നൂറാം പിറന്നാളിലേക്ക് ചുവടുവെച്ചെത്തുകയാണ് കുഞ്ഞിരാമന്നായരാശാന്. അരങ്ങിന്റെ അക്ഷയപാത്രമായി ഒരായുസ്സുമുഴുവന്‍ അര്‍പ്പിച്ച അപൂര്വ്വഗുരു. ഒട്ടേറെ ശിഷ്യരുമായി ഇന്നു വിരാജിക്കുകയാണ് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ എന്ന പരമാചാര്യര്‍. കഥകളിയിലെ നിറദീപമായിരുന്ന പത്മശ്രീ കലാമണ്ഡലം കൃഷ്ണന് നായര്‍ക്കൊപ്പം പഠനം തുടങ്ങി വിവിധ ആശാന്മാര്ക്കൊപ്പം അരങ്ങുപങ്കിട്ട് കഥകളിയുടെ ചരിത്രമാവുകയാണ് ചേമഞ്ചേരി.
വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന മഹത്തായ കലയുടെ പ്രചാരണത്തിനായി ഒട്ടേറെ നാടുകള്‍ താണ്ടി, നാടുവാഴികള്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നിന്ന ഒരു ഗതകാലം ഈ ചരിത്ര പുരുഷനു മുന്നിലുണ്ട്. കരുത്തരായ ആശാന്മാര്ക്കൊപ്പം അരങ്ങില്‍ ആടിക്കളിച്ച് ആസ്വാദകരുടെ ഹൃദയത്തില്‍ കയറിക്കൂടിയിട്ട് പതിറ്റാണ്ടുകള്‍ പലതുകഴിഞ്ഞു. ഋതുസംക്രമങ്ങള്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് വിശ്രമമില്ലാതെ അദ്ദേഹം കലയ്ക്കുവേണ്ടിയുള്ള യാത്ര തുടരുകയാണ്. ഈ അടുത്ത കാലത്താണ് വിദേശത്തു നിന്നും അദ്ദേഹം തിരിച്ചെത്തിയത്. ബഹറിനില്‍ നവരസപ്രകടനം, ചൊല്ലിയാട്ടം, സോദാഹരണ ക്ലാസ്സുകള്‍ എന്നിവ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കുകയായിരുന്നു. കൃഷ്ണവേഷത്തിനു വേണ്ടി ഒരു ജന്മം നീക്കിവെച്ച പരാമാചാര്യന്.
നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് പ്രശസ്തി ആര്‍ജിച്ചെങ്കിലും കൃഷ്ണവേഷത്തോട് പറഞ്ഞാല്‍ തീരാത്ത അഭിനിവേശമാണ് ആശാന്. രാമനായി പിറന്നതിനാലാവാം കൃഷ്ണപ്രേമം വളര്‍ന്നത്. വടക്കന്‍ കേരളത്തിലെ ജന്മിമാര്‍ക്കിടയില്‍ നിന്ന് വളര്‍ന്ന വിവിധ കഥകളി യോഗങ്ങള്‍, പടര്‍ന്നു പന്തലിക്കുകയായിരുന്നു അക്കാലം. അവിടെ നിന്നും കഥകളി പഠിക്കുവാനുള്ള അദമ്യമായ മോഹം വളര്‍ന്നത് നന്നേ ചെറുപ്പത്തിലായിരുന്നു. പതിനനഞ്ചാം വയസ്സില്‍ പാലായില്‍ കരുണാകരമേനോന്‍ കീഴില്‍ ദക്ഷിണവെച്ച് അഭ്യാസം തുടങ്ങി.
കൊല്ലവര്‍ഷം 1091 മിഥുനത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന കുഞ്ഞിരാമന് കഥകളിയിലേക്ക് ചുവടുവെച്ചത് കലാകേരളത്തിന് വരപ്രസാദമായി. കീഴ്പ്പയ്യൂര്‍ അപ്പുക്കുട്ടി നമ്പ്യാരുടെ കുടുംബക്ഷേത്രത്തിന്റെ ഊട്ടുപുരയിലാണ് അഭ്യാസം ആരംഭിച്ചത്. രാധാകൃഷ്ണ കഥകളിയോഗം എന്ന ആ സ്ഥാപനത്തില്‍ ആറുവര്‍ഷത്തോളം പഠിച്ചു. ആ കാലത്ത് വടക്കേമലബാറില്‍ നിരവധി കഥകളിയോഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. വേങ്ങയില്‍, കോടോത്ത്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ വിവിധ കഥകളിയോഗങ്ങള്‍ നിലനിന്നിരുന്നു. 106 വര്‍ഷങ്ങള്‍ പഴക്കുമുണ്ടായിരുന്ന കടത്തനാടന്‍ കഥകളിയോഗമാണ് പ്രശസ്തം. ഉത്തര കേരളത്തില്‍ കല്ലടിക്കോടന്‍ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അടുത്തകാലംവരെ പറശ്ശിനിക്കടവില്‍ ഒരു കളിയോഗം പ്രതാപത്തോടെ നിലനിന്നിരുന്നു.
പാരമ്പര്യ കലകള്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഒരു കാലം കടന്നുപോയി. ആ കാലഘട്ടത്തില്‍ കുഞ്ഞിരാമനാശാനും ഒന്നു കുലുങ്ങി. നൃത്തരംഗത്തേയ്ക്ക് കളിയോഗത്തില്‍ നിന്നും ചുവടു മാറേണ്ടി വന്നു. പുതിയ പാഠഭാഗങ്ങള്‍ ശീലിച്ച് പുതിയ ശിഷ്യന്മാരെ വാര്‍ത്തെടുക്കാനും ആശാനുകഴിഞ്ഞു. മനസ്സിനുപോലും വിഷമതപടര്ത്തിയിരുന്ന ആ കാലം കഴിഞ്ഞ് പുതിയ സൂര്യോദയം വന്നപ്പോള്‍ കഥകളി തന്നെയാണ് തനിക്കുള്ള വേദിയെന്ന് ആശാന് തിരിച്ചറിഞ്ഞു. ഇന്ന് ക്യാപ്സ്യൂള്‍ കഥകളിയാണ് എവിടേയും. മുഴുനീളന്‍ രാവ് ആടിത്തളര്‍ന്ന് പുലര്‍ച്ചെ അലര്‍ച്ചയും വധവുമായി കലാശിക്കുന്ന കഥകളികള്‍ കുറഞ്ഞു. അതിനൊപ്പം യുവജനോത്സവക്കാരും ചേര്‍ന്നാടാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പഠനക്കളരികളാണ് എവിടേയും.
കോഴിക്കോട് ചേലിയയില്‍ കുഞ്ഞിരാമനാശാന് ആരംഭിച്ച കഥകളി വിദ്യാലയം 34 വര്‍ഷം പിന്നിട്ടു. കേന്ദ്ര സാസ്കാരിക വകുപ്പിന്റെ ധനസഹായം ഈ സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്. 55 വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കു കീഴില്‍ കഥകളി അഭ്യസിച്ചു വരുന്നു.
വിധി തടുക്കാനാകാതെ ഒരുപാട് തളര്‍ന്നിട്ടുണ്ട് കുഞ്ഞിരാമന്. ഓര്‍മ്മവെയ്ക്കും മുമ്പെ, ഓടിനടന്നു തുടങ്ങുന്നതിനിടെ പെറ്റമ്മയെ ദൈവം വിളിച്ചു. നേര്‍പെങ്ങള്‍ അമ്മയുടെ സ്നേഹം പകര്‍ന്നു വളര്‍ത്തി. അവിടെ നിന്നുമാണ് ലോകത്തെ കണ്ടത് പുരാണങ്ങള്‍ അറിഞ്ഞത്. ജീവിതം പലസമയത്തും വിലങ്ങുതടിയായി നിന്നു. അവിടെയൊന്നും തളരാന്‍ ഈയാശാന് തുനിഞ്ഞില്ല. ഒട്ടേറെ കഥാപാത്രങ്ങളെ അറിഞ്ഞാടിയതില് നിന്നും പഠിക്കാനും പകര്‍ത്താനും ധാരാളമുണ്ടായിരുന്നു. തലവര മായാതെ നിന്നതും കരനിറഞ്ഞൊഴുകുന്ന കാലവര്‍ഷം കണക്കെ മനസ്സു നിറഞ്ഞത് അനവധി തവണ. തടുക്കാനാവാത്ത അനുഭവങ്ങള്‍ ആശാനു നേരിട്ടു.
ഒന്നിച്ചുള്ള ജിവിതം അധികകാലമുണ്ടായില്ലെങ്കിലും ഉള്ളകാലത്തെ സന്തോഷം പെട്ടെന്ന് അസ്തമിച്ചുപോയത് നോക്കി നില്ക്കാനെ ആശാനു കഴിഞ്ഞുള്ളൂ. വിധിയാണ് എന്നു സമാധാനിക്കാം. കണ്ടുകൊതി തീരുംമുമ്പേ മറഞ്ഞ പെണ്‍കുഞ്ഞ്. അതിന്റേ വേദനയാല്‍ താളം തെറ്റിയ മനസുമായി പ്രിയതമയും. അപ്രതീക്ഷിതമായി സ്വര്ലോകത്തേയ്ക്കു ഗമിച്ചു. മകനെ നോക്കി കുറച്ചുകാലം ലക്ഷ്യമില്ലാതെയിരുന്നു. ചൊല്ലിയാടി വളര്‍ന്ന കളിയോഗത്തിന്റെ ജന്മി ഈ സംഭവങ്ങളറിഞ്ഞു. ”ഒരു കലാകാരന് വിധിയെ പഴിക്കരുത് അനുസരിക്കണം”. വന്ന വഴിക്ക് അതെല്ലാം തിരികെ പോകുമെന്ന ജന്മിയുടെ കുറിപ്പും വായിച്ച് മൂന്നു നാളിരുന്നു. കലാശങ്ങളുടെ ലോകത്തേയ്ക്ക് വിശാലമനസുമായി ആശാന് പ്രവേശിച്ചു. തിരനോട്ടങ്ങളാലും ഇടക്കലാശവും അലര്‍ച്ചയും പകര്ച്ചയുമായും രംഗങ്ങളില്‍ ആടിത്തകര്‍ത്തു.
എല്ലാ കഥയിലേയും കൃഷ്ണ വേഷങ്ങള്‍ ആശാനെ സ്വാധീനിച്ചിട്ടുണ്ട്. അത് ആസ്വാദകരെ തൃപ്തിപ്പെടുത്തും വിധം കലാശങ്ങളും ചുഴിപ്പുകളും ഏറെ പ്രത്യേകതകളുമായി അരങ്ങില്‍ നിറച്ചു. മേപ്പയ്യൂര്‍ ബാലന്, ചിത്രാവാര്യര്, ബാലകൃഷ്ണന്, തലശ്ശേരി വത്സന്, കൊയിലാണ്ടി പ്രേംകുമാര്‍, ഭാസ്കരന് എന്നിവര്‍ ശിഷ്യഗണത്തില്‍ ചിലരാണ്. പുതുതലമുറയിലെ ആദര്‍ശ്, ജഗദി ദിനേശ്, പ്രിയ ലക്ഷ്മി, അശ്വതി, സിനി, സീമ, നളിനി തുടങ്ങിയവര്‍ അഭ്യസിച്ചുവരുന്നു. ചേലിയ കഥകളി വിദ്യാലയത്തില്‍ ഇപ്പോഴും ശിഷ്യര്‍ക്ക് ചൊല്ലിയാട്ടം പകര്‍ന്ന് കളരിയില്‍ സജീവമാണ്. കാഴ്ചയ്ക്ക് അല്പം പ്രശ്നമുണ്ടെങ്കിലും പവര്ഗ്ലാസ്സുമായി അതും പരിഹരിക്കപ്പെട്ടുവരുന്നു. സാധാരാണ ഇത്തരം ആശാന്മാരുടെ കേള്‍വി ശക്തി കുറച്ചുകഴിഞ്ഞാല്‍ കുറയും കാതടപ്പിക്കുന്ന മേളത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ മുതല്‍ക്കൂട്ടാണത്. എന്നാല്‍ ഈ ആശാന് അതൊട്ടും ബാധിച്ചിട്ടില്ല. ആരോഗ്യം അരങ്ങില്‍ പ്രവര്‍ത്തിക്കുന്നതിന് പറ്റാത്തവിധം ആയില്ലെങ്കിലും അതിനെല്ലാം നിയന്ത്രണം വരുത്തി. ഒടുവില്‍ വേഷമാടിയത്. ചിദാനന്ദപുരി സ്വാമികളുടെ കുളത്തൂര്‍ ആശ്രമത്തില്‍ കിരാതം കഥയ്ക്കാണ്. പാശുപതാസ്ത്രം അര്ജുനന് നല്‍കുന്നതിനായി വരുന്ന മിനുക്കു വേഷത്തിലുള്ള മഹാദേവനായിട്ട് ഇരുന്നുകൊണ്ടാടിയാല് മതി എന്നതിനാലാണ് ആശാന് തേച്ചൊരുങ്ങിയത്.
ആരാധകരും സഹപ്രവര്‍ത്തകരും അത്ഭുതത്തോടെയാണ് നൂറ്റാണ്ട് പിന്നിടാന്‍ പോകുന്ന ആശാനെ നോക്കി കാണുന്നത്. മാഹാരാജക്കന്മാരുടേയും നാടുവാഴികളുടേയും കാലം നിലനില്‍ക്കേ ഇംഗ്ലീഷുകാരുടെ പടപ്പുറപ്പാടുകള്ക്കുശേഷം സ്വാതന്ത്ര്യം നാട്ടില്‍ തിരനോക്കിവന്നതും കണ്ടുനിന്നു. കഥകളി രംഗത്തിന്റെ ഉയര്‍ച്ചയും താഴ്ചയും വലുപ്പവും വികാസവും സ്തോഭമാറ്റം കൂടാതെ നോക്കി കണ്ടു. പില്ക്കാലത്ത് വന്നവരും ഒന്നിച്ച് ചൊല്ലിയാടിയവരും പറഞ്ഞുതന്നു വളര്‍ത്തിയ ഗുരുപരമ്പര അരങ്ങൊഴിഞ്ഞത് മനസ്സില്‍ ഉള്‍ക്കൊണ്ടും ചേമഞ്ചേരി തന്റേടത്തോടെയാടി.
സഹോദരി പുത്രനൊപ്പം കോഴിക്കോട് താമസിക്കുന്ന ആശാന് ചിട്ടയാര്‍ന്ന ജീവിതം കൊണ്ട് ജീവിതം ആസ്വദിക്കുകയാണ്. വരുന്ന രാമായണമാസത്തില്‍ ഒരുവേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ് ആശാന്. കേരളകലാമണ്ഡലത്തിന്റെ വിവിധ പുരസ്കാരങ്ങള്‍, കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ പ്രഥമ പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, കലാമണഡലം കൃഷ്ണന് നായര്‍ പുരസ്കാരം തുടങ്ങി നൂറുകണക്കിനാദരവുകള് ഈ പുണ്യാത്മാവിനു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും യാത്രകള്‍ക്കുവേണ്ടി ആശാന് സമയം കണ്ടെത്തുന്നുണ്ട്. ഉദ്ഘാടനം യോഗങ്ങള്‍ മനസിന് സന്തോഷം പകരുന്ന ധാരാളം അവസരങ്ങള്‍ ധന്യമായ ആ ജീവിതത്തെ പ്രണമിക്കുവാന് വേണ്ടി പിറന്നാള്‍ ആഘോഷത്തിന് കോഴിക്കോട് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: