക്തമായിത്തന്നെ തുടര്‍ന്നുപോന്നു. ഭാഷക്ക് അതീതമായ ഒരു ഭാവം. ഈശ്വരോപാസന, അല്ലെങ്കില്‍ പ്രപഞ്ച- പ്രകൃതി ശക്തിയെ കേന്ദ്രമാക്കിയുള്ള ആരാധന-നിലനിന്നു. അതില്‍ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ഠാനമല്ല, മനുഷ്യസംസ്കാരത്തിന്റെ ആദിരൂപങ്ങളാണ് വിളയാടിയത്. അതു തീവ്രമാണ്, സര്‍വവ്യാപകമാണ്. ശ്രാവ്യസാഹിത്യത്തില് നിന്ന് അതിന് ജനകീയ പ്രസരണമുണ്ടായത് 18, 19 ശതാബ്ദങ്ങളില്‍ പിറന്ന ക്ഷേത്രകലകളിലൂടെ പ്രധാനമായി. തുള്ളലിലും കഥകളിയിലും കൂടെ ആയിരുന്നു. പ്രമേയം എപ്പോഴും ഭാരതീയ പുരാണകഥ തന്നെ. അതിനു കാരണം, വള്ളത്തോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍,
‘ഭാസ കാളിദാസാദ്യന്മാരെയും പുലര്‍ത്തിയ
ഭാസുര സാരസ്വത ഭണ്ഡാരപ്പുരകള്‍’
ആണ് പുരാണം. അദ്ദേഹംതന്നെ അതു തെളിയിച്ചത് രാമായണ തര്‍ജമയില്‍ തുടങ്ങി ഋഗ്വേദ തര്‍ജമയില്‍ വന്നുനിന്ന സാഹിത്യയജ്ഞത്തിലൂടെ; പുരാണമഞ്ജരി, ഭഗവല്‍സ്തോത്രമാല തുടങ്ങിയ കാവ്യങ്ങളിലൂടെ. ദേശീയ സ്വാതന്ത്ര്യസമരം ആ കവി കണ്ടത് ഇങ്ങനെ: ഭൗതികം ആദ്ധ്യാത്മികം എന്ന രണ്ടു കാളകളെ യോഗാത്മക നുകത്തില്‍ പൂട്ടി, ധീരമായി നിലം ഉഴുതുന്ന ധര്‍മ്മ കര്‍ഷകന്റെ കര്‍മ്മമായിട്ടാണ്. ഇവിടെയാണ് കുഴപ്പം തുടങ്ങിയത്. യോഗാത്മകം, ധര്‍മ്മം എന്നീ വാക്കുകള്‍ ഹിന്ദുവിന്റേതാണെന്ന് മതവിദഗ്ദ്ധര് കണ്ടെത്തുകയും മഹാത്മാഗാന്ധിയെ തന്റെ ഗുരുനാഥനാക്കിയ കവിയെ പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ പൊരുളറിഞ്ഞ ക്രിസ്തുമത മേലധ്യക്ഷന്മാര് ഒട്ടും വൈകാതെ തങ്ങളുടെ വകുപ്പായ ‘വിദ്യാഭ്യാസ’ത്തില്‍നിന്ന് ചെറുശ്ശേരി, പൂന്താനം, എഴുത്തച്ഛന്, നമ്പ്യാര്‍ തുടങ്ങിയ ‘ഹിന്ദു കവി’കളെ ക്രമേണ ഒഴിവാക്കി. അങ്ങനെ ആത്മാവു നഷ്ടപ്പെട്ട മലയാളമാണ്, പേരിനുവേണ്ടി, പത്താംതരം വരെയുള്ള ഭാഷാപഠന പുസ്തകത്തിലൂടെ ഈ കുട്ടികള്‍ പഠിച്ചുപോരുന്നത് ”മതേതരര്‍” ആവാന്‍ അങ്ങനെ വേണമത്രെ. ”മൂഢാത്മക്കളെ ഒപ്പിപ്പാന്‍.”
നമ്മുടെ കവികളുടെ രചനയില്‍ പകുതിയിലേറെയും നേരിട്ടുള്ള പുരാണം അല്ലെങ്കില്‍ പൗരാണിക ബിംബ കല്‍പ്പന, അതുമല്ലെങ്കില്‍ വാക്കോടുവാക്ക് മുഴങ്ങുന്ന ഇതിഹാസ സന്ദര്‍ഭ ധ്വനികള്‍, ആണെന്നു ഇത് സമ്മതിക്കാതെ വയ്യ. ഈ ബിംബങ്ങളും ധ്വനികളും കേന്ദ്രീകരിക്കുന്നത് പുരാണങ്ങളിലെ ആദിരൂപങ്ങളിലാണ്. ഇത്തരം ആദിരൂപ സ്മരണകളെ ഉദ്ദീപിപ്പിക്കാത്ത രചനകള്‍ നടത്തിയവരെ പ്രസ്താവനക്കവികളെന്നോ മുദ്രാവാക്യകവികളെന്നോ വിളിക്കാനും നാം മടിച്ചില്ല. ഗ്രീസിലേക്കു പിന്നാക്കം പാഞ്ഞ് ആദിരൂപങ്ങളെ ആശ്രയിക്കേണ്ടിവന്നു, ഇംഗ്ലീഷ് സാഹിത്യത്തിന്. നമുക്കാകട്ടെ അതാണുതാനും ”സാരസ്വത ഭണ്ഡാരപ്പുര.”
സ്വാതന്ത്ര്യാനന്തര കേരളത്തിലും ഈ ഭണ്ഡാരപ്പുര തുറക്കാനും അവിടെയുള്ള പൈതൃകം, വിദ്യാഭ്യാസരംഗത്തെ ശക്തിസ്രോതസ്സായി ഉപയോഗപ്പെടുത്താനും സ്വാഭാവികമായി നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 1960 ആയതോടെ, പനമ്പിള്ളി ഗോവിന്ദമേനോനുശേഷം വിദ്യാഭ്യാസ വകുപ്പ് അനാഥമായതോടെ, കേരളാ കോണ്‍ഗ്രസ് വിദ്യാഭ്യാസം പിടിച്ചെടുത്തതോടെ, മുസ്ലിം ജില്ല ഉണ്ടായതോടെ അന്നോളം നിലനിന്ന പാഠപുസ്തക ഉള്ളടക്കം മാറ്റി എഴുതി. നിഖില ലോകനിയാമകമായ ഏതാനും സനാതനമൂല്യങ്ങളെ വ്യക്തമാക്കുന്ന ഉള്ളടക്കത്തിനു വിലക്കുണ്ട്. അതൊക്കെ ഹിന്ദുമതത്തിന്റേതാണ്!. 50 കൊല്ലം മുമ്പ് ഒമ്പതാം പാഠപുസ്തകംവരെയുള്ള മലയാളപാഠങ്ങളില് ചെറുശ്ശേരി, പൂന്താനം, എഴുത്തച്ഛന്, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവര്‍ നിര്‍ബന്ധമായും സ്ഥാനം പിടിച്ചിരുന്നു. കേരളവര്‍മ്മ കോയിത്തമ്പുരാനും മറ്റും ആയിരുന്നു അന്നത്തെ പാഠപുസ്തകക്കമ്മറ്റിക്കാര്. ഈ പാരമ്പര്യത്തില്‍ പിടിച്ചുനില്ക്കാന് എന്‍. കൃഷ്ണപിള്ളയ്ക്കും കഴിഞ്ഞു. 1960 വരെയുളള മലയാള സിലബസ് അതു സ്പഷ്ടമാക്കുന്നു.
കോളേജ് നിലവാരത്തില്‍ മാത്രമല്ല സ്കൂള്‍ തലത്തിലും ആട്ടക്കഥയും തുള്ളലും പഠിക്കേണ്ടിയിരുന്നു. കോളേജ് ക്ലാസിലാവട്ടെ ആട്ടക്കഥ, തുള്ളല്‍ എന്നിവ പൂര്‍ണ രൂപത്തിലും ഭാരതം കിളിപ്പാട്ട്, രാമായണം എന്നിവ ഓരോ കാണ്ഡം മുഴുവനായും പഠിക്കണം. അതിന്റെ ഗുണം കുട്ടികള്‍ക്ക് മലയാളഭാഷയില്‍ സാമാന്യ വ്യുല്പത്തി ഉണ്ടായി എന്നതാണ്. ഇന്ന് എഴുപതുവയസ്സു കഴിഞ്ഞവര്‍ക്കേ ആ ശീലസമ്പത്ത് അവകാശപ്പെടാനാവൂ എന്നുവന്നിരിക്കുന്നു.
മലയാളഭാഷക്ക് ഇങ്ങനെ തുരങ്കംവച്ച കൂട്ടര് അതിലെ ദ്രോഹത്തെപ്പറ്റി അറിയാതെ അങ്ങനെ ചെയ്തു എന്നു വിചാരിപ്പാന്‍ ന്യായമില്ല. കാരണം അവരും ഹിന്ദുക്കള്‍ മതംമാറി വന്നവരാണ്. സംസ്കാരത്തെപ്പറ്റി അവര്‍ക്കറിയാം. ആ സംസ്കാരം ഹിന്ദുമതത്തെ സഹായിക്കും.
മതപരിവര്‍ത്തനത്തിനു തടസ്സമാവും. ഏത് മതമേലാളന്മാര് രാഷ്ട്രീയനേതൃത്വത്തെ ഉദ്ബോധിപ്പിച്ചിരുന്നു എന്നുതീര്‍ച്ച. ഇന്നും ആ ഉദ്ബോധനം നിലനില്‍ക്കുന്നതായി ഏവര്‍ക്കും അറിയാം. ഇപ്പോള്‍ അത് പുരാണത്തില്‍നിന്ന് സൂര്യനിലേക്കും പ്രഭാതവ്യായാമത്തിലേക്കും മാറി, കൂടുതല്‍ വിഷമയമായി. അതായത് വിദ്യാഭ്യാസത്തില്‍നിന്ന് ശാരീരിക-മാനസിക-ആരോഗ്യത്തിന്റെ മേഖലയിലേക്കു കടന്നു. പുരാണം ഹിന്ദുവിന്റേതായതുപോലെ സൂര്യനും വായുവും പ്രഭാതവ്യായാമവും ഹിന്ദുവിന്റെതാണ്. അവയെ ചെറുക്കണം എന്ന് വിശുദ്ധ ബിഷപ്പിന്റെ പ്രസ്താവന കഴിഞ്ഞദിവസത്തെ പത്രത്തില്‍ത്തന്നെ കണ്ടു. ഇത് അജ്ഞതകൊണ്ടോ ഭീതികൊണ്ടോ അല്ല എന്നും ആസന്നമായ ഒരു ഹിന്ദു നവോത്ഥാനത്തെ ആവുംമട്ടു ചെറുത്ത്, കേരളത്തെയെങ്കിലും ഹിന്ദുന്യൂനപക്ഷമാക്കാനുള്ള തിടുക്കം കൊണ്ടാണെന്നും വേണം ഇന്നോളമുള്ള പൗരോഹിത്യ പ്രവര്‍ത്തനത്തില്‍നിന്ന് മനസ്സിലാക്കേണ്ടത്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരേയും ഹിന്ദു ആക്കാനാണ് സൂര്യനമസ്കാരവും യോഗയും ചെയ്യാന്‍ പറയുന്നത്!
ഇതിന്റെ തത്വം വിവേകാനന്ദസ്വാമി പണ്ടേ പറഞ്ഞത് ഉദ്ധരിക്കട്ടെ: ”ഭാരതത്തില്‍, താഴ്ന്ന വര്‍ഗക്കാരെ ഉയര്‍ത്താനുള്ള പ്രയത്നം എല്ലാക്കാലത്തും നടന്നിട്ടുണ്ട്… ആരെയും ബ്രാഹ്മണരായി ഉയര്‍ത്താന്‍ ആണ് ഭാരതം ശ്രമിച്ചുപോന്നിട്ടുള്ളത്. ഈ ശ്രമം ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ പഠിപ്പും മറ്റും യൂറോപ്യന്മാര്ക്കു പരീക്ഷിക്കാനും കണ്ടെത്താനും ഒന്നും ബാക്കി കാണില്ലായിരുന്നു. എല്ലാം മുഹമ്മദീയര്‍ തകര്‍ത്തു തരിപ്പണമാക്കിയേനെ.” (ബ്രാഹ്മണര്‍ എന്നതിന് വിജ്ഞന് എന്ന ശരിയായ അര്‍ത്ഥം തന്നെയാണ് സ്വാമി കല്‍പ്പിക്കുന്നത്.) സംസ്കാരത്തെ നിലനിര്‍ത്തിയ ബ്രാഹ്മണന് ദരിദ്രനായി ജീവിച്ചു.
അതില്‍ ലേശം പോലും വേവലാതിയില്ലായിരുന്നു. ഇന്ന് കേരളത്തിലേക്ക് ധാരാളം പണം ഒഴുകിവരുന്നു. ജീവിതം ആഡംബര പൂര്‍ണം. ഈ പണം സ്വന്തം ഭാഷയെ തറവാടിനെ അന്യര്‍ക്കു പണയപ്പെടുത്തി, അവര്‍ക്കു വഴങ്ങിക്കൊടുക്കുന്നതിന്റെ കൈക്കൂലിയാണെന്നു മനസ്സിലാക്കിയാല്‍ നമുക്കതില്‍ അഭിമാനിക്കാനല്ല, ലജ്ജിക്കാനാണ് അവകാശം. ഇക്കാര്യം നാം തിരിച്ചറിയട്ടെ. മലയാളഭാഷാ പഠനവും യോഗ പരിശീലനവും സൂര്യനമസ്കാരവും ഹൈന്ദവമാണെന്ന ഉറച്ച തീരുമാനമുള്ളവര്‍, നാളെ എന്താവും ചെയ്തുകൂട്ടുക എന്നാലോചിക്കുമ്പോഴാണ് സംസ്കാരത്തിന്റേയും കേരളത്തിന്റെയും ഭാവി അപകടമോര്‍ത്ത് ഭയപ്പെടേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: