ദുരിതത്തില്‍ നിന്ന് കരകയറുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്നതല്ല. അരുവി അത്തരമൊരു ദുരിതമായിരുന്നു;സര്‍ക്കാരിനും പ്രതിപക്ഷത്തിനും. എന്നാല്‍ അത് കരകേറിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കുണ്ടായ ആശ്വാസത്തിന് എത്രമൂല്യമുണ്ടാവുമെന്നതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ കഴിയുന്നത്രയും ആരോപണങ്ങള്‍ ഇടതു മുന്നണി അഴിച്ചുവിട്ടു. വരാനുള്ള തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുവേളകളിലേക്ക് കരുതിവെക്കാന്‍ ഇനിയൊന്നുമില്ല. അടിയന്തരാവസ്ഥയിലെ കൊടിയ അനീതിയും ഭീകരതയും എപ്രകാരമാണോ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സുഖകരമാക്കി മാറ്റിയത് എന്നതിന്റെ നേര്‍സാക്ഷ്യമാണല്ലോ അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലവില്‍ വന്ന കോണ്‍ഗ്രസ് ഭരണം.
ആ അടിയന്തരത്തിന്റെ 40-ാം വാര്‍ഷികാചരണ വേളയില്‍ തന്നെയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പും വന്നതെന്നത് തികച്ചും യാദൃച്ഛികം; ഫലമോ തികച്ചും സംഭവ്യം.
നാട്ടിന്‍പുറത്തെ കണാരേട്ടന്മാര്ക്കും കുട്ടിരാമന്മാര്ക്കും സരിതയോ സോളാറോ, മാണിയോ എണ്ണിയാലൊടുങ്ങാത്ത അഴിമതിയോ ഒരു പ്രശ്നമല്ലെന്നതിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുന്നു. സ്വസ്ഥതയോടെ കഞ്ഞികുടിച്ചാണെങ്കിലും വീട്ടില്‍ കിടന്നുറങ്ങണം. ആര് അഴിമതി നടത്തിയാലും അവര്‍ക്ക് പ്രശ്നമില്ല. ബോംബേറ്, അടിപിടി, സംഘര്‍ഷം, ഹര്‍ത്താല്‍ തുടങ്ങിയ കലാപരിപാടികള്‍ ഇല്ലെങ്കില്‍ സുഖസ്യ ജീവിതസ്യ എന്നതാണ് ലൈന്‍. ഈ ലൈനില്‍ എന്തെങ്കിലും കൊയമാന്തരം സംഭവിച്ചാലേ അവര്‍ നേരെ എതിര്‍വശത്തേക്ക് നോക്കൂ.
അടിയന്തരാവസ്ഥയില്‍ നാം കണ്ടതെന്താണ്? സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായുവിനായി ചോരയും നീരുമുള്ളവര്‍ മരണം വരിക്കാന്‍ പോലും തയാറായി. എന്നാല്‍ കണാരേട്ട, കുട്ടിരാമന്‍മാര്‍ക്ക് അതൊന്നും ബാധകമേ അല്ലായിരുന്നു. ഫലം എന്തായിരുന്നുവെന്ന് നടേ സൂചിപ്പിച്ചു.
അരുവിക്കരയുടെ മണ്ണിലും സംഭവിച്ചത് ഒരര്‍ത്ഥത്തില്‍ അതാണ്. സരിതയുടെ സാരിത്തുമ്പും മാണിയുടെ പണപ്പെട്ടിയും അവിടെ വിഷയമല്ലാതായി. അതേസമയം വ്യക്തിഗുണവും സംശുദ്ധരാഷ്ട്രീയവും നൈര്‍മല്യമുള്ള പ്രവര്‍ത്തനവും അവിടെ ശോഭിച്ചു. ഒ. രാജഗോപാലിന്റെ സ്ഥാനാര്ത്ഥിപ്പെട്ടിയില് ബിജെപിക്കുവേണ്ടി വോട്ടുമഴ തന്നെയുണ്ടായി. ഇതില്‍ അത്ഭുതപ്പെടുന്നവരും ഭീഷണികാണുന്നവരും ഒരു കാര്യത്തില്‍ ഒറ്റക്കെട്ട്.
സിപിഎമ്മിന്റെ സൃഗാലതന്ത്രം ഇനി വിലപ്പോവില്ല. മാറിച്ചിന്തിക്കുന്നു വോട്ടര്‍മാര്‍. എന്നാല്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍ വോട്ടുചോര്‍ച്ചയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. സ്വന്തം വാക്കും നോക്കും തന്നെയാണ് അവര്‍ക്ക് വിനയായതെന്ന് അറിയുന്നില്ല. ഒറ്റവരിയില്‍ അവരുടെ ദുരന്തം വിവരിക്കുകയാണെങ്കില്‍ അതിങ്ങനെയാവാമെന്ന് തോന്നുന്നു. പരനാറിയില്‍ തുടക്കം ആറാട്ടുമുണ്ടനില്‍ ഒടുക്കം.
ലോകസഭാ തെരഞ്ഞെടുപ്പുവേളയില്‍ കണ്ണൂരിലെ ചേകവരാണ് കൊല്ലത്തുള്ളയാള്‍ പരനാറിയെന്ന് ചൂണ്ടിക്കാട്ടിയത്. ഒക്സ്ഫോര്‍ഡ് നിഘണ്ടു കാലാകാലങ്ങളില്‍ പതിപ്പ് പുതുക്കുമ്പോള്‍ പുതുവാക്കുകള്‍ അതില്‍ ഉള്‍പ്പെടുത്താറുണ്ട്. പക്ഷെ പഴയ വാക്കിന്റെ പുതിയ അര്‍ത്ഥ തലങ്ങള്‍ കൊടുക്കാറില്ല. പരനാറിക്ക് പഴയ അര്‍ത്ഥമല്ലെന്ന് ചേകവര്‍ എത്ര ആണയിട്ടിട്ടും അന്ന് കൊല്ലത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അംഗീകരിച്ചു കൊടുത്തില്ല. വേലിക്കകത്ത് സ്വച്ഛസുന്ദരമായി കഴിയുന്ന വിദ്വാന് അന്ന് ഏറെ ആഹ്ലാദിച്ചു. ഇന്നിപ്പോള്‍ അതൊക്കെ ബൂമറാങ്ങായി വരുന്നതായാണ് അനുഭവപ്പെടുന്നത്. അരുവിക്കരയിലെ എഴുന്നള്ളത്തിന് കണ്ണേറു തട്ടാതിരിക്കാനുള്ള ആറാട്ടുമുണ്ടനാണ് പഴയ കേന്ദ്രമന്ത്രിയെന്നായിരുന്നല്ലോ ആലപ്പുഴച്ചേകവരുടെ ഭാഷ്യം.
ഇവിടെ ഓര്‍ത്തുവെക്കേണ്ട ഒരു കാര്യമുണ്ട്. അടുത്ത മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയിലാണ് കണ്ണൂര്‍ ചേകവര്‍. അത് എങ്ങനെയും തടയുകയായിരുന്നു വേലിക്കകത്തെ ചേകവരുടെ ലക്ഷ്യം. ഇരു ചേകവന്മാരും വിയര്‍ത്തുപണിയെടുത്തത് പരസ്പരം തോല്‍പ്പിക്കാനായിരുന്നു എന്നതാണ് പരസ്യമായ രഹസ്യം. അരുവിക്കരയില്‍ പ്രചാരണത്തില്‍ സജീവസാന്നിദ്ധ്യമായി വേലിക്കകത്തെ ചേകവര്‍ പടവെട്ടുമ്പോള്‍ സംഗതി തകര്‍ക്കുക എന്നതിലായിരുന്നു അണ്ടര്‍ഗ്രൗണ്ട് ചേകവര്‍ ശ്രദ്ധിച്ചത്. അരുവിക്കരയിലെ തോല്‍വിയിലൂടെ സ്വന്തം അജണ്ട ജയിച്ചതിന്റെ ആഹ്ലാദം അനുഭവിച്ചു തീര്‍ത്തു ആ ചേകോര്. അങ്ങനെ സ്വയം ആറാട്ടുമുണ്ടനാകാന് വേലിക്കകത്തെ ചേകോരെ പ്രാപ്തനാക്കിയ കണ്ണൂര്‍ ചേകോര് പക്ഷെ, സ്വന്തം ശവപ്പെട്ടിക്കു തന്നെ ആണിയടിച്ചിരിക്കുകയാണ്.
അറംപറ്റല്‍ ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. മഹാകവി കുമാരനാശാന് ബോട്ടപകടത്തില്‍ മുങ്ങി മരിച്ചതിനെക്കുറിച്ച് പറയാറുണ്ട്. തന്റെ ഖണ്ഡകാവ്യത്തില്‍ അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്തതാഴുന്നു താഴുന്നു എന്നു കുറിച്ചിട്ടതാണ് പലരും ചൂണ്ടിക്കാട്ടാറുള്ളത്. ബധിരവിലാപത്തില്‍ മഹാകവി വള്ളത്തോളും ഇത്തരത്തിലൊരു പരാമര്‍ശം നടത്തുന്നുണ്ട്. കേള്‍വി ശക്തി നഷ്ടപ്പെട്ട മഹാകവിയുടെ അവസ്ഥ തന്മയത്വത്തോടെയാണ് കുറിച്ചിട്ടിരിക്കുന്നത്. നോക്കുക.
ബത കബളിതമെന്റെ കര്‍ണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ് ചമഞ്ഞൂ.
അറംപറ്റിയ വരികള്‍ ഒരു പക്ഷേ, ദൈവം എഴുതിച്ചതാവാം. ശരീരത്തില്‍ ദേഹവും ദേഹിയും ഉണ്ടെന്നല്ലോ വിവക്ഷ. ദേഹിയില്‍ ദൈവമുണ്ടെന്ന് വിശ്വാസിയും സ്വന്തം കഴിവെന്ന് അവിശ്വാസിയും വിലയിരുത്തും. അറംപറ്റിയെന്ന് നാട്ടുമ്പുറത്തെ കണാരേട്ടന്മാര് ചൂണ്ടിക്കാട്ടും, സംശയമില്ല. അങ്ങനെ അറംപറ്റലിന്റെ ആധുനിക രൂപമായി നമുക്കുവേണമെങ്കില്‍ കൊല്ലത്തെ ‘പരനാറി’ യും അരുവിക്കരയിലെ ‘ആറാട്ടുമുണ്ട’നും ചൂണ്ടിക്കാട്ടാം.
അരുവിക്കരയില്‍ ശബരിനാഥനെ വിജയിപ്പിക്കാന്‍ അണ്ടര്‍ ഗ്രൗണ്ട് പണിയെടുത്ത കണ്ണൂരിലെ ചേകോരും ടിയാനിട്ട് പണി കൊടുക്കാന്‍ ഇറങ്ങിത്തിരിച്ച വേലിക്കകത്തെ ചേകോരും സമയം കിട്ടുമ്പോള്‍ ഇതൊക്കെ ചുമ്മാ ഒന്ന് ഓര്‍ത്തുവെക്കുന്നത് നന്നാവും. വോട്ടുകച്ചവടം എന്ന സ്ഥിരം പല്ലവി സ്വന്തം പാര്‍ട്ടിയെ എങ്ങനെയാണ് വ്യാളിവിഴുങ്ങിയ അവസ്ഥയിലെത്തിച്ചതെന്ന് അപ്പോള്‍ മനസ്സിലാവും. ഏതെങ്കിലും സംഘടനയുടെ യൂണിഫോറം കോപ്പിയടിച്ചതുകൊണ്ടോ ചൂരല്‍ സേനയുണ്ടാക്കിയതുകൊണ്ടോ മനുഷ്യരുടെ മനസ്സില്‍ ഇടം കണ്ടെത്താനാവില്ല. മനസ്സിലുള്ള മസിലിനെയും ഞരമ്പിലുള്ള ധാര്‍ഷ്ട്യത്തെയും രാമേശ്വത്തു കൊണ്ടുപോയി പക്ഷിശാസ്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നിമജ്ജനം ചെയ്ത് സ്നാനം ചെയ്താല്‍ ഒരു പക്ഷെ, രക്ഷപ്പെട്ടേക്കാം. കലിയും കന്മഷവുമില്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് ടിയാന്മാരൊക്കെ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ നന്ദി, നമസ്കാരം.
അരുവിക്കര ഫലത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ എഴുതിയ മുഖപ്രസംഗത്തിലെ ചില വരികള്‍ കൂടി കണ്ടശേഷം നിര്‍ത്താം.
ചന്ദ്രിക: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ സഭ്യേതര പ്രയോഗങ്ങളുടെ നിഘണ്ടുവിലേക്ക് ആറാട്ടുമുണ്ടന് എന്ന പുതിയ പദം സംഭാവന ചെയ്തതാണ് ഒരു പക്ഷെ, ഈ തെരഞ്ഞെടുപ്പ് പ്രചാരണം ഭാവിയില്‍ ഓര്‍മ്മപ്പെടുത്തുക.
തേജസ്: സിപിഎം തങ്ങളുടെ പ്രവര്‍ത്തന രീതി സമൂലമായി മാറ്റുകയും ഇന്ത്യയില്‍ ഒരു ഇടതുപക്ഷ പ്രസ്ഥാനം ഇപ്പോള്‍ അനുവര്‍ത്തിക്കേണ്ട നിലപാട് ഉള്‍ക്കൊള്ളുകയും ചെയ്യണം. എല്ലാ മതേതര വിശ്വാസികളേയും ഉള്‍ക്കൊള്ളാനുള്ള വിശാലത കാണിക്കുകയും വേണം. ഇല്ലെങ്കില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാനാവില്ല.
ദേശാഭിമാനി: വോട്ട് തങ്ങള്‍ക്കല്ലെങ്കില്‍ ബിജെപിക്ക് ആയിക്കോട്ടെ എന്ന മട്ടില്‍ എല്‍ഡിഎഫിനെ ചെറുതാക്കി ബിജെപിക്ക് ഇല്ലാത്ത വലിപ്പം കല്‍പ്പിച്ചുകൊടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം കേരളത്തിന്റെ മതേതര ഘടനയ്ക്ക് ചെയ്യാന്‍ പോകുന്ന ദോഷം ചെറുതല്ല. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനാണെങ്കില്‍ പോലും എല്‍ഡിഎഫിനെ ചവിട്ടിത്താഴ്ത്താനാണെങ്കില് പോലും ഈ വിധത്തില്‍ ബിജെപിയെ ഉയര്‍ത്തിക്കാട്ടി കേരള രാഷ്ട്രീയത്തെ വര്‍ഗീയമായി കലുഷമാക്കിയത് ശരിയോ എന്ന് യുഡിഎഫ് നേതൃത്വം ചിന്തിക്കണം. അതിന് അവരെ പ്രേരിപ്പിക്കാന്‍ മതേതര കേരളത്തിന് ചുമതലയുണ്ട്.
സുപ്രഭാതം: ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപിയുടെ മുന്നേറ്റം ഏറിയേറിവരുന്നത് യുഡിഎഫും എല്‍ഡിഎഫും ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നത് നല്ലതായിരിക്കും.
കേരള കൗമുദി: അഹന്തയും അസഹിഷ്ണുതയും വീണ്ടുവിചാരത്തിന് വിധേയമാക്കിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന സൂചനയാണ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ബിജെപി നേടിയ വോട്ടുകള്‍ നല്‍കുന്നത്. ഒ. രാജഗോപാലിന്റെ സംശുദ്ധമായ വ്യക്തിത്വവും ബിജെപിയെ തുണച്ചുവെന്നത് ഒരു സത്യമാണ്.
മലയാള മനോരമ: പുതിയകേരളം എങ്ങനെ ചിന്തിക്കുന്നെന്നും രാഷ്ട്രീയത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും വോട്ടിംഗ് യന്ത്രത്തില്‍ അവര്‍ നല്കിയ 1.42 ലക്ഷത്തിലേറെ വോട്ടുകള്‍ സൂചന നല്കുന്നു.
മാതൃഭൂമി: ഭാവിയിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാനിടയുള്ള ആ ധ്രുവീകരണത്തെപ്പറ്റിക്കൂടി ഇടതുവലതു മുന്നണികളെ ഓര്‍മ്മിപ്പിക്കുന്നുവെന്നതാണ് അരുവിക്കര സൃഷ്ടിക്കുന്ന ഏറ്റവും വലിയ പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: