പാട്‌ന: ബീഹാറില്‍ വ്യാജ ഡിഗ്രി നേടിയ 1400 പ്രൈമറി അധ്യാപകര്‍ രാജിവെച്ചു. സര്‍ക്കാരിന്റെ നടപടി ഭയന്നാണ് ഇവര്‍ രാജിവെച്ചതെന്ന് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അധ്യാപകര്‍ രാജിവെക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ വ്യാജ ഡിഗ്രിയുള്ള അധ്യാപകരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും നിയമനടപടികള്‍ ഒഴിവാക്കണമെങ്കില്‍ അങ്ങനെയുള്ളവര്‍ രാജിവെക്കണമെന്നും പാട്‌ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കൂട്ടമായി രാജിവെക്കുന്നത്. വ്യാജ ഡിഗ്രിയുള്ളവര്‍ ജൂലൈ എട്ടിനകം രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. മഹാജന്‍ പറഞ്ഞു.
40,000 അധ്യാപകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുവാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. രഞ്ജിത് പണ്ഡിറ്റ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എല്‍. നരസിംഹ റെഡ്ഢി, ജസ്റ്റീസ് സുധീര്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ബീഹാറില്‍ 3.5 ലക്ഷം പ്രൈമറി അധ്യാപകരാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗത്തിന്റെയും വ്യാജ ഡിഗ്രിയാണെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
















