ഹൃദയം പ്രേമനിര്‍ഭരമായാല്‍ യാത്ര സുഗമമാവും. ഏതു യാത്രയ്‌ക്കും പാഥേയമാവാന്‍ പ്രേമത്തിനു കഴിയും. പ്രേമമുള്ളയാള്‍ക്ക് നന്മ മാത്രമേ ചെയ്യാനാവൂ. പ്രിയം മാത്രമേ പറയാനാവൂ. ഇഷ്ടം കൂടുതലാവുമ്പോള്‍ അതു മോദമാകും. മോദം ഹൃദയം നിറഞ്ഞു തുളുമ്പി വഴിഞ്ഞൊഴുകുമ്പോള്‍ അതു പ്രമോദമായി പ്രേമമായി പരിണമിക്കുന്നു.
ഈശ്വരവിശ്വാസമില്ലാത്തവരെ നാം നാസ്തികരെന്നു വിളിക്കുന്നതു ശരിയല്ല. ഇവിടെ ആരും നാസ്തികരായില്ല. എല്ലാവരും ആസ്തികര്‍ തന്നെ. താന്‍തന്നെയാണു ദൈവം. തന്നില്‍ വിശ്വാസമില്ലാത്ത ആരെങ്കിലുമുണ്ടോ ഈ ലോകത്തില്‍ സകലമാനവരും ആസ്തികരാണെന്ന കാര്യത്തില്‍ ഇനിയും സംശയമോ?
















