കൊടുക്കുകയും കൊള്ളുകയും ചെയ്‌ക- ഇതാണ് നിയമം. ഭാരതം സ്വയം ഉയരാന്‍ കൊതിക്കുന്നെങ്കില്‍,ഭാരതീയങ്ങളായ നിധികള്‍ വെളിയിലെടുത്തു ഭൂമുഖത്തുള്ള ജനതകളുടെ ഇടയില്‍ വിതറുക. ഒഴിച്ചുകൂടാത്ത ഒരാവശ്യമാണ്.
പകരം മറ്റുള്ളവര്‍ക്കു തരാനുള്ളതു കൈക്കൊള്ളാന്‍ ഭാരതം തയ്യാറാകണം. വികാസമാണ് ജീവിതം, ഹ്രാസം മരണവും. സ്‌നേഹമാണ് ജീവിതം, ദ്വേഷം മരണവും. അന്യവംശങ്ങളെ ദ്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ നാം മരിക്കാനും തുടങ്ങി. ജീവിതമാകുന്ന വികാസത്തിലേക്കു മടങ്ങിയില്ലെങ്കില്‍ നമ്മുടെ മരണം തടയാന്‍ ഒന്നിനും കഴിയില്ലതാനും.
അതിനാല്‍ നാം ലോകത്തുള്ള എല്ലാ ജനതകളോടും ചേര്‍ന്നു കഴിയണം. അന്ധവിശ്വാസങ്ങളുടെയും സ്വാര്‍ത്ഥത്തിന്റെയും ഭാണ്ഡങ്ങളായ നൂറുനൂറാളുകളേക്കാള്‍ വിദേശങ്ങളില്‍ സഞ്ചരിക്കുന്ന ഓരോ ഹിന്ദുവും സ്വരാജ്യത്തിനു കൂടുതല്‍ നന്മ ചെയ്യുന്നു. ആദ്യം പറഞ്ഞവരുടെ ഒരേ ഒരു ജീവിതലക്ഷ്യം വൈക്കോല്‍ക്കൂട്ടിലെ പട്ടിയുടേതാണുതാനും. പടിഞ്ഞാറന്‍ ജനതകള്‍ ഉയര്‍ത്തിയിട്ടുള്ള അത്ഭുതങ്ങളായ ജനതാജീവിതസൗധങ്ങളുടെ ദൃഢസ്തംഭങ്ങള്‍ അവരുടെ സ്വഭാവമാണ്. അത്തരക്കാരെ ധാരാളമായി ഉളവാക്കുന്നതുവരെ ഈ ശക്തിക്കോ ആ ശക്തിക്കോ എതിരായി മുറുമുറുക്കുന്നതു വെറുതെയാണുതാനും.
















