ഭക്തി ഈശ്വരനെമാത്രം കാംക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം. അപ്പോള്‍ എല്ലാം അവിടുന്നു തരും. വാര്‍ദ്ധക്യത്തില്‍ ആരു നോക്കുമെന്ന വേവലാതി വേണ്ട. ഒരു ഭക്തനും നോക്കാനാളില്ലാതെ കഷ്ടപ്പെട്ടിട്ടില്ല. പട്ടിണി കിടന്നു മരിച്ചിട്ടില്ല.
മരിച്ചു കഴിഞ്ഞാലുള്ള കാര്യത്തെക്കുറിച്ച് എന്തിനു ചിന്തിക്കണം. ചത്തു കുറച്ചുകഴിയുമ്പോള്‍ നാറും. ആരെങ്കിലും കുഴിച്ചിടും. ആ വക കാര്യങ്ങളെക്കുറിച്ചോര്‍ത്തു ജീവിതം തുലയ്‌ക്കേണ്ട കാര്യമില്ല. ഇന്നലത്തെക്കുറിച്ചോര്‍ത്തും നാളത്തെക്കുറിച്ചു ചിന്തിച്ചും എന്തിനു ആധി കയറണം. ഒരുനിമിഷം മുന്‍പുവരെ കഴിഞ്ഞ കാര്യങ്ങള്‍ കാന്‍സലായ ഒരു ചെക്കുപോലെയാണ്. അതിനെക്കുറിച്ചോര്‍ത്തു തളര്‍ന്നിട്ടു കാര്യമില്ല. ഇന്നു നിങ്ങള്‍ ശ്രദ്ധയോടെ ജീവിക്കുക; ‘നാളെ’ നിങ്ങള്‍ക്കു കൂട്ടുകാരനായി വരും.
അമ്മ, ഭക്തി വേണമെന്നു പറഞ്ഞു. പക്ഷേ, നാമം ജപിച്ചിട്ടു മറ്റുള്ളവരെ ദുഷിക്കുന്നതു ഭക്തിയല്ല. അസൂയയും വിദേ്വഷവും മനസ്സില്‍ വളര്‍ത്തുന്നതു ഭക്തിയല്ല. എല്ലാവരെയും ഈശ്വരനായിക്കാണുവാന്‍ കഴിയണം. അതാണ് ഭക്തി. നല്ല കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നതും ഭക്തിയാണ്. നിത്യാനിത്യാവിവേചനത്തെയാണ് അമ്മ ഭക്തിയെന്നു പറയുന്നത്. അതാണ് നമുക്കു വേണ്ടത്.
















