632. മന്ത്രിണീ – മന്ത്രിക്കുന്നവള്. ഭരണസംബന്ധമായ ചര്‍ച്ചയ്ക്കു മന്ത്രം എന്നുപറയും. അതില്‍നിന്നാണ് ആധുനികഭരണസംവിധാനത്തിലെ മന്ത്രി എന്ന പദം ശക്തിസാമ്രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ ലളിതാദേവിക്ക് ഉപദേശം നല്കുന്നവളാകയാല് ശ്യാമളാദേവിക്ക് മന്ത്രിണീ എന്നുപേര്. എല്ലാ മന്ത്രങ്ങളും സ്വരൂപമായവള്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം.
633. സചിവേശാനീ – ലളിതാദേവിയുടെ സചിമാര്ക്ക് ഈശാനിയായവള്. ഭരണസംവിധാനത്തിലെ സാങ്കേതിക സംജ്ഞകളാണ് സചിവരും പ്രധാനരും. നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നവരാണു സചിവര്‍. ശക്തിസാമ്രാജ്യത്തിന്റെ നയങ്ങള്‍ രൂപപ്പെടുത്തുന്ന സചിവരുടെ നേതൃത്വം ശ്യാമളാദേവിക്കാകയാല്‍ സചിേവശാനി എന്നുപേര്. ഈശാനി എന്ന പദത്തിന് ഈശ്വരി എന്നര്‍ത്ഥം.
634. പ്രധാനേശീ – ഭരണസംവിധാനത്തിലെ സാങ്കേതികസംജ്ഞയാണു സചിവരും പ്രധാനരും എന്നു മുമ്പു പറഞ്ഞു. മന്ത്രിമാരുമായി മന്ത്രിച്ച് സചിവരുമായി ചര്‍ച്ച ചെയ്ത് രാജാവു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഉദേ്യാഗസ്ഥരില്‍ പ്രമുഖരാണു പ്രധാനര്‍. ഇന്നത്തെ സെക്രട്ടറിമാരെ പ്രധാനരെന്നു പറയാം. ശക്തി സാമ്രാജ്യത്തിലെ പ്രധാനരുടെ അധീശത്വം ശ്യാമളാദേവിക്കാകയാല്‍ പ്രധാനേശീ എന്നു നാമം.
ലളിതാദേവിയുടെ ശക്തിസാമ്രാജ്യഭരണത്തില് മന്ത്രിണിമാരുടെയും സചിവരുടെയും പ്രധാനരുടെയും നിയന്ത്രണം ശ്യാമളാദേവിക്കാണ്. ”കര്‍ത്തും അകര്ത്തും അന്യഥാകര്‍ത്തും ശക്തി” എന്നാണ് ലളിതോപാഖ്യാനം ശ്യാമളാദേവിയെ അവതരിപ്പിക്കുന്നത്. തീരുമാനം എന്തായാലും അതു നടപ്പാക്കാനും നടപ്പാക്കാതിരിക്കാനും മറ്റൊരുതരത്തില്‍ ചെയ്യാനും ദേവിക്ക് അധികാരം ഉണ്ടായിരുന്നു.
… തുടരും
















