616. ദണ്ഡനാഥാഃ – ദണ്ഡത്തിനു നാഥയായവള്‍. ‘ദണ്ഡം’ എന്ന പദം ഇവിടെ സൈന്യത്തെ കുറിക്കുന്നു. ലളിതാദേവിയുടെ ശക്തി സേനയുടെ അധിപയാകയാല്‍ വാരാഹീ ദേവിക്കു ദണ്ഡനാഥാ എന്നുപേര്.
617. സങ്കേതാഃ – സങ്കേതങ്ങള്‍ക്ക് അധീശ്വരിയായവള്‍, സാങ്കേതം സ്വരൂപമായവള്‍. സാങ്കേതം എന്ന പദത്തിന് സമ്പ്രദായം, രീതി എന്നര്‍ത്ഥം. ശാക്തേയമായ ആരാധനാ സമ്പ്രദായങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. പ്രധാനമായി ചക്രസങ്കേതം, മന്ത്രസങ്കേതം, പൂജാസങ്കേതം എന്നു മൂന്നു സങ്കേതങ്ങള്‍ ആഗമനങ്ങള്‍ വിധിക്കുന്നു. ഈ സമ്പ്രദായങ്ങള്‍ക്ക് അധീശ്വരിയാകയാല്‍ ദേവിക്കു സാങ്കേതാ എന്നു നാമം. ഓരോ സാങ്കേതവും വിശദമാക്കാന്‍ പല ഗ്രന്ഥങ്ങള്‍ വേണ്ടിവരും. അത് ഒഴിവാക്കുന്നു.
618. സമയേശ്വരിഃ – സമയത്തിനു ഈശ്വരിയായവള്‍. സമയം എന്ന പദത്തിന് സാമാന്യ വ്യവഹാരത്തില്‍ കാലം എന്നര്‍ത്ഥം. കാലത്തിനതീതവും കാലത്തെ നിയന്ത്രിക്കുന്നവളുമാകയാല്‍ ‘കാലീ’ (കാളീ) എന്ന് അറിയപ്പെടുന്ന ദേവി സമയേശ്വരിയാണ്.
വസിഷ്ഠന്‍, ശുക്രന്‍, സനകന്‍, സനന്ദനന്‍, സനല്‍കുമാരന്‍ എന്നീ ഋഷിമാര്‍ രചിച്ചിട്ടുള്ള ദേവീതന്ത്രങ്ങളെ പൊതുവെ കുറിക്കാന്‍ സമയം എന്ന പദം ഉപയോഗിക്കാറുണ്ട്. അവയ്‌ക്ക് ഈശ്വരി ആകയാലും സമയേശ്വരീ.
‘സമയഃ’ എന്ന പദത്തിനു ശിവന്‍ എന്നര്‍ത്ഥമുണ്ട്. സമയത്തെയാനം ചെയ്യുന്ന ശിവന്റെ ഈശ്വരിയാകയാല്‍ സമയേശ്വരി.
ദേവിയെ ആരാധിക്കുന്ന രീതിയില്‍ പ്രധാനമായ സമായചാരാ വിധികളനുസരിച്ച് ആരാധിക്കപ്പെടുന്നതിനാലും സമയേശ്വരി. മൂലാധാരം തൊട്ട് ആജ്ഞാചക്രംവരെയുള്ള ആറ് ആധാരചക്രങ്ങളിലും ദേവിയെ സങ്കല്‍പിച്ച് മാനസപൂജാവിധിപ്രകാരം പൂജിച്ച് സഹസ്രാരത്തിലെത്തിച്ച് അവിടെ വിരാജിക്കുന്ന സദാശിവചൈതന്യവുമായി യോജിപ്പിച്ച് ദേവിയെ തിരിയെ മൂലാധാരത്തിലെത്തിക്കുന്ന മാനസപൂജാക്രമമാണു സമയാചാരം. സമയാചാരവിധിപ്രകാരം പൂജിക്കപ്പെടുന്നത് ദേവിക്കു പ്രീതികരമായതിനാലും ദേവി സമയേശ്വരിയാണ്.
… തുടരും
















