അജ്ഞാനം എന്നതിന് ഈശ്വരവിസ്മൃതിയെന്നാണര്‍ത്ഥം. ഈശ്വര സ്മരണ അവിരാമമാക്കണം. ബുദ്ധി വൈഭവംകൊണ്ടുമാത്രം മതിയാവുകയില്ല. ബുദ്ധിവൃത്തി ശ്രദ്ധയായുക്തമാകണം. അപ്പോള്‍ തത്വചിന്ത, ജീവിതമാര്‍ഗം മാതൃകാപരമായ ആചരണമാകും. ഈശ്വരന്റെ കാരുണ്യരസാ മൃതത്തിന് അര്‍ഹതയുണ്ടാകും. അപ്പോള്‍ ജ്ഞാനമുദിക്കും. ഗുരുവിന്റെ ഉപദേശം അത്രമാത്രം മഹത്വമാര്‍ന്നതാണ്.
ഗുരുവാക്യത്തിലെ വിജ്ഞാനം അനര്‍ഘമായ നിധിയാണ്. അതിനെ മനുഷ്യന്റെ ആന്തരിക ശത്രുക്കളും തമോമയങ്ങളുമായ ആസുരിക ശക്തികളില്‍നിന്നു സംരക്ഷിക്കണം.
അന്തര്‍സാക്ഷിയെ നിങ്ങള്‍ വിസ്മരിക്കുമ്പോള്‍ മാത്രമാണ് വികാരങ്ങള്‍ക്ക് മേല്‍ക്കോയ്‌മയുണ്ടാവുന്നത്.
അതുകൊണ്ട് സദാപി ശ്രദ്ധയോടും ജാഗരൂകതയോടുംകൂടി വര്‍ത്തിക്കുക. അന്തര്‍മണ്ഡലത്തില്‍ വിവേകമാണ് രക്ഷാപുരുഷന്‍. അഹന്തയുടെ സ്വരൂപത്തെ ബുദ്ധിപരമായി അറിഞ്ഞതുകൊണ്ട് മാത്രമായില്ല. അഹന്തയറ്റ ഒരു പാവന ജീവിതം നിങ്ങള്‍ നയിക്കണം.
ശ്രീ രമാദേവി
















