ബ്രഹ്മജ്ഞാനി നേരിട്ടു ബ്രഹ്മമായിത്തീരുന്നു എന്നാണല്ലോ. ബ്രഹ്മമായിക്കഴിഞ്ഞ ജീവന്മുക്തന് പിന്നെ നേടേണ്ടതായി ഒന്നും അവശേഷിക്കുന്നില്ല. മോക്ഷചിന്തപോലും പിന്നെ അവിടെ അവശേഷിക്കുന്നില്ല. ആ നിലയില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ കാര്യം പറയാനുമില്ലല്ലോ.
പുരുഷാര്‍ത്ഥങ്ങള്‍ നേടാനായി കര്‍മ്മരംഗത്ത് വര്‍ത്തിക്കുമ്പോഴാണ് കാമക്രോധാദിശത്രുക്കള്‍ പിടികൂടുന്നത്. ഒരു കാമവും അവശേഷിച്ചിട്ടില്ലാത്ത സ്ഥിതപ്രജ്ഞനെ കാമാദിവൈരികള്‍ പൂര്‍ണ്ണമായും വിട്ടൊഴിയും. അദ്ദേഹം സദാ പൂര്‍ണ്ണാനന്ദസ്വരൂപമായ ബ്രഹ്മമായി വിലസുന്നു.
















