ഈശ്വരനെ എല്ലാ ഗുണങ്ങള്‍ക്കും അതീതനായിട്ടാണു നാം വര്‍ണിക്കുന്നത്. രൂപം, രസം, ഗന്ധം, സ്പര്‍ശം, ശബ്ദം എന്നിവ പഞ്ചഭൂതങ്ങള്‍ക്കുള്ള അഞ്ചുഗുണങ്ങളാണ്. ഇവയ്‌ക്കതീതനാണ് ഈശ്വരന്‍. പഞ്ചഭൂതങ്ങളില്‍ ആദ്യത്തേതായ ഭൂമിക്ക് മേല്‍ പരമാമൃഷ്ടമായ അഞ്ചുഭൂതങ്ങളുമുണ്ട്. അതുകൊണ്ടാണ് ഭൂമിക്ക് ഇത്ര ഭാരമുണ്ടായത്. ഗന്ധം ഒഴിച്ചുള്ള മറ്റു നാലു ഗുണങ്ങള്‍ മാത്രമേ രണ്ടാമത്തെ ഭൂതമായ വെള്ളത്തിനുള്ളൂ. അതുകൊണ്ട് അതിനു അത്ര ഭാരമില്ല. ഒഴുകാനുള്ള കഴിവും കൈവന്നു.
മൂന്നാമത്തെ ഭൂതമായ അഗ്നിക്കാകട്ടെ ഗന്ധവും രസവുമൊഴിച്ചുള്ള മൂന്നുഗുണങ്ങളേ ഉള്ളൂ. അതിനാല്‍ ആയാസരഹിതമായി ചലിക്കാന്‍ കഴിയുന്നു. നാലാമത്തെ ഭൂതമായ വായുവിനാകട്ടെ രൂപം, രസം, ഗന്ധം എന്നീ മൂന്നൊഴിച്ച് ബാക്കിയുള്ള രണ്ടു ഗുണങ്ങളേയുള്ളൂ. അതുകൊണ്ട് എങ്ങും വ്യാപിച്ചു കിടക്കാന്‍ കഴിയുന്നു.
ആ ശബ്ദമെന്ന അന്തിമ ഗുണംപോലുമില്ലാത്ത പരബ്രഹ്മം സര്‍വ്യാപിയും സര്‍വാന്തര്‍യാമിയുമായത് സ്വാഭാവികം തന്നെ. ഗുണങ്ങള്‍ വസ്തുക്കളെ ചില മണ്ഡലങ്ങളില്‍മാത്രം നിയന്ത്രിച്ചു നിറുത്തുന്ന ഉപാധികളാണ്. ഈശ്വരന്‍ സര്‍വവ്യാപിയും സര്‍വശക്തനുമാണെന്നു പറയുമ്പോള്‍ ഗുണങ്ങളുടെ നിയന്ത്രണത്തിന്നതീതമായ് ഒരു തത്ത്വമാണെന്നു സിദ്ധാന്തിക്കുകയാണു ചെയ്യുന്നത്.
















