‘കഥയമമ കഥയമമ കഥകളതി സാദരം’ എന്ന് എഴുത്തച്ഛന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പാടി. അദ്ദേഹം കിളിയെക്കൊണ്ടു പാടിച്ച രാമായണവും ഭാഗവതവും ഭാരതവും- നൂറ്റാണ്ടുകള്‍ക്കുശേഷം എന്ന കഥകളത്രയും ലളിത മലയാളത്തില്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ ഒരാള്‍ വന്നു- മാലി എന്ന പേരില്‍ അറിയപ്പെട്ട വി. മാധവന് നായര്‍. കഥപറഞ്ഞു കഥപറഞ്ഞു കുട്ടികളുടെ എഴുത്തച്ഛനായും കഥയമ്മാവനായും മാറിയ അദ്ദേഹം കഥാവശേഷനായിട്ട് ഇപ്പോള്‍ 21 വര്‍ഷമായിരിക്കുന്നു. പക്ഷെ അദ്ദേഹത്തിന് അര്‍ഹമായ, കൃതജ്ഞതാനിര്‍ഭരമായ പരിഗണന നാം കൊടുക്കുന്നുണ്ടോ എന്ന് ഇപ്പോഴെങ്കിലും ചിന്തിക്കേണ്ടതാണ്.
ബാലസാഹിത്യകാരന്മാരോടു മലയാളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്മാരും മലയാളി സമൂഹവും പൊതുവേ അവജ്ഞ പുലര്‍ത്തുന്നില്ലേ? ഉണ്ടെന്നാണ് വസ്തുതകളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
അധികമൊന്നും വിവരിക്കണമെന്നില്ല. ഒരേയൊരു പേര്, ഇപ്പോള്‍ പ്രത്യേകം പ്രസക്തിയുള്ളതുകൊണ്ട്, തല്ക്കാലം പറഞ്ഞാല്‍ മതിയാകും – മാലി.
മാലിയോ? അതൊരു സ്ഥലപ്പേരല്ലേ? സാങ്കേതിക വിദ്യകളില്‍ കുരുങ്ങിയ പുതുതലമുറ അങ്ങനെ ചോദിച്ചേക്കാം. എന്നാല്‍ അമ്പതുവയസ്സു കഴിഞ്ഞ മിക്ക മലയാളികളുടേയും മനസ്സില്‍ അവരെ രസമുള്ള കഥകള്‍ ആവേശത്തോടെ വായിപ്പിച്ച ഒരു എഴുത്തുകാരന്റെ ചിത്രമാവും തെളിയുക – മാധവന് നായര്‍ എന്ന മാലിയുടെ.
ആറുപതിറ്റാണ്ടു മുമ്പു സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ ലേഖകന്‍ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് വരുന്ന ദിവസത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന കാലമുണ്ടായിരുന്നു. ബാലപംക്തിയില്‍ വരുന്ന മാലിയുടെ കഥകളായിരുന്നു വലിയ ആകര്‍ഷണം. സര്‍ക്കസ്, പോരാട്ടം, ജന്തുസ്ഥാന്‍, സര്‍വ്വജിത്ത് തുടങ്ങിയ തുടര്‍ക്കഥകള്‍.
സ്കൂളില്‍ നിന്നു അഞ്ചുകിലോമീറ്റര്‍ നടപ്പുണ്ടു വീട്ടിലേക്ക്. അതിനിടയില്‍ വല്ല ബാര്‍ബര്‍ ഷാപ്പിലോ വായനശാലയിലോ കയറിയാവും മാതൃഭൂമിയിലെ കഥ വായിക്കുക. അതു മനസ്സിലുണര്‍ത്തിയ അത്ഭുതലോകത്തിലൂടെയാവും പിന്നത്തെ സഞ്ചാരം. അപ്പോള്‍ വിശപ്പറിയില്ല; വീട്ടിലേക്കുള്ള ദൂരവും!
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആ കഥാകാരനെ എറണാകുളത്തുവെച്ചു പരിചയപ്പെട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞാനും ഒരു എഴുത്തുകാരനായിക്കഴിഞ്ഞിരുന്നു. ഒരു ജ്യേഷ്ഠസഹോദരനെന്ന നിലയില്‍ വാത്സല്യത്തോടെയായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം; ചിലപ്പോള്‍ നല്ല സുഹൃത്തിനെപ്പോലെയും.
ബാലസാഹിത്യത്തിനോടും ബാലസാഹിത്യകാരന്മാരോടും പൊതുസമൂഹവും മറ്റു സാഹിത്യകാരന്മാരും കാണിക്കുന്ന അവഗണനകളില്‍ വ്യാകുലപ്പെട്ടിരുന്ന ആളായിരുന്നു മാലി. ബാലസാഹിത്യകാരന്മാരുടേയും കൃതികളുടേയും എണ്ണം വളരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നു പറയാമെങ്കിലും സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ല. അക്കാര്യം ഇപ്പോള്‍ എടുത്തുപറയാന്‍ കാരണക്കാരനും യശഃശരീരനായ മാലി തന്നെയാണ്.
1994 ജൂലായ് രണ്ടിനാണ് മാലി അന്തരിച്ചത്. രണ്ടുനാള്‍ കഴിഞ്ഞു ജൂലായ് അഞ്ചിന് കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറും കഥാവശേഷനായി. അന്നു ബഷീറിനു കിട്ടിയ പരിഗണന വലുതായിരുന്നു. സമസ്തകേരള സാഹിത്യപരിഷത്ത് ഉടനെ അനുശോചനയോഗ നോട്ടീസ് അച്ചടിപ്പിച്ചതും അഞ്ചാം ദിവസം ജി. ഓഡിറ്റോറിയത്തില്‍ (ജൂലായ് ഒമ്പതിന്) യോഗം ചേര്‍ന്നതും പ്രത്യേകം ഓര്‍ക്കുന്നുണ്ട്. അപ്പോള്‍ പരിഷത്തിന്റെ മുറ്റത്തു കിടന്നെന്നവണ്ണം മരിച്ച മാലിയെ അവര്‍ അവഗണിച്ചില്ലേ എന്ന ചോദ്യം എന്നില്‍ ശേഷിച്ചു.
ബഷീര്‍ മലയാളത്തിലെ മുന്‍നിര സാഹിത്യകാരനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ പേരില്‍ എല്ലാ വര്‍ഷവും അനുസ്മരണ സമ്മേളനങ്ങള്‍ നടക്കാറുണ്ട്. അവാര്‍ഡുകള്‍ നല്കപ്പെടുന്നുണ്ട്. സ്മാരകനിര്‍മ്മാണത്തെപ്പറ്റി ആലോചനകള്‍ നടക്കുന്നുമുണ്ട്. എല്ലാം വേണ്ടതു തന്നെ.
എന്നാല്‍ മലയാളത്തിലെ മുന്‍നിര ബാലസാഹിത്യകാരനായ മാലിയുടെ കാര്യത്തിലോ? യാതൊന്നും നടന്നില്ല. ഇപ്പോള്‍ നടക്കുന്നുമില്ല. ഇതുബാലസാഹിത്യത്തിനോടു മലയാളി കാണിക്കുന്ന അവഗണനയല്ലേ? ചെറുപൈതങ്ങളെ വായനയിലേക്കു ആകര്‍ഷിച്ചു നന്മയിലേക്കു വളര്‍ത്തിയ ഒരു സാഹിത്യകാരനോടു കാട്ടുന്ന കടുത്ത നന്ദികേടല്ലേ?
നമുക്കു ഒരു സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടുണ്ട്. പുനരാഖ്യാനത്തിനു നല്കുന്ന ഒരു അവാര്‍ഡിന് മാലി അവാര്‍ഡ് എന്നു അവര്‍ നാമകരണം ചെയ്തതായി അറിയാം; അത് ആദ്യമായി ഈയുള്ളവനു ലഭിക്കാന്‍ ഭാഗ്യമുണ്ടാകയാല്‍ മാത്രം. അങ്ങനെ മതിയോ? ബാലസാഹിത്യത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കു അഭിമാനത്തോടെ പറയാന്‍ മാലിയുടെ പേരില്‍തന്നെ ഒരു അവാര്‍ഡ് പ്രത്യേകമായി വേണ്ടതല്ലേ? അതിനു ഇതുവരെ ആരും മുന്നോട്ടുവരാതിരുന്നതു എന്തുകൊണ്ടാണ്?
മാലിയെപ്പറ്റി ഒരു അനുസ്മരണ ചടങ്ങു എല്ലാവര്‍ഷവും ഡിസംബറില്‍, ജന്മദിനത്തില് നടക്കാറുണ്ട് എന്നതാണ് അല്‍പ്പമെങ്കിലും കൃതജ്ഞതാസൂചകമായ ഒരു കാര്യം. അതു പക്ഷെ, ബാലസാഹിത്യത്തിന്റെ പേരിലല്ല; കഥകളിയെച്ചൊല്ലിയാണ്. ‘കര്‍ണ്ണശപഥം’ എന്ന ഹൃദയസ്പര്‍ശിയായ ഒരു ആട്ടകഥയുടെ രചയിതാവാണ് മാലി. ഒരേയൊരു കഥ; എന്തിനധികം? പതിനായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കാന്‍ അതിനു ഭാഗ്യം സിദ്ധിച്ചു. അതിന്റെ പേരില്‍ മികച്ച കഥകളികലാകാരനു പുരസ്ക്കാരവും നല്കി വരുന്നുണ്ട്.
മാലിയുടെ കുടുംബം ഏര്‍പ്പെടുത്തിയ മാലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഈ അനുസ്മരണവും മറ്റും നടക്കാറുള്ളത്. ചിലപ്പോള്‍ സംഗീതാര്‍ച്ചനയും ഉണ്ടാകും. സംഗീതശാസ്ത്രത്തെക്കുറിച്ചു ‘കേരളസംഗീതം’ എന്ന പേരില്‍ ആധികാരികമായ ഒരു ഗ്രന്ഥം രചിച്ചിട്ടുള്ള ആളാണ് മാലി. മക്കളെ നന്നായി സംഗീതം പഠിപ്പിക്കുകയും ചെയ്തു. ആ അനുസ്മരണത്തിലെ സവിശേഷത ഇതത്രെ.
ഇവയ്ക്കു പുറമെയും മാലിയുടെ സംഭാവനകളുണ്ട്. അതിലൊന്നു കായികവിനോദ മേഖലയിലാണ്. ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാസ്കറ്റ് ബാള്‍, വോളിബോള്‍, ഹൈജമ്പ് തുടങ്ങിയ മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ അദ്ദേഹം ട്രോഫികള്‍ നേടിയിട്ടുണ്ട്. മാത്രമല്ല, പത്രമാസികകളില്‍ സ്പോര്‍ട്സ് ലേഖനങ്ങളും ധാരാളമായി എഴുതിയിരുന്നു.
മാലിയുടെ ഔദ്യോഗിക ജീവിതം ആകാശവാണിയിലായിരുന്നു. ആത്മാര്‍ത്ഥതയോടെ അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നൂതന പരിപാടികള്‍ക്കു തുടക്കം കുറിച്ചു. ബാലലോകം, രശ്മി എന്നീ പരിപാടികളിലൂടെ അദ്ദേഹം കുട്ടികളുടെ റേഡിയോ അമ്മാവനായി. പിന്നീട് ‘മാലി കഥ പറയുന്നു’ എന്ന പരിപാടിയിലൂടെ കഥയമ്മാവനുമായി. സംഗീത- നാടക- കായിക രംഗങ്ങളെയെല്ലാം അദ്ദേഹം പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.
അമ്പതിലധികം പുസ്തകങ്ങള്‍ മാലിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മുക്കാല്‍ ഭാഗവും കുട്ടികള്‍ക്കുള്ളതാണ്. ഏഴെണ്ണം അദ്ദേഹംതന്നെ ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭാരതീയ പുരാണങ്ങളേയും സംസ്കാരത്തേയും ലളിതകോമളമായ ഭാഷയില്‍ അദ്ദേഹം കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. മുതിര്‍ന്നവര്‍ക്കും അവ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ‘മാലിരാമായണം’, ‘മാലിഭാരതം’, ‘മാലിഭാഗവതം’ എന്നിങ്ങനെയുള്ള പേരുകള്‍ തന്നെ അവയെ പ്രിയങ്കരങ്ങളാക്കി. ഭൂമി മലയാളം, പെണ്മലയാളം എന്നൊക്കെ പറയുംപോലെ ഒരു ‘മാലിമലയാള’വും നമുക്കുണ്ടായി!
വാസ്തുവിദ്യയിലാണ് അവസാനകാലത്തു മാലിയുടെ ഒരു പുസ്തകം പുറത്തുവന്നത്. നിര്‍മ്മിതികേന്ദ്രമായിരുന്നു അതിനു പിന്നില്‍. ചെലവുകുറഞ്ഞ ഗൃഹനിര്‍മ്മാണത്തിനാണ്, പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിനാണു ഊന്നല്‍.
ഇങ്ങനെ സാഹിത്യത്തിന്റെയും കലയുടേയും മാത്രമല്ല, ജീവിതത്തിന്റെ വിവിധങ്ങളും വ്യത്യസ്തങ്ങളുമായ മേഖലകളില്‍ ഉത്തമ സംഭാവനകള്‍ നല്കിയ ഒരു മനുഷ്യനെ സമുചിതമായി നാം ആദരിച്ചുവോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
ഇല്ല. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്നത്ര അംഗീകാരങ്ങള്‍ മാലിക്കു ലഭിച്ചുവെന്നു പറയുക വയ്യ. അന്തരിച്ചതിനുശേഷവും അനുസ്മരണങ്ങളുണ്ടായില്ല. ജീവചരിത്രം രചിക്കപ്പെട്ടില്ല; സ്മാരകവും ഉയര്‍ന്നില്ല. ഈ അവഗണന അദ്ദേഹം മുഖ്യമായും ഒരു ബാലസാഹിത്യകാരനായി മുദ്രകുത്തപ്പെട്ടതുകൊണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം.
സംശയിക്കാനില്ല. നാം അങ്ങനെയാണ് എന്നതിനു തെളിവുതരാം. 1991ല്‍ അന്തരിച്ച മറ്റൊരു പ്രമുഖ ബാലസാഹിത്യകാരന്‍ പി. നരേന്ദ്രനാഥ് ഇതാ മുന്നില്‍! വേറൊരാള് മാത്യു എം. കുഴിവേലിയാണ്. ബാലസാഹിത്യത്തിനുവേണ്ടി സമര്‍പ്പിതമനസ്സായി ആദ്യം പ്രവര്‍ത്തനങ്ങളാരംഭിച്ച അദ്ദേഹത്തിനു ഒരു സ്മാരകമെന്നോണം പാലായില്‍ ഒരു ഗ്രന്ഥശാല ഉണ്ടെന്നറിയാം. ചെറിയ മട്ടില്‍ ഒരു ജന്മശതാബ്ദി നടന്നതായും തോന്നുന്നു.
കുഞ്ഞുണ്ണി മാഷിനാണ് അല്‍പ്പമൊരു മികവു ലഭിച്ചത്. അനുസ്മരണങ്ങളും അവാര്‍ഡുദാനവും മറ്റും നടക്കുന്നുണ്ട്. മാഷിന്റെ ജീവചരിത്രഗ്രന്ഥങ്ങളും ഓര്‍മ്മപ്പുസ്തകങ്ങളും വന്നു. പക്ഷെ, സ്ഥലം വിട്ടുകൊടുത്തിട്ടും സ്മാരകം ഉയരുന്നില്ല. സര്‍ക്കാരിനു മാഷിനെ എടുത്തിട്ടുമെടുത്തിട്ടും പൊങ്ങുന്നില്ല! ”എന്നെ പൊക്കല്ലേ!” എന്നു ആ മണ്‍കൂനയ്ക്കടിയില്‍ കിടന്ന് മാഷ് പറയുന്നുണ്ടോ ആവോ!
സാഹിത്യകാരന്മാരുടേയും മറ്റു നേതാക്കളുടേയും ജന്മശതാബ്ദികള്‍ നാം ഒരു വര്‍ഷം നീളുന്ന ആഘോഷമാക്കാറുണ്ടല്ലോ. ബഷീര്‍, പി, വൈലോപ്പിള്ളി, ചങ്ങമ്പുഴ, പാലാ, പൊറ്റെക്കാട് എന്നിവരുടെയെല്ലാം ജന്മശതാബ്ദികള്‍ ആഘോഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഉറൂബിന്റെ ജന്മശതാബ്ദിക്കു തുടക്കം കുറിച്ചിരിക്കയുമത്രെ. എന്നാല്‍ 1915 ഡിസംബര്‍ ആറിനു ജനിച്ച മാലിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന കാര്യം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടു കാണുന്നില്ല. ഇതു അവഗണനയല്ലേ?
മാലി എന്നതു കേവലം രണ്ടു അക്ഷരങ്ങളല്ല. ആ തൂലികാ നാമത്തില്‍ മറഞ്ഞിരിക്കുന്നതു വി. മാധവന് നായര്‍ എന്ന മഹാനായ ബാലസാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷം 2014 ഡിസംബറില്‍ ആരംഭിച്ചിരിക്കുന്നു. 2015 ഡിസംബറിലാണ് സമാപനം. അതു എത്രമാത്രം ആദരവോടെയും അര്‍ത്ഥപൂര്‍ണ്ണമായും ആഘോഷിക്കണമെന്ന കാര്യം നാം ആലോചിക്കേണ്ടതല്ലേ?
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ് മുന്നോട്ട് വരേണ്ടത്. അവര്‍ക്കു അങ്ങനെ തോന്നുമോ ആവോ! കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, കലാമണ്ഡലം, ആകാശവാണി എന്നിവര്‍ക്കും സ്വതന്ത്ര സംഘടനകള്‍ക്കും ആലോചനകളാവാം. മാലി ഫൗണ്ടേഷന് ഒരു കഥകളിക്കാരന് മാത്രമായി മാലിയെ കൊട്ടിഘോഷിക്കുമ്പോള്‍ ഒരു കുട്ടിയെങ്കിലും എഴുന്നേറ്റുനിന്നു പറയേണ്ടേ, മാലി ഞങ്ങളുടെ പ്രിയങ്കരനായ, മഹാനായ ബാലസാഹിത്യകാരനാണെന്ന്? അതിനു ഞാന്‍ തുടക്കം കുറിക്കട്ടെ. എനിക്കു പിന്നാലെ അനേകായിരങ്ങളുടെ ആരവമുണ്ടാകും, തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: