ദേശമായ ദേശങ്ങളും ആറായ ആറുകളും താണ്ടി വില്പ്പനക്കാരന് തെരുവുകള്‍ തോറും വിളിച്ചുകൂവി നടന്നു. മനുഷ്യരുടെ തിരക്കേറിയ ജീവിതയാത്രയില്‍ അയാളെ ആരും ശ്രദ്ധിച്ചില്ല. മനുഷ്യര്‍ക്ക് ഒന്നിനും സമയമില്ല. തിരക്കോട് തിരക്ക്. വില്പ്പനക്കാരന് തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. അയാളുടെ ചുമലില്‍ ഒരു ഭാണ്ഡക്കെട്ട് തൂങ്ങിക്കിടന്നിരുന്നു. ചുമലില്‍ തൂങ്ങി കിടക്കുന്ന ഭാണ്ഡക്കെട്ടുകളുമായി തെരുവുകള്‍ തോറും അലഞ്ഞു നടക്കുന്നതിനിടയില്‍ വില്പ്പനക്കാരന് വിളിച്ചു കൂവുന്നുണ്ടായിരുന്നു.
”സ്വപ്നങ്ങള്‍ വേണോ?… സ്വപ്നങ്ങള്‍ ഒരുപാട്… ഒരുപാടു നിറങ്ങളുള്ള സ്വപ്നങ്ങള്‍!!!”
ഒരു വിദ്യാര്‍ത്ഥി എതിരേ നടന്നുവരുന്നത് സ്വപ്ന വില്പ്പനക്കാരന് കണ്ടു. അവന് യുദ്ധം കഴിഞ്ഞ് തളര്‍ന്ന് വരുന്ന പടയാളിയെ ഓര്‍മ്മപ്പെടുത്തുന്നു.
കുട്ടി, നിനക്ക് സ്വപ്നങ്ങള്‍ വേണോ? സ്വപ്നങ്ങള്‍…. ഒരുപാട് നിറങ്ങളുള്ള സ്വപ്നങ്ങള്‍
”ഹെ! സ്വപ്ന വില്‍പ്പനക്കാരാ എന്റെ ചുമലില്‍ തൂങ്ങിക്കിടക്കുന്ന ഭാരം കണ്ടില്ലേ!!! ഇതു മുഴുവനും എനിക്ക് വിഴുങ്ങുവാനുള്ളതാണ്. എന്നിട്ട് ഛര്‍ദ്ദിക്കുകയും വേണം അതിനിടയില്‍ എനിക്ക് സ്വപ്നങ്ങള്‍ കാണാന്‍ സമയം കിട്ടില്ല!!!.
യുവാവേ നിനക്ക് സ്വപ്നങ്ങള്‍ വേണോ?… സ്വപ്നങ്ങള്‍. ഒരുപാടൊരുപാട് നിറങ്ങളുള്ള സ്വപ്നങ്ങള്‍!!”
”സ്വപ്നങ്ങള്‍ എനിക്കോ?” ഞാന്‍ ഒരു ജോലി തേടി അലയുകയാണ് അപ്പോള്‍ എങ്ങിനെയാണ് ഞാന്‍ സ്വപ്നത്തെ കുറിച്ച് ചിന്തിക്കുന്നത്?.
”മറുനാട്ടില്‍ നിന്നും ഇവിടെ വന്ന് ആയിരക്കണക്കിന് യുവാക്കള്‍ ജോലി ചെയ്യുന്നു. ഈ നാട്ടുകാരനായ നിങ്ങള്‍ക്ക് ജോലിയൊന്നും ആയില്ലേ!?.
”അതിന് ഞാന്‍”… യുവാവ് തന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് വിവരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ മെനക്കെടാതെ അയാളെ അടിമുടി നോക്കിയിട്ട് വില്പ്പനക്കാരന് സ്ഥലം വിട്ടു. ഉയര്‍ന്ന വിദ്യാഭ്യാസംനേടി സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചു കഴിയുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയായിരുന്നു ആ യുവാവ്. വിശപ്പും ദാഹവും സ്വപ്ന വില്‍പ്പനക്കാരനെ അലട്ടുന്നുണ്ടായിരുന്നു. അതൊന്നും വക വെയ്ക്കാതെ അയാള്‍ തന്റെ ഭാണ്ഡക്കെട്ടുമായി യാത്ര തുടര്‍ന്നു. നടന്ന് വിജനമായ വഴിയില്‍ എത്തിച്ചേര്‍ന്നു. ഒരു സുന്ദരി വരുന്നുണ്ടായിരുന്നു. അവള് നടക്കുകയാണൊ? ഓടുകയോണൊ? എന്തോ ഒന്ന് അവളെ ഭയപ്പെടുത്തുന്നുണ്ട്. തന്റെ സ്ഥിരം ചോദ്യം വില്പ്പനക്കാരന് അവളോട് ചോദിച്ചു.
‘സുന്ദരി, നിനക്ക് സ്വപ്നങ്ങള്‍ വേണോ? സ്വപ്നങ്ങള്‍…!!! ~ഒരുപാടു നിറമുള്ള സ്വപ്നങ്ങള്‍!!!’
”ഞാന്‍ എന്റെ മാനവും ജീവിനും രക്ഷിക്കാനുള്ള തത്രപ്പാടിലാണ്. അതിനിടയില്‍ സ്വപ്നങ്ങള്‍ കാണാന്‍ എനിക്ക് കഴിയില്ല!!! അവള് തന്റെ സുരക്ഷിതത്വം തേടി പായുന്നതിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. നിരാശനായ വില്പ്പനക്കാരന് സ്വപ്നങ്ങള്‍ വില്ക്കാന് ഇരകളെ തേടി നടന്നു. വഴിയോരങ്ങളില്‍ വാഹനങ്ങളുടേയും കാല്‍നടയാത്രക്കാരുടേയും തിരക്ക്.
പലരോടും സ്വപ്നങ്ങള്‍ വേണോയെന്ന് ചോദിച്ചു. അതൊന്നും കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. തിരക്കേറിയ തെരുവില്‍ നിന്നും അകന്ന് ഗ്രാമാതിര്‍ത്തിയിലുള്ള പാതയോരത്ത് എത്തിച്ചേര്‍ന്നു. ഒരു മരത്തിന്റെ ചുവട്ടില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടു. അയാളുടെ മുഖത്ത് ഏതോ ഒരു വിഷാദം നിഴലടിച്ചിരുന്നു ഒറ്റപ്പെട്ടവന്റെ വേദന ആ മനുഷ്യനില്‍ കാണാമായിരുന്നു. വില്പ്പനക്കാരന് തനിക്ക് വില്‍ക്കാനുള്ളത് അയാളുടെ മുന്നിലും അവതരിപ്പിച്ചു. സ്നേഹിത….നിങ്ങള്‍ക്ക് സ്വപ്നങ്ങള്‍ വേണോ…. സ്വപ്നങ്ങള്‍ ഒരുപാട്, ഒരുപാട് നിറങ്ങളുള്ള സ്വപ്നങ്ങള്‍.
”തരിശ്ശായി കിടന്ന കൃഷിയിടങ്ങളില്‍ വെള്ളവും വളവും നല്കി നൂറുമേനി വിളയുന്ന കൃഷിഭൂമിയാക്കി ഞാന്‍. അവസാനം അവിടെ നിന്നും ഞാന്‍ പുറത്തായി. ചിലവിട്ട ഒന്നിന്റേയും കണക്കുകള്‍ സൂക്ഷിച്ചുവച്ചിട്ടില്ലായിരുന്നു. സ്വന്തം കൃഷി ഭൂമിയില്‍ രൂപ മുടക്കുമ്പോള്‍ കണക്കുകള്‍ എഴുതി സൂക്ഷിക്കണം എന്ന് അറിയില്ലായിരുന്നു. ഒരു അഭയം തേടി അലയുകയാണ് ഞാന്‍. അങ്ങനെയുള്ള എനിക്ക് എന്തിനാ സ്വപ്നങ്ങള്‍” തലചായ്ക്കാനൊരിടം തേടി അയാള്‍ നടന്നകന്നു.
മനസ്സിനും ശരീരത്തിനും തളര്‍ച്ച ബാധിച്ചു. എവിടെയെങ്കിലും ഇരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുത്തിയിരുന്നാല്‍ സ്വപ്നങ്ങള്‍ വില്ക്കാന് പറ്റ്വോ? എപ്പോഴാണ് തന്റെ സ്വപ്നങ്ങള്‍ വില്ക്കപ്പെടുന്നതെന്നറിയില്ലല്ലോ? അയാള്‍ ഏന്തിവലിഞ്ഞു നടന്നു. വഴിയോരങ്ങളില്‍ പല കാഴ്ചകളും ഉണ്ടായിരുന്നു. പലയിനം സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. അതൊന്നും വില്പ്പനക്കാരന് ശ്രദ്ധിച്ചില്ല. ഒറ്റയടിപ്പാതയിലൂടെ നടന്നിടവേ പ്രായം ചെന്നഒരമ്മയോട് പതിവുപോലെ അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
”ഞാന്‍ കണ്ടവരുടെ വീട്ടിലെ എച്ചില് പാത്രങ്ങളും വിഴുപ്പുകളും കഴുകിയും എന്റെ മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തു. ഇപ്പോള്‍ എന്റെ സ്ഥാനം അനാഥ മന്ദിരത്തിലാണ് ഇനി എനിക്ക് എന്ത് സ്വപ്നങ്ങളാ…?. ആസ്ത്രീ കണ്ണുനീര് തുടച്ച് നടന്നു പോകുന്നത് വില്പ്പനക്കാരന് സഹതാപത്തോടെ നോക്കി നിന്നു. വില്ക്കാത്ത സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടിന്റെ ഭാരം താങ്ങി ദേശമായ ദേശങ്ങളും ആറുകളായ ആറുകളും കടന്ന് സ്വപ്ന വില്പ്പനക്കാരന് തെരുവുകള്‍ തോറും അലഞ്ഞുനടന്നു.
ഒരുനാള്‍ വില്ക്കാത്ത സ്വപ്നങ്ങള്‍ ബാക്കിവെച്ചുകൊണ്ട് സ്വപ്ന വില്‍പ്പനക്കാരന്റെ മൃതദേഹം വഴിവക്കില്‍ അനാഥമായി കിടന്നു. വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടുമെന്നു കരുതി തെരുവു നായ്ക്കള്‍ കടിച്ചു കീറിയ അയാളുടെ ഭാണ്ഡ്ക്കെട്ട് അയാളുടെ അരികിലായി ചിതറിക്കിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: