ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവന്ദ് കേജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും വീണ്ടും വിവാദത്തില്‍. ആംആദ്മി പാര്‍ട്ടി ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി 520 കോടി രൂപ നീക്കിവച്ചുവെന്ന റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 24 കോടി രൂപ മാത്രം ചെലവഴിച്ച സ്ഥാനത്താണ് ഇത്തവണ 526 കോടി നീക്കിവച്ചുകൊണ്ടുള്ള എഎപി സര്‍ക്കാരിന്റെ അസാധാരണ നടപടി.
റേഡിയോയിലൂടെ അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് എഎപി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളും അത് പാലിക്കാനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
പരസ്യത്തിനായുള്ള തുക ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ സാധാരണക്കാരുടെ പാര്‍ട്ടിയുടെ അസാധാരണ നടപടി എഎപിക്ക് ആപ്പായി മാറിയിരിക്കുകയാണ്. സ്വന്തം നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനായി ഇത്രയും ഉയര്‍ന്ന തുക നീക്കി വച്ച എഎപി സര്‍ക്കാരിന്റെ നടപടി അഴിമതിയുടെ പരിധിയില്‍ വരുന്നതാണെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാന വാദം.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിമാരുടെയോ ചീഫ് ജസ്റ്റിസിന്റെയോ ചിത്രം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഈ വര്‍ഷമാദ്യം സുപ്രീം കോടതി വിധിച്ചിരുന്നു.
















