ആദര്‍ശപരമായ മനുഷ്യത്വം നന്മയേയും ഉല്‍കൃഷ്ട സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കും. നന്മ ചിന്തയിലും പ്രവൃത്തിയിലും സ്വഭാവത്തിലും പ്രകടമാകുന്ന സാത്വിക തേജസ്സാണ്. സത്യം, ജ്ഞാനം, ധര്‍മ്മം, പരമോല്‍കൃഷ്ടമായ പാരമ്പര്യം ഇവയില്‍ അധിഷ്ഠിതമാക്കി രൂപപ്പെടുത്തിയ ജീവിതത്തിന്റെ സൗന്ദര്യമാണ് സംസ്‌കാരം.
മനസ്സും ഹൃദയവും തമ്മിലുള്ള തന്മയീഭാവമാണ് സംസ്‌കാരത്തിന്റെ ഉറവിടം. ഭാവം മനസ്സിനെ സംബന്ധിച്ചതാണ്. ഒരാളുടെ അസ്തിത്വത്തിന്റെ ദിവ്യസത്തയാണു ഹൃദയം. അത് വിജ്ഞാനത്തേയും പ്രതിനിധാനം ചെയ്യുന്നു. മനസ്സ് ഹൃദയവുമായി സംയാജിക്കുമ്പോള്‍ ആദ്ധ്യാത്മികതേജസ്സോടും ധാര്‍മ്മിക സമ്പത്തോടുംകൂടി വ്യക്തിമഹത്വം പ്രകാശിക്കും. അപ്പോള്‍ അത് പരമോല്‍കൃഷ്ടമായ ഭാവത്തിന്റെയും അത്യുദാത്തമായ പ്രബുദ്ധതയുടെയും പരമസുന്ദരമായ സമ്മളിതരൂപം ആവിഷ്‌കരിക്കും.
ഭാവവും വിജ്ഞാനവും സ്വന്തം വ്യക്തിത്വത്തിന്റെ സത്തയായി തീര്‍ന്നിട്ടുള്ള ഒരാളുടെ ജീവിതം സംസ്‌കൃതിയുടെ ദര്‍പ്പണമായിരിക്കും.സംസ്‌കാരത്തിനും ധര്‍മ്മത്തിനും ഉദാത്തമായ മതവിശ്വാസത്തിനും വിരുദ്ധമായി വര്‍ത്തിക്കുന്നതെന്താണ്! അത് സ്വാര്‍ത്ഥത തന്നെയാണ്. ആദ്ധ്യാത്മിക വികാസത്തിന്റെ അഭാവത്തെയാണ് സ്വാര്‍ത്ഥത സൂചിപ്പിക്കുന്നത്.
ചിന്തയുടെയും കര്‍മ്മത്തിന്റെയും മണ്ഡലത്തില്‍ സ്വാര്‍ത്ഥത കടന്നുകൂടുമ്പോള്‍ നിങ്ങള്‍ക്ക് സ്വച്ഛമായ മനസ്സാക്ഷി ഉണ്ടാവുക സാദ്ധ്യമല്ല. ഈശ്വര സ്ഫുരണത്തിന്റെ ദിവ്യദര്‍ശനം ക്ഷണനേരത്തേക്കുപോലും സിദ്ധിക്കുകയില്ല. അഹന്തയില്‍ കേന്ദ്രീകൃതമായി വര്‍ത്തിക്കുന്ന ഒരാള്‍ക്ക് ദുരിതത്തില്‍ കഴിയാനേ പറ്റൂ. ഈശ്വരിങ്കല്‍ മനസ്സ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ യഥാര്‍ത്ഥമായ ആനന്ദവും ശാന്തിയും സ്വായത്തമാകയുള്ളൂ. എന്തെന്നാല്‍ ഈശ്വരനാണ് മഹദ്ഗുണങ്ങളുടെ ശരിയായ ഉറവിടം.
















