അങ്ങനെ ആര്‍ക്കും കാണാന്‍ സാധിക്കാതെ പാറപോലെ ഉറച്ചിരുന്ന് ഏകാഗ്രമായി തപസ്സു ചെയ്തിരുന്ന അഹല്യയുടെ സമീപത്തേയ്‌ക്ക് വിശ്വാമിത്രന്‍ രാമനെ കൂട്ടിക്കൊണ്ടുപോയി. ഉഗ്രമാം തപസ്സോടുമിരിക്കും ശിലാരൂപമഗ്രേ കാട്ടിക്കൊടുത്തു മുനിവരന്‍. ഞാന്‍ ശ്രീരാമന്‍ എന്നു പറഞ്ഞുകൊണ്ട് ഭഗവാന്‍ തന്റെ ശ്രീപാദാംബുജം മെല്ലെ അഹല്യയുടെമേല്‍ വച്ചു.
ആ തപസ്വിനിയുടെ സകല പാപങ്ങളും നീങ്ങി ജ്വലിക്കുന്ന തേജസ്സോടെ മെല്ലെ കണ്‍മിഴിച്ചു. താപസശ്രേഷ്ഠനായ വിശ്വാമിത്രനോടും സഹോദരന്‍ ലക്ഷ്മണനോടുംകൂടി തന്റെ ശാപനാശകരനായ ദേവന്‍ മുന്നില്‍നിന്നുകൊണ്ട് തന്നെ വണങ്ങുന്നു. കൈയില്‍ ചാപബാണങ്ങള്‍, പീതവസ്ത്രം, മാറിടത്തില്‍ ശ്രീവത്സം.
ലക്ഷ്മീദേവിയുടെ ഇരിപ്പിടമായ താമരദളംപോലത്തെ നയനങ്ങള്‍. പുഞ്ചിരിക്കുന്ന മുഖം. ഇന്ദ്രനീലകല്ലുപോലത്തെ കാര്‍വര്‍ണം, ദേവേന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ സദാ വണങ്ങുന്ന പാദാംബുജങ്ങള്‍, പത്തുദിക്കിലും നിറയുന്ന ശോഭയോടുകൂടിയ അതിമനോഹരരൂപം കണ്ടപ്പോള്‍ ഭര്‍ത്താവിന്റെ വാക്കുകള്‍ ഓര്‍മ്മവന്നു.
തീര്‍ച്ചയായും ഇത് താനിത്രയും കാലം ധ്യാനിച്ചിരുന്ന ശ്രീനാരായണന്‍ തന്നെയെന്ന് അഹല്യ തിരിച്ചറിഞ്ഞു. സംഭ്രമത്തോടെ എണീറ്റ് അര്‍ഘ്യപാദ്യാദികള്‍ കൊണ്ടു പൂജിച്ചു. സന്തോഷാശ്രുക്കളോടെ ദണ്ഡനമസ്‌കാരം ചെയ്തു. ഭക്തിയോടുകൂടി സ്തുതിക്കാന്‍ തുടങ്ങി.
..തുടരും
















