നിങ്ങള്‍ കുതിരപ്പുറത്ത് കയറുമ്പോള്‍ അതിനെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് മനസ്സിലാക്കിയിരിക്കണം. അതുപോലെ മനസ്സെന്ന ഉപാധിയുമായി ബന്ധപ്പെട്ട് കഴിയുന്നിടത്തോളംകാലം അതിനെ നയിക്കാനും നിയന്ത്രിക്കാനും തെളിക്കാനും വശത്താക്കാനും കീഴടക്കാനുമുള്ള ശക്തിയെയാണ് ആദ്ധ്യാത്മികശക്തി എന്നുപറയുന്നത്.
നിങ്ങളുടെ ബഹുമുഖമായ കര്‍ത്തവ്യങ്ങളുടെ മദ്ധ്യത്തിലും വൈവിദ്ധ്യമാര്‍ന്ന സ്വഭാവക്കാരുമായുള്ള പെരുമാറ്റത്തിനിടയിലും എന്നുവേണ്ട ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും മനഃശാന്തി പുലര്‍ത്തുന്നതിന് നിങ്ങള്‍ക്ക് ആദ്ധ്യാത്മികശക്തി ആവശ്യമുണ്ട്.
സാധനകൊണ്ടും കര്‍ത്തവ്യനിഷ്ഠകൊണ്ടും ഈശ്വരകാരുണ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകൊണ്ടും ആ ശക്തിയെ വികസിപ്പിക്കുവിന്‍. ആരുടെ മനസ്സിനും പരുക്കോ വേദനയോ ഏല്‍പ്പിക്കരുത്. കുട്ടികള്‍ തെറ്റ് ചെയ്യുന്ന വേളയില്‍ അവരെ തിരുത്തണമെന്ന് ഇതുകൊണ്ടു അര്‍ത്ഥമാക്കരുത്.
സ്വധര്‍മ്മം പാവനമാണ്. കുട്ടികളെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ അച്ഛനനമ്മമാരുടെ ധര്‍മ്മം നിങ്ങളെ അനുശാസിക്കുന്നു. കുട്ടികള്‍ നിഷ്‌ക്കളങ്കചിത്തരാണ്. അവര്‍ ശക്തരും പൗരുഷശാലികളും ധീരോദാത്തരുമായി വളരണം. സാധനകൊണ്ട് അവരുടെ മനസ്സ് സുരക്ഷിതമാകണം. സാന്മാര്‍ഗികപരിശീലനം മുഖേന കുട്ടികളുടെ സ്വഭാവം രൂപീകരിക്കണം. അവര്‍ കുടുംബത്തിന് ഉജ്ജ്വല രത്‌നങ്ങളായും മനുഷ്യസമുദായത്തിനു മുഴുവന്‍ മാര്‍ഗ്ഗദീപമായും പ്രശോഭിക്കട്ടെ. അവര്‍ ഭൂമിദേവിയുടെ ചേവടികളില്‍ അര്‍പ്പിക്കപ്പെട്ട പൂജാമലരുകളായി ഭവിക്കണം.
പൗരുഷവും സതീത്വവും ധര്‍മ്മത്തിന്റെ രണ്ട് പ്രകടഭാവങ്ങളാണ്. പുരുഷാര്‍ത്ഥങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മനുഷ്യനെ സഹായിക്കുന്നതേതോ അതാണ് പൗരുഷം. സതീത്വമാകട്ടെ വിശുദ്ധിയിലും പതിവ്രതാസധര്‍മ്മത്തിലും അധിഷ്ഠിതമായ സ്ത്രീത്വമാണ്. വിശുദ്ധിയും ചാരിത്ര്യവും അജയ്യശക്തികളാണ്. ഈ സല്‍ഗുണങ്ങളിലൂടെ ഒരു വ്യക്തിക്ക് മനുഷ്യരാശിയുടെ ഭൂഷണമായി പരിണമിക്കാന്‍ കഴിയും.
അമ്മയില്‍ പെട്ടെന്നു ഒരു അത്യുല്‍കൃഷ്ടഭാവം ദൃശ്യമായി. മുഖഭാവത്തിന് ആകസ്മികമായ ഒരു പരിവര്‍ത്തനം സംഭവിച്ചു. ശബ്ദം ഉയര്‍ത്തി അമ്മ ഇങ്ങനെ അരുളിചെയ്തു.
പ്രബുദ്ധമായ ഒരു വംശപരമ്പര ഭാരതവിഹായസ്സില്‍ ഉദിക്കാന്‍ പോകുന്നു. ജന്മമെടുക്കാന്‍ പോകുന്ന ആ ആത്മാക്കള്‍ അത്യധികം പരിശുദ്ധരാകകൊണ്ട് അവര്‍ മാതൃഗര്‍ഭത്തില്‍ കഴിയുമ്പോള്‍പോലും ജ്ഞാനത്തിന്റെ ഹുംകാര ധ്വനി ഉയര്‍ത്തും. വിവാഹപ്രായമെത്തിയ അല്ലയോ കുട്ടികളെ നിങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷണം ആവശ്യമുണ്ട്. നിങ്ങളാണു സ്ത്രീത്വത്തിലും മാതൃത്വത്തിലും വികസിക്കാന്‍ പോകുന്ന പൂമൊട്ടുകള്‍.
ശ്രീ രമാദേവി
















