608. വസുന്ധരാ – വസുക്കളെ ധരിക്കുന്നവള്‍. വസു എന്ന പദത്തിനു പല അര്‍ത്ഥങ്ങളുള്ളതിനാല്‍ ധനം, സ്വര്‍ണം, രത്‌നം, അഗ്നി, ജലം, വൃദ്ധി എന്നിവ ഇവിടെ സ്വീകരിക്കാം. മനുഷ്യര്‍ ധനമായി കരുതുന്ന എല്ലാത്തിനെയും ധരിക്കുന്നതു ഭൂമിയാണ്. സ്വര്‍ണത്തെയും രത്‌നങ്ങളെയും ഭൂമി ഗര്‍ഭത്തില്‍ ധരിക്കുന്നു. മനുഷ്യര്‍ക്കു ജീവന്‍ നിലനിറുത്താന്‍ അത്യാവശ്യമായ ജലവും അഗ്നിയും ഭൂമിയില്‍ എല്ലായിടത്തുമുണ്ട്. എല്ലാത്തിനുംവേണ്ട അഭിവൃദ്ധി തരുന്നതും ഭൂമിയാണ്. ഇങ്ങനെ പലരൂപത്തില്‍ വസുക്കളെ ധരിക്കുന്നതിനാല്‍ ഭൂമിക്കു വസുന്ധരാ എന്നു നാമം.
609. ധാത്രീ – ഭൂമി. ധാത്രി എന്ന പദത്തിനു പോഷിപ്പിക്കുന്നവള്‍ എന്നര്‍ത്ഥം. അമ്മയെയും വളര്‍ത്തമ്മയെയും ധാത്രി എന്നുപറയാം. ഭൂമി നമുക്ക് അമ്മയും വളര്‍ത്തമ്മയും ആയയും ആണെന്നുപറയാം.
610. ധരിത്രീ – ധരിക്കുന്നവള്‍. ജംഗമവും സ്ഥാവരവും ജഡവും ജീവിയുമായ എല്ലാത്തിനെയും ധരിക്കുന്നവളാകയാല്‍ ഭൂമിക്ക് ധരിത്രി എന്നുപേര്.
611. വിഷ്ണുവല്ലഭാ – വിഷ്ണുവിന്റെ ഭാര്യ. വിഷ്ണു വ്യാപിക്കുന്നവനാണ്. വിഷ്ണുവല്ലഭയായ ദേവി ഭഗവാന്റെ സൃഷ്ടിശക്തിയായി ജീവി സമൂഹങ്ങളെയും അവയുടെ നിലനില്‍പ്പിനാവശ്യമായ സാഹചര്യങ്ങളെയും സൃഷ്ടിച്ചു സംരക്ഷിക്കുന്നു.
… തുടരും
















