എന്റെ ചിത്രം ഹൃദയത്തിന്റെ ക്യാമറയില്‍ പിടിച്ചെടുക്കണമെങ്കില്‍ അതിന്റെ ലെന്‍സ് എന്റെ നേര്‍ക്കു തിരിച്ചുവയ്‌ക്കാതെ പറ്റില്ലല്ലോ. നിങ്ങളുടെ ബുദ്ധിയും വികാരങ്ങളും ചോദനകളും വേദനകളും എന്നുവേണ്ട ഓരോ ചലനവും കൂടി എന്റെ നേര്‍ക്കു തിരിച്ചുവിടുക. അങ്ങനെയായാലേ എന്റെ ചിത്രം ആ ക്യാമറയില്‍ വ്യക്തമായി പതിയൂ. ക്യാമറയുടെ ലെന്‍സ് തുറന്ന ലോകത്തിലേക്കും ലൗകികമായ വിവിധ വസ്തുക്കളിലേക്കും തിരിച്ചു വച്ചിരിക്കയാണെങ്കില്‍ അവിടെ എന്റെ ചിത്രം എങ്ങനെയാണു പതിഞ്ഞു കിട്ടുക.
ആഴത്തില്‍ വേരോടിയ അനാസക്തി കൊണ്ടേ ഇന്ദ്രിയ സുഖങ്ങളിലുള്ള പിടിവിടാനാകൂ. ആ പിടിവിട്ടാലേ അന്തരംഗം നിര്‍മ്മലമാകൂ. അന്തരംഗം നിര്‍മ്മലമായാലേ അവിടെ ഈശ്വരന്റെ മുഖബിംബം പ്രതിബിംബിക്കൂ. ഈശ്വരമുഖം പ്രതിബിംബിക്കുമ്പോഴേ സത്യമെന്തന്നറിയാനാവൂ. സത്യബോധമുണ്ടാവുമ്പോഴേ നിത്യമായ ആനന്ദത്തില്‍ ആ കണ്ഠം ആമഗ്നനാവൂ.
















