പരമാനന്ദാവസ്ഥ നിങ്ങള്‍ പുറമേനിന്നും സമ്പാദിക്കുന്നതല്ല. അത് നിങ്ങളിലേക്കാഴത്തിലിറങ്ങി അനേ്വഷിക്കുന്ന എന്തോ ആണ്. ഒരു കിണര്‍ കുഴിക്കുംപോലെയാണത്. മഴ പെയ്യുമ്പോള്‍ വായ തുറന്നു മഴത്തുള്ളികള്‍ അതിലേക്ക് വീഴാനായി കാത്തുനിന്നാല്‍ കുറച്ചുതുള്ളികള്‍ അങ്ങനെ വീഴുമായിരിക്കും. പക്ഷേ മഴയത്ത് വായ തുറന്നുവച്ച് ദാഹം ശമിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ ഇച്ഛാഭംഗമുണ്ടാക്കും.
മഴ എപ്പോഴുമുണ്ടായിരിക്കില്ല. ഒന്നോ രണ്ടോ മൂന്നോ മണിക്കൂര്‍ പെയ്ത് അതൊഴിയും. അതാണ് നിങ്ങള്‍ സ്വന്തമായി കിണര്‍ കുഴിക്കാനുള്ള കാരണം. വര്‍ഷം മുഴുവന്‍ ജലം നിങ്ങള്‍ക്കു ലഭിക്കുവാന്‍. ശരിയായ പരമാനന്ദമെന്ന് നിങ്ങള്‍ വിവക്ഷിക്കുന്നത് ഇതാണ്. ആന്തരികതയുടെ കിണറില്‍നിന്നുള്ള വെള്ളം കോരല്‍.
അത് എന്നും നിങ്ങളെ പോഷിപ്പിക്കും. അത് മഴയത്ത് വായതുറന്നു പിടിക്കുന്നതുപോലെയല്ല. എല്ലാക്കാലവും നിങ്ങളുടെ കൈവശം ജലമുണ്ടായിരിക്കുന്നു. അതാണ് പരമാനന്ദം.
















