എനിക്കിവിടെ ഒരു ജോലി ചെയ്തു തീര്‍ക്കാനുണ്ട്. ദിവ്യമായ ബ്രഹ്മാനന്ദം എല്ലാവര്‍ക്കും അനുഭവവേദ്യമാക്കിക്കൊടുക്കുക എന്ന മഹത്തായ ജോലി. ഇതാണ് ഈ അവതാരത്തിന്റെ ജോലി. എനിക്ക് ഒരു ശപഥമുണ്ട്. വഴിതെറ്റിപ്പോയ പഥികരെയെല്ലാം നന്മയുടെ വഴിയിലേക്കു നയിക്കുക. എനിക്ക് അത്യധികം ഇഷ്ടമുള്ള ഒരു ജോലിയിലാണു ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
സാധുക്കളുടെ ആധിവ്യാധികള്‍ അകറ്റി അവരുടെ അഭീഷ്ടം സാധിച്ചുകൊടുക്കുക എന്ന അഭിമാനകരമായ കര്‍മപദ്ധതി. എന്റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്ന ആരാധകരെയെല്ലാം ഞാന്‍ രക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭക്തിക്ക് എന്റേതായ ഒരു നിര്‍വചനമുണ്ട്. എന്നെ ഭക്തിപുരസ്സരം സേവിക്കുന്നവര്‍ സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും സമാനമനോഭാവത്തോടെ വീക്ഷിക്കണം. അങ്ങനെയുള്ളവരെ ഒരു നാളും ഞാന്‍ കൈവെടിയുകയില്ല
.
















