അടിയന്തരാവസ്ഥാകാലം. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ എന്‍സിസി സംഘടിപ്പിപ്പിച്ച യോഗത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പ്രസംഗം സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു. സ്വാതന്ത്ര്യം എന്ന വാക്ക് ഏറ്റവും അശ്ലീലമായ ഒരു കാലം. ഫാസിസത്തിന്റെ കുട്ടിപ്പട്ടാളം പ്രാസംഗികനെ നേരിട്ടു. നേരിടാന്‍ വരുന്നവര്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഇടത് കണ്ണിന് നേരിയ കാഴ്ച മാത്രമുള്ള ആ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടെ ഉള്‍ക്കാഴ്ചയുള്ള വാക്കുകളുടെ മൂര്‍ച്ച സഹിക്കാനാകാതെ ഇന്ദിരയുടെ ഭക്തസംഘം വിദ്യാര്‍ത്ഥിയെ നേരിട്ടു. എന്നും മാറ്റങ്ങള്‍ക്ക് വേണ്ടി കൊതിച്ച ബാലന് പൂതേരിയുടെ പോരാട്ട ജീവിതത്തില്‍ ഇത് ഒരു സംഭവം മാത്രം. രണ്ടു കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട്, ജീവിതത്തില്‍ കൂടെയുള്ള സഹധര്‍മ്മിണിക്ക് അര്‍ബുദം പിടിപെട്ട്….. ദുരന്തങ്ങള്‍ ഒരു ഘോഷയാത്രപോലെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടും ആത്മ ധൈര്യത്തിന്റെ കരുത്തില്‍ പോരാട്ടം തുടരുകയാണ് അറുപതിലെത്തിയ ബാലന് പൂതേരി. ഇടറിവീണേക്കാവുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ പൊരുതി മുന്നേറിയ ഈ സാധാരണക്കാരന് അസാധാരണനാവുന്നത് തന്റെ കര്‍മ്മ വീര്യം കൊണ്ടാണ്.
ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാതെ, 176 പുസ്തകങ്ങള്‍ എഴുതി കണ്ണുള്ളവരുടെയടക്കം ഉള്ളം തുറപ്പിക്കുന്ന ബാലന് പൂതേരിക്ക് 2015 ജൂലൈ 10ലെ അശ്വതി നക്ഷത്രത്തില്‍ അറുപത് തികയുന്നു. എഴുത്തിലൂടെ ആയിരങ്ങള്‍ക്ക് ഗുരുവും വഴികാട്ടിയുമായി മാറിയ എഴുത്തുകാരന് ആരാധകര്‍ ഷഷ്ടിപൂര്‍ത്തി മംഗളങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. മലയാളിയുടെ ആഗോള തലക്കനത്തിന്റെ റേറ്റിങ്ങില്‍ ബാലന് പൂതേരി ഉള്‍പ്പെട്ടില്ലെങ്കിലും, എഴുത്തു തമ്പുരാക്കന്മാരുടെ പന്തിഭോജനത്തില്‍ നിന്ന് അയിത്തം കല്‍പ്പിച്ച് മാറ്റിനിര്ത്തുകയാണെങ്കിലും, ആയിരങ്ങളുടെ മനസ്സില്‍ ബാലന്റെ അക്ഷര വെളിച്ചം ജ്വലിച്ചുനില്ക്കുന്നുണ്ട്. വര്‍ത്തമാനവും പശ്ചാത്തലവും പ്രതികൂലമായിട്ടുപോലും ബാലന് മുന്നേറിയത് ഈശ്വരവിശ്വാസത്തിന്റെ ദിവ്യകരം ഗ്രഹിച്ചുകൊണ്ടായിരുന്നു. 1955 ല്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പിന്നാക്ക ഗ്രാമത്തില്‍ പൂതേരി ചാഞ്ചുകുട്ടിയുടെയും കുട്ടി അമ്മ എന്ന മാണിയമ്മയുടെയും മകനായി ജനനം. പെരുവള്ളൂര്‍ യു പി സ്കൂളിലും കൊണ്ടോട്ടി ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം, തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ഇസ്ലാമിക് ഹിസ്റ്ററി ഇഷ്ടവിഷയമായി പ്രീഡിഗ്രിക്ക് ചേര്‍ന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇടത് കണ്ണിന് നേരിയ കാഴ്ച മാത്രം. സ്റ്റൂഡന്റ്സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തനം ഏറ്റെടുത്തു. കൊണ്ടോട്ടിയില്‍ നിന്ന് തിരൂരങ്ങാടി വഴി ബസ്റൂട്ട് അനുവദിക്കാന്‍ അധികൃതരുടെ പിന്നാലെ നടന്ന സാമൂഹിക ഇടപെടലിലൂടെ സമ്പന്നമായ പൂര്‍വകാലം. പ്രക്ഷോഭവും.
എംഎ ഹിസ്റ്ററിക്ക് പഠിച്ചുകൊണ്ടിരിക്കേ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയ പ്രവര്ത്തനത്തിനിറങ്ങിത്തിരിച്ചു. കരമുണ്ടും തോള് സഞ്ചിയുമായി ഊരുചുറ്റുന്ന യുവദേശികന് വീട്ടിലെത്തുന്നത് രണ്ടാഴ്ചയിലൊരിക്കല്‍. അധികാരവും വരുമാനവും ഇല്ലാത്ത ഉടുമുണ്ടിന് മറുമുണ്ടില്ലാത്ത യഥാര്‍ത്ഥ ജനസേവകന്്. ഇരുപത് വര്‍ഷത്തെ മുഴുവന്‍ സമയം പൊതുപ്രവര്ത്തത്തിനിടയില് പ്രവര്‍ത്തിച്ച മേഖലകളില്‍ ആയിരങ്ങളുമായി ദൃഢപ്പെട്ട വ്യക്തിബന്ധം. സാക്ഷരതാപ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയോജന വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളുടെ സൂപ്പര്‍വൈസറായും അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന കാന്‍ഫെഡിന്റെ സജീവാംഗമായും മദ്യ നിരോധന സമിതിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1983 ല്‍ പുസ്തക രചനാ രംഗത്ത് പ്രവേശിച്ച് 2015 ആകുമ്പോഴേക്കും നൂറ്റി എഴുപതിലധികം പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു. പുരാണം, ചരിത്രം, ജീവചരിത്രം, ക്ഷേത്രസംബന്ധിയായുള്ളവ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ വീര വിപ്ലവനായകന്മാര് എന്നിവ വിഷയീഭവിച്ചു. നിരവധി പുസ്തകങ്ങള്‍ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. നൂറോളം പുരസ്കാരങ്ങളും ബാലനെ തേടിവന്നു.
കാഴ്ചയില്ലാതെ സമൂഹത്തില്‍ ഇറങ്ങി നടന്ന ബാലനെ ആരും അന്ധനെന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചില്ല. അന്ധത ബാലനെ പരിമിതികളുടെ പരിധിയില്‍ തളച്ചതുമില്ല. കന്യാകുമാരി മുതല്‍ കാശി വരെയും ദ്വാരക മുതല്‍ താജ്മഹല്‍ വരെയും ഇദ്ദേഹം ഒന്നിലധികം തവണ ഭാരതപരിക്രമണം നടത്തി.
യാത്രകളും യാത്രാനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവ വിവരണങ്ങളും കുറിച്ചിടുമ്പോള്‍ ബാലന്റെയുള്ളിലെ ഇരുണ്ട ആകാശത്ത് ആയിരം നക്ഷത്രങ്ങള്‍ പൂത്തുലയും. അക്ഷരങ്ങളെ അഗ്നി വിശുദ്ധിവരുത്തി സല്കഥകളായി വായനക്കാരനിലേക്ക്. കലിയുഗ ദുഃഖങ്ങളില്‍ നിന്നു അനുവാചകന് മോചനം നേടാന്‍ ഇതുപകരിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന കത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വിശിഷ്ട മന്ത്രങ്ങള്‍, സ്തോത്രങ്ങള്‍, കീര്‍ത്തനങ്ങള്‍,ഭജനാവലി ഭക്തിയുടെ പാരമ്യം പ്രാപിക്കുന്ന ഭാഗവത പുരാണങ്ങളുടെയുമെല്ലാം ലളിതാഖ്യാനങ്ങള് വായനക്കാരന്റെ ഉള്ളം കുളിര്പ്പിക്കുന്നവയാണെന്ന് പണ്ഡിതശ്രേഷ്ഠന്മാര് പോലും പറഞ്ഞുവെക്കുന്നു.
നാല്പത്തിയഞ്ചാമത്തെ വയസ്സില്‍ ഇടതു കണ്ണിന്റെ ഭാഗിക കാഴ്ച കൂടി നഷ്ടപ്പെടുമ്പോള്‍ ബാലന് അറുപത്തിയഞ്ച് പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. പൂര്‍ണമായ അന്ധതയില്‍ നിന്നും പിന്നീട് പിറന്നതാകട്ടെ നൂറിലധികം രചനകള്‍. സ്വന്തം ചെലവില്‍ ഇവ അച്ചടിച്ച് വില്‍പ്പന നടത്തി ഉപജീവനംതേടിയ ഈ കഠിനാദ്ധ്വാനിയെ ഒരു എഴുത്തുതൊഴിലാളിയായി കാണാനുള്ള ശ്രമമുണ്ടായോ?
അംഗപരിമിതരിലെ അതുല്യ പ്രതിഭകളെ കണ്ടെത്തേണ്ടവര്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് വിവരം നല്കേണ്ടവര് ഇവരാരും ബാലന്റെ വഴി ഇതുവരെ കണ്ടതായി നടിച്ചിട്ടില്ല.
പ്രാര്‍ത്ഥനക്ക് ഫലമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ബാലന് ഭക്തിയുടെ പാരമ്യത്തില്‍ ദിവസങ്ങളോളം ഉപവാസമിരുന്ന് അഗ്നിശുദ്ധി കൈവരിക്കുന്നു. അര്‍ബുദം പിടികൂടിയ ഭാര്യയെ രക്ഷിച്ചെടുക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം ഈശ്വരപ്രാര്‍ത്ഥനയും ഉപവാസവും തന്നെയാണ് ബാലനാശ്രയിക്കുന്നത്.
ഇഛാശക്തിയുടെ ബലത്തില്‍ ഇദ്ദേഹം നടന്നുകയറിയ അക്ഷര ഗോപുരത്തിന് ഹിമാലയത്തേക്കാള്‍ ഉയരമുണ്ട്. വിധിയോട് പൊരുതി ജയിച്ചവരുടെ ജീവിത സന്ദേശമാണ് നിഷ്ക്രിയത മുറ്റിയ ലോകത്തിന് കര്‍മ്മ ചൈതന്യം പകര്‍ന്ന് നല്‍കുന്നതും അവരെ വിശ്വവിജയികളാക്കുന്നതും. കൃത്രിമക്കാലുമായി നടന്നുകയറി എവറസ്റ്റില്‍ മുത്തമിട്ട അരുണിമ സിന്‍ഹയുടെയും ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടും ദൃഢനിശ്ചയത്താല്‍ അത്ലാന്റിക്കിന് മുകളിലൂടെ വിമാനം പറത്തി, ആത്മവിശ്വാസം ഉണ്ടെങ്കില്‍ ആകാശങ്ങള്‍ കീഴടക്കാമെന്ന് തെളിയിച്ച ജസീക്ക എന്ന പെണ്‍കുട്ടിയുടെയും മാതൃകയിലുള്ള വിജയഗാഥയാണ് മുപ്പത്തിരണ്ട് വര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ട് ബാലന് പൂതേരി എഴുതിത്തീര്‍ത്തിരിക്കുന്നത്. സ്നേഹിതരും ആരാധകരുടെയും പുറത്തുള്ളവര്‍ ഈ അത്ഭുതത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍….
വിധിയുടെ തിരിച്ചടികളേറ്റ് സ്വയം ഇരുട്ടിനെ വരിക്കുന്നവരുടെ ഇടയില്‍ നിന്നു തന്നെയാണ് ഇരുട്ടിനെ വകഞ്ഞുമാറ്റി ബാലന് പൂതേരി എന്ന വെളിച്ചം നമ്മളിലേക്ക് നിറയുന്നത്. ഒരു ഗ്രാമം മുഴുവന്‍ ജൂലൈ 10ന് ഈ വെളിച്ചത്തിന് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: