ന്യൂദല്‍ഹി: മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതോടെ ജമ്മു കശ്മീരിലെ ലേയില്‍ നിന്നും ദല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പുലിവാലു പിടിച്ചു. റിജ്ജുവിന്റെ യാത്രയ്‌ക്കായി മൂന്നു യാത്രക്കാരെ ഒഴിവാക്കിയതാണ് വിവാദമായത്. സംഭവം അറിഞ്ഞതോടെ യാത്രക്കാരോട് കേന്ദ്രമന്ത്രി മാപ്പു പറഞ്ഞു. തന്റെ അറിവോടു കൂടിയല്ല ഇതെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ എയര്‍ ഇന്ത്യ സൗകര്യങ്ങള്‍ നല്‍കണമായിരുന്നെന്നും കിരണ്‍ റിജ്ജു പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമായന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍, മൂന്നംഗ കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ലേ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള വ്യോമസേന അറിയിച്ചു. യാത്രയ്‌ക്കായി വൈകിയെത്തിയ മൂന്നു പേരെ വിമാനത്തില്‍ കയറ്റിയില്ല എന്നതു മാത്രമാണെന്നും വ്യോമസേന പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സര്‍ക്കാരാണ് വിമാന ടിക്കറ്റ് തങ്ങള്‍ക്ക് നല്‍കുന്നതെന്നും സാധാരണ യാത്രക്കാരെ ഒഴിവാക്കിയാണ് ടിക്കറ്റ് നല്‍കിയതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അതനുവദിക്കില്ലായിരുന്നെന്നും കിരണ്‍ റിജ്ജു പ്രതികരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റാണെന്നും താന്‍ ഡാര്‍ജിലിങ്ങില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തായതിനാല്‍ കൃത്യമായ പ്രതികരണം നല്‍കാനാവില്ലെന്നും കിരണ്‍ റിജ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.
ജൂണ്‍ 24നാണ് സംഭവം.ജമ്മു കശ്മീരില്‍ നടന്ന സിന്ധുദര്‍ശന്‍ പരിപാടിയില്‍ പങ്കെടുത്ത് ദല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനായി കിരണ്‍ റിജ്ജുവിനു വേണ്ടി തയ്യാറാക്കി നിര്‍ത്തിയ ബിഎസ്എഫിന്റെ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പറന്നുയരാനായില്ല. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളമായ ലേ വ്യോമസേനയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
രാവിലെ 11.40 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ദല്‍ഹിയിലേക്ക് കിരണ്‍ റിജ്ജുവും ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍സിങ്ങും യാത്ര മാറ്റി. എന്നാല്‍, വിമാനം ഒരു മണിക്കൂര്‍ നേരത്തെ ആക്കിയിരുന്നു. 11 മണിയോടെ വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ യാത്രാപദ്ധതി തയ്യാറായത്. 11.10ന് വിമാനത്താവളത്തിലെത്തിയ കിരണ്‍ റിജ്ജുവും നിര്‍മ്മല്‍ സിങ്ങും വിമാനത്തില്‍ ദല്‍ഹിയിലേക്ക് പോയി. എന്നാല്‍, കിരണ്‍ റിജ്ജുവിനു വേണ്ടി വിദേശകാര്യ സര്‍വ്വീസിലെ ജി.വി. ശ്രീനിവാസ്, ഭാര്യ നീലം, മകന്‍ ധ്രുവ് ആര്യന്‍ എന്നിവരെ എയര്‍ ഇന്ത്യ ഒഴിവാക്കിയെന്നാണ് ആരോപണം ഉയര്‍ന്നത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കുവേണ്ടി ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനം ഒരു മണിക്കൂര്‍ വൈകിപ്പിച്ചെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് നിഷേധിച്ചു. കൂടെ യാത്ര ചെയ്തിരുന്നയാളുടെ വിസ സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ കാരണം വിമാനത്തില്‍ നിന്നു യാത്രക്കാരനെ തിരികെ ഇറക്കുകയായിരുന്നെന്നും തങ്ങള്‍ക്ക് വേണ്ടിയല്ല വിമാനം വൈകിയതെന്നും ഫട്‌നവിസ് പ്രതികരിച്ചു. വിഐപികള്‍ക്കുവേണ്ടി വിമാനം വൈകിയ രണ്ടു സംഭവങ്ങളെപ്പറ്റിയും പിഎംഒ വിശദീകരണം തേടിയിട്ടുണ്ട്.
















