സപ്തസ്വരങ്ങളെ കൊട്ടിയുണര്‍ത്തുന്ന ഇടയ്ക്ക വിദ്വാന്. തുകല്‍ വാദ്യത്തില്‍ സ്വരങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്ന ഏക വാദ്യോപകരണമായ ഇടയ്ക്കയില്‍ കച്ചേരി നടത്തി ഇതിഹാസം രചിക്കുകയാണ് പല്ലാവൂരിന്റെ വത്സല ശിഷ്യന് പ്രകാശന് പഴമ്പാലക്കോട്. വാദ്യകലയുടെ കുലപതിയായ പല്ലാവൂര്‍ അപ്പുമാരാര്‍ സ്ഫുടം ചെയ്തെടുത്ത പ്രതിഭ.
ഒന്‍പതാം വയസ്സില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ച പ്രകാശന് അതേവര്‍ഷം തിമിലയിലും ഇടയ്ക്കയിലും താളമിട്ടു. പല്ലാവൂരിന് ശേഷം ഇടയ്ക്കയില്‍ കച്ചേരി നടത്തുന്ന ഏക വാദ്യോപാസകനും പ്രകാശന് പഴമ്പാലക്കോട് മാത്രം. ക്ഷേത്ര വാദ്യകലയെ ഓണ്‍ലൈനിലൂടെ വിദേശമലയാളികളെ പഠിപ്പിച്ച് ചരിത്രം രചിച്ച പ്രകാശന് പഴമ്പാലക്കോട് മേളപ്പെരുമയുടെ നാല്പതുവര്ഷം പിന്നിടുകയാണ്.
പാലക്കാട് ചിറ്റൂര്‍ തത്തമംഗലം മാരാത്തുവീട്ടില്‍ രാഘവ മാരാര്‍- ലക്ഷ്മിക്കുട്ടി അമ്മ ദമ്പതികളുടെ നാലുമക്കളില്‍ ഇളയമകനാണ് പ്രകാശന്. പ്രകാശന്റെ ബാല്യത്തില്‍ തന്നെ അച്ഛന് ഉപേക്ഷിച്ചു പോയി. പിന്നീട് പല്ലാവൂര്‍ അപ്പുമാരാരാണ് പ്രകാശന് അച്ഛന്റെ വാത്സല്യവും ഗുരുവിന്റെ ശിക്ഷണവും നല്കി വളര്‍ത്തിയത്. വായ്മൊഴിയും കൊട്ടുവടിയും കൊണ്ട് ശീലിച്ചെടുക്കുന്ന വാദ്യകലയെ തലമുറകള്‍ക്ക് കൈമാറാന്‍ പ്രകാശനിലൂടെ സാധിക്കുമെന്ന് പല്ലാവൂര്‍ മനസ്സിലാക്കി. ഈശ്വരന്റെ വരപ്രസാദമായി തനിക്കു ലഭിച്ച സിദ്ധി പ്രകാശന് പകരുവാന്‍ അദ്ദേഹം അല്പംപോലും പിശുക്ക് കാണിച്ചില്ല. കാലം സമ്മാനിച്ച തഴക്കവും വാദ്യമേളത്തിലെ പുത്തന്‍ ആശയങ്ങളും പ്രകാശനെ പല്ലാവൂരിനൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന തുകല്‍വാദ്യക്കാരനാക്കി.
1975 ല്‍ തത്തമംഗലത്തെ ശ്രീമന്ദത്ത് ഭഗവതിക്ഷേത്രത്തില്‍ തായമ്പകയുടെ താളവിസ്മയം പകര്‍ന്ന് വാദ്യകലയുടെ ശ്രീലകത്തെത്തിയ പ്രകാശന് പഴമ്പാലക്കോട് തൃശൂര്‍പൂരമുള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാലംകൊട്ടിപ്പാടി. ഏഴുഭൂഖണ്ഡങ്ങളിലായി എണ്ണമറ്റ ശിഷ്യഗണങ്ങള്‍, ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വാദ്യകലയില്‍ പരിശീലനം, ശ്രീചിത്രാഹോമിലെ അനാഥബാല്യങ്ങള്‍ക്ക് ചെണ്ടയിലും ഇടയ്ക്കയിലും വാദ്യകലാപഠനം ഇങ്ങനെ പ്രകാശന് വേറിട്ട വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിന്റെ തനതായ വാദ്യകലയെ ഭാരതം മുഴുവന്‍ പ്രചരിപ്പിക്കുവാന്‍ ഭാരത പര്യടനത്തിനൊരുങ്ങുകയാണ് ഈ വാദ്യകുലപതി. നവംബര്‍ 15ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് കാശ്മീരം വരെ നടത്തുന്ന ഭാരത പര്യടനം. ഭാഷകള്‍ക്കും വേഷങ്ങള്‍ക്കും വര്‍ണ്ണങ്ങള്‍ക്കുമപ്പുറം മഹത്തായ കേരളത്തിന്റെ വാദ്യ പെരുമയെ ഉലകം ചുറ്റി പരിചയപ്പെടുത്താനൊരു ഉദ്യമം.
മധുര, മൈസൂര്‍, ബാംഗ്ലൂര്‍, ഗോവ, മുംബൈ, സോമനാഥ്, ദ്വാരക, ഗാന്ധിനഗര്‍, മദ്ധ്യപ്രദേശ്, മഥുര, ദില്ലി, പഞ്ചാബ് വഴി കാശ്മീരിലെത്തുന്ന പ്രകാശന്റെ വാദ്യസംഘം 35 ദിവസം കൊണ്ട് ഭാരത പര്യടനം പൂര്‍ത്തിയാക്കും. 45 പ്രമുഖ വേദികളില്‍ ഇടയ്ക്കയും, ചെണ്ടയും, തിമിലയുമടക്കുള്ള തുകല്‍ വാദ്യങ്ങളുടെ സംഗീതം കേള്‍പ്പിക്കും. 25000 കിലോമീറ്റര്‍ സഞ്ചരിച്ച് സംഗീത സപര്യപൂര്‍ത്തീകരിച്ച് ഡിസംബര്‍ 20ന് പ്രകാശനും സംഘവും തിരുവനന്തപുരത്ത് തിരിച്ചെത്തും. യാത്രയില്‍ ഒരുകോടി ജനങ്ങള്‍ക്ക് വാദ്യമേളങ്ങളുടെ ശ്രവ്യാനുഭൂതി സമ്മാനിക്കും. സംസ്കൃതഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനക്കുറിപ്പിന് യാത്രയിലുടനീളം ഒപ്പുശേഖരണവും നടത്തുമെന്ന് പ്രകാശന് പറയുന്നു. 35ലക്ഷം രൂപ ചെലവിട്ടാണ് രണ്ട് വാഹനങ്ങളിലായി വാദ്യകലാസംഘത്തിന്റെ പര്യടനത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
പഞ്ചവാദ്യം, ചെണ്ട, തായമ്പക, കേളി, സോപാനസംഗീതം എന്നിവയില്‍ കഴിവു തെളിയിച്ച 25 കലാകാരന്മാര് സംഘത്തിലുണ്ടാവും. പൈതൃക സമ്പത്തായി കരുതിവയ്ക്കേണ്ട വാദ്യകലയെ കേരളം അര്‍ഹിക്കുന്ന പരിഗണന നല്കി സംരക്ഷിക്കുന്നില്ലെന്ന പരിഭവം പ്രകാശനുണ്ട്. അന്താരാഷ്ട്ര വാദ്യകലാ അക്കാദമിയും മ്യൂസിയവും സ്ഥാപിക്കണമെന്നത് പ്രകാശന് പഴമ്പാലക്കോടിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അത് തന്റെ പ്രിയഗുരു പല്ലാവൂരിന്റെ പേരിലാവണമെന്നത് മറ്റൊരുമോഹം.
തുകല്‍ വാദ്യങ്ങള്‍ പഴയ തനിമയോടെ ലഭിക്കുന്നില്ലെന്നത് കലാകാരന്മാര് നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. നിലവാരമില്ലാത്ത തോലുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന വാദ്യോപകരണങ്ങളില്‍ കൊട്ടിപ്പാടുമ്പോള്‍ താളത്തിന് ശുദ്ധിയുണ്ടാവില്ലെന്ന് പ്രകാശന് പറയുന്നു. ക്ഷേത്ര മതിലകത്ത് ശംഖനാദം കേട്ടുനില്ക്കുന്ന ദേവവൃക്ഷത്തിന്റെ കൊമ്പോ, വേരോ എടുത്തുവേണം ഇടയ്ക്ക നിര്‍മ്മിക്കാനെന്നതാണ് വിധി. ഈ ശാസ്ത്ര വിധികളൊന്നും ഇന്ന് പാലിക്കപ്പെടാറില്ല.
ദേവ വൃക്ഷത്തിനു പകരം കാട്ടുതടിയും ഫൈബറും ഉപയോഗിച്ചാണ് ഇടയ്ക്ക ഉണ്ടാക്കുന്നത്. സപ്തസ്വരങ്ങളെ തട്ടിയുണര്‍ത്തി സോപാന സംഗീതത്തിന് അകമ്പടി വായിക്കുന്ന ഇടയ്ക്ക ദേവവാദ്യമാണ്. അത് ശാസ്ത്ര വിധിപ്രകാരം നിര്‍മ്മിച്ചാണ് ഉപയോഗിക്കേണ്ടതെന്ന് പ്രകാശന് പറയുന്നു. പല്ലാവൂര്‍ അപ്പുമാരാര്‍ ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിന്റെ കയ്യൊപ്പുള്ള ഇടയ്ക്കയാണ് പ്രകാശന് ഉപയോഗിക്കുന്നത്. ഇടം തോളില്‍ പല്ലാവൂരിന്റെ ഇടയ്ക്ക തൂക്കി വലംകൈയ്യില്‍ കോലേന്തുമ്പോള്‍ ഗുരുവിന്റെ സാന്നിധ്യവും കരുതലും താനറിയുന്നുവെന്ന് പ്രകാശന് പറയുന്നു. പിഴയ്ക്കാത്ത താളവും നിലയ്ക്കാത്ത മേളവും പല്ലാവൂരിന് സംഗീത അര്ച്ചനയാക്കി അക്ഷരകാലങ്ങള്‍ കൊട്ടിക്കയറുകയാണ് പ്രകാശന് പഴമ്പാലക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: