മനനംകൊണ്ട് സുസ്ഥിരമാക്കപ്പെട്ട അന്തര്‍മുഖത്വം മനസ്സിനെ നിദ്ര അലസത വികാരാധിത്യം ഇവയില്‍നിന്ന് വിമുക്തമാക്കുന്നു. പ്രശാന്തതയിലേക്കുള്ള മാര്‍ഗം മനനം തന്നെ. ചിലപ്പോള്‍ ലീനമായ വാസനകള്‍ നിയന്ത്രണാതീതമാംവണ്ണം ശക്തങ്ങളായും മനനത്തിന്റെ ശക്തിക്കുപോലും അവയെ പ്രതിരോധിക്കാന്‍ കഴിവില്ലാതെവരും. അതിനാല്‍ സാധകന്‍ ശ്രവണവും സത്സംഗവും തുടര്‍ന്നുകൊണ്ടിരിക്കണം. ഗുരുവിന്റെ ആവര്‍ത്തിച്ചുള്ള ഉല്‍ബോധനങ്ങള്‍ ശ്രവണത്തിന്റെ ആവര്‍ത്തനം ശിഷ്യനില്‍ വേണ്ടതാണെന്നുള്ളതിന്റെ സൂചനയാണിത്.
”നിദ്രദ്ധ്വാസം’ എന്നറിയപ്പെടുന്നത് മനനംകൊണ്ട് സുദൃഢമായി ബോധിച്ച പരമാത്മതത്വത്തെ അനുസ്യൂതം ധ്യാനിക്കുക എന്നാണ്. ഒരു പാത്രത്തില്‍നിന്ന് മറ്റൊന്നിലേക്ക് പകരുന്ന എണ്ണയുടെ അവിഛിന്നമായ പ്രവാഹംപോലെ ഈ ധ്യാനനിമഗ്ന പ്രതിബന്ധമന്യെ സത്യചൈതന്യത്തിലേക്ക് പ്രവഹിക്കണം.
നിദിദ്ധ്വാസവും വിചാരവും ധ്യാനവുമെല്ലാം പ്രകൃതത്തില്‍ ഏതാണ്ട് തുല്യംതന്നെ. എന്തെങ്കിലും വൈജാത്യമുണ്ടെങ്കില്‍ അത് സത്യചൈതന്യത്തെ സമീപിക്കുന്നതിനുള്ള ഭാവത്തില്‍ മാത്രമാണ്. മാനസികവൃത്തികള്‍ കെട്ടടങ്ങാതെ ഒരുവന് നിദിദ്ധ്വാസനത്തിനോ ധ്യാനത്തിനോ വിചാരത്തിനോ സാദ്ധ്യമല്ല.
നിര്‍ഗുണബ്രഹ്മം അതത് കാലങ്ങളില്‍ മാനവചരിത്രത്തിലെ നിര്‍ണായകഘട്ടങ്ങളില്‍ ധര്‍മ്മസംസ്ഥാപനം എന്ന മഹല്‍ ലക്ഷ്യത്തിനുവേണ്ടി രൂപവും നാമവും വ്യക്തിത്വവും ഗുണങ്ങളും സ്വീകരിക്കുന്നു. അങ്ങനെ സഗുണ സാകാരബ്രഹ്മം ആരാധനയ്‌ക്കും പ്രാര്‍ത്ഥനക്കും പാത്രമായിതീരുന്നു.
















