ഈശ്വരനാണ് എല്ലാറ്റിനും കാരണമെങ്കില്‍ എങ്ങനെ ജീവിക്കണം എന്നും അവിടുന്ന് പറഞ്ഞുതന്നിട്ടുണ്ട്. അതാണു മഹാത്മാക്കളുടെ വചനങ്ങള്‍. അതനുസരിക്കാത്തതു മൂലമുണ്ടാകുന്ന കഷ്ടതകള്‍ക്ക് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല.
ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കാം എന്നു കാണിക്കുന്ന ഒരു പുസ്തകം കൂടി തരും. അതു വായിക്കാന്‍ മെനക്കെടാതെ സ്വന്തം ഇഷ്‌ട്രപ്രകാരം പ്രവര്‍ത്തിപ്പിച്ചാല്‍ അതു ചീത്തയാകും.
ടോണിക് ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ളതാണ്. എങ്ങനെ അതു കഴിക്കണം എന്നു ഡോക്ടര്‍ പറയുന്നതു ശ്രദ്ധിക്കാതെ ഒറ്റയടിക്കു മുഴുവനും കുടിക്കുകയാണെങ്കില്‍ ഉള്ള ആരോഗ്യംകൂടി നഷ്ടമാകും. റേഡിയോ ശരിക്കു റ്റ്യൂണ്‍ ചെയ്തില്ലെങ്കില്‍ അതില്‍നിന്നു പുറപ്പെടുന്ന ശബ്ദം കേള്‍ക്കുന്നതുതന്നെ അലര്‍ജിയായിത്തീരും. എന്നാല്‍ ശരിയായി റ്റിയൂണ്‍ ചെയ്താല്‍ അതിലെ ഓരോ പാട്ടും സന്തോഷവും സംതൃപ്തിയും പകരാം.
അതുപോലെ ജീവിതത്തിന്റെ മര്‍മ്മം അറിഞ്ഞു ജീവിക്കാത്തതുകൊണ്ടു മനുഷ്യന്‍ അസ്വസ്ഥനാകുന്നു. അപകടത്തില്‍ പതിക്കുന്നു. എന്നാല്‍ മര്‍മ്മം അറിഞ്ഞു ജീവിക്കുമ്പോള്‍ ആനന്ദം നേടുന്നു. സത്സംഗങ്ങളില്‍ക്കൂടിയോ ഗുരുകുലങ്ങളില്‍നിന്നോ ജീവിതത്തിന്റെ ശരിയായ മാര്‍ഗം മനസ്സിലാക്കാന്‍ കഴിയും.
സത്സംഗം ശ്രവിക്കുന്നതിലൂടെതന്നെ ജീവിതത്തിന്റെ പല പ്രശ്‌നങ്ങളും ഒഴിവാകും. എന്നാല്‍, അതില്‍ത്തന്നെ ജീവിക്കുന്ന ഗുരുക്കന്മാരുടെ സാമീപ്യത്തില്‍ അവരുടെ നിര്‍ദ്ദേശമനുസരിച്ച് ജീവിതം നയിച്ചാല്‍, ജീവിതം ആനന്ദം മാത്രമായിരിക്കും. ഒരിക്കലും അപകടത്തില്‍ച്ചെന്നു വീഴേണ്ടിവരില്ല. ഗുരുസാമീപ്യത്തിനോ സത്സംഗത്തിനോ അവസരം ലഭിക്കാത്തവരുടെ ജീവിതം അധോഗതിതന്നെ.
















