ജാതി അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. ചടങ്ങുകള്‍ തുടരെ മാറുന്നു. അങ്ങനെതന്നെ ആചാരങ്ങളും. സാരം, തത്ത്വം, മാത്രമേ മാറാതുള്ളൂ. വേദങ്ങളില്‍നിന്നാണ് നാം നമ്മുടെ മതം പഠിക്കേണ്ടത്. വേദങ്ങളൊഴിച്ചു മറ്റു ഗ്രന്ഥങ്ങളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. വേദങ്ങളുടെ പ്രാമാണ്യം സാര്‍വ്വകാലികമാണ്.
നമ്മുടെ മറ്റു ഗ്രന്ഥങ്ങളുടെയെല്ലാം അധികാരം അതാതു കാലത്തേക്കാണ്. ഉദാഹരണത്തിന്, ഒരു സ്മൃതി ഒരു യുഗത്തില്‍ പ്രബലം; മറ്റൊന്നു വേറൊരു യുഗത്തിലും. മഹാന്മാരായ പ്രവാചകന്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്നു, പ്രവൃത്തിപഥം നിര്‍ദ്ദേശിച്ചു തരുന്നു. ചില ആചാര്യന്മാര്‍ താഴ്ന്ന ജാതിക്കാര്‍ക്കുവേണ്ടി പ്രയത്‌നിച്ചു; മധ്വനെപ്പോലുള്ള മറ്റുള്ളവര്‍ സ്ത്രീകള്‍ക്കു വേദാധ്യയനാധികാരം കൊടുത്തു.
ജാതി പോകരുത്, അത് ഇടയ്‌ക്കിടയ്‌ക്ക് കാലാനുസൃതം പുതുക്കണമെന്നേ ഉള്ളൂ. ഈ പുരാതന പദ്ധതികള്‍ക്കുള്ളില്‍ ഇരുനൂറായിരം പുതിയ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ വേണ്ടത്ര ശക്തി കാണാം. ജാതി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നു വിചാരിക്കുന്നത് തനി അസംബന്ധമാണ്. പഴയതിന്റെ വികസനം- ഇതാണ് പുതിയ വഴി.
















