612. രത്‌നാകരാ – രത്‌നങ്ങള്‍ക്ക് ആകരമായവള്‍. രത്‌നം എന്ന പദത്തിന് രമിപ്പിക്കുന്നത്, സന്തോഷിപ്പിക്കുന്നത് എന്നര്‍ത്ഥം. ”രമയതി ഇതി രത്‌നം” (സന്തോഷിപ്പിക്കുന്നതു രത്‌നം) എന്നു നിര്‍വചനം. വിലപിടിപ്പും തിളക്കവുമുള്ള കല്ലിനെയും മുത്തിനെയും കുറിക്കാനാണ് ഈ പദം അധികമായി പ്രയോഗിക്കുന്നത്. ആകരം എന്ന പദത്തിന് ഉത്ഭവസ്ഥാനം, ഇരിപ്പിടം, ഖനി എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. രത്‌നങ്ങള്‍ക്ക് ആകരമായി ഭൂമിയെ നാമം അവതരിപ്പിക്കുന്നു. രത്‌നങ്ങള്‍ ഭൂമിയില്‍ നിന്നാണല്ലോ കിട്ടുന്നത്.
രത്‌നത്തിനു സന്തോഷിപ്പിക്കുന്നതെന്ന അര്‍ത്ഥം സ്വീകരിച്ചുകൊണ്ടും ഈ നാമത്തെ വ്യാഖ്യാനിക്കാം. ജീവാത്മാവിന് ശരീരബന്ധമുള്ളപ്പോഴേ സുഖദുഃഖങ്ങളുള്ളൂ. ഭൂമിയില്‍ ജീവിക്കുമ്പോള്‍ സന്തോഷിപ്പിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഏതു ജീവിക്കും ഉണ്ടാകും. സുഖവും സന്തോഷവുമാകുന്ന രത്‌നങ്ങള്‍ക്കു ആകരം ഭൂമിയാണ് എന്നുപറയാം.
രത്‌നാകരം എന്ന പദത്തിനു സമുദ്രം എന്നും അര്‍ത്ഥമുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ രത്‌നങ്ങളുള്ളതുകൊണ്ടാണ് ഈ അര്‍ത്ഥം. സമുദ്രമായി രൂപം പൂണ്ടവള്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം.
613. രത്‌നഗര്‍ഭാ – രത്‌നം ഉള്ളിലുള്ളത്. രത്‌നാകരാ എന്ന പദത്തിന്റെ ആശയംതന്നെയാണ് ഈ നാമവും കുറിക്കുന്നത്.
614. രത്‌നാകരപരിവൃതാ – രത്‌നാകരം എന്ന പദത്തിന് സമുദ്രം എന്ന അര്‍ത്ഥം പ്രസിദ്ധം. സമുദ്രം ഭൂമിയെ ആവരണം ചെയ്യുന്നതിനാല്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടവളായി ഭൂമിയെ സ്തുതിക്കുന്നു. 607 മുതല്‍ 614 വരെ നാമങ്ങള്‍ മൂകാംബികയെ ഭൂമിയായി സ്തുതിക്കുന്നു.
…തുടരും
















