ന്യൂദല്‍ഹി: വിദേശത്ത് സൂക്ഷിച്ചിട്ടുള്ള അനധികൃത നിക്ഷേപവും, കള്ളപ്പണവും സംബന്ധിച്ച വിവരങ്ങള്‍ സ്വമേധയാ കൈമാറുന്നതിന് സപ്തംബര്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി നല്‍കി.
ഈ സമയപരിധി പ്രയോജനപ്പെടുത്തിയാല്‍ 30 ശതമാനം നികുതിയോ, തുല്യമായ തുകയോ അടച്ച് മറ്റു നടപടികളില്‍നിന്ന് രക്ഷപ്പെടാം. നികുതിയും പിഴയും അടയ്‌ക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിക്കുമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
2016 ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന കള്ളപ്പണം തടയല്‍ ബില്‍ പ്രകാരം പിടിച്ചെടുക്കുന്ന തുകയുടെ 90 ശതമാനം പിഴയും, ഇതിന്റെ 30 ശതമാനം നികുതിയും നല്‍കണം. ക്രിമിനല്‍ നിയമ പ്രകാരം നടപടി നേരിടേണ്ടിയുംവരും. പത്ത് വര്‍ഷം വരെ തടവും ലഭിക്കാം. കഴിഞ്ഞ മെയിലാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.
















