നാമസങ്കീര്‍ത്തനത്തോടുകൂടിയുള്ള നഗര പ്രദക്ഷിണം പുതിയ കാര്യമൊന്നുമല്ല. എത്രയോ കാലം മുമ്പ് ജയദേവനും ചൈതന്യമഹാപ്രഭുവും തുക്കാറാമും കബീറുമെല്ലാം ഈ പ്രസ്ഥാനത്തിലൂടെ ആന്മോന്നതിയും അന്തരീക്ഷശുദ്ധീകരണവും ഉണ്ടാക്കിയിരുന്നു. രാത്രിയുടെ അന്ത്യയാമത്തില്‍ പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പ് ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദേഹശുദ്ധിവരുത്തി ഭജനഗാനങ്ങള്‍ ഭക്തി പുരസ്സരം ആലപിച്ചുകൊണ്ട് മന്ദം മന്ദം നിരത്തുകളിലൂടെ ഒരുമിച്ചു നീങ്ങുമ്പോള്‍ ഉണ്ടാകുന്ന മനഃശാന്തി വിവരണാതീതമാണ്. അപ്പോള്‍ നിരത്തുവക്കിലുള്ള ഓരോ കവാടത്തിലും ഈശ്വരനാമങ്ങള്‍ ചെന്നുമുട്ടി വിളിക്കുന്നതായി അനുഭവപ്പെടും. അതു കേട്ടുണരുമ്പോള്‍ അവാച്യമായ ഒരാധ്യാത്മികാനുഭൂതിയായിരിക്കും
വീട്ടുകാര്‍ക്കുണ്ടാവുക.വിദേ്വഷകലുഷിതമായ മുദ്രാവാക്യങ്ങള്‍ വമിച്ച മാലിന്യം മാച്ചുകളഞ്ഞ് അന്തരീക്ഷം വിശുദ്ധമാക്കാന്‍ ആ നാമസങ്കീര്‍ത്തനങ്ങള്‍ക്കു കഴിയും. സര്‍വാന്തര്യാമിയായ ഈശ്വരന്റെ മഹിമകള്‍ കേട്ടുണരുന്ന പ്രഭാത സൂര്യന്റെ ദിവ്യദര്‍ശനം കോരിത്തരിപ്പുണ്ടാക്കുന്ന ഒരനുഭവമത്രേ. നാമസങ്കീര്‍ത്തനം നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മഹത്തരമായ ഒരു സേവനമാണ്. ഈ ജപയജ്ഞത്തിന് ആരോഗ്യവും ആനന്ദവും കൈവരുത്താനുള്ള കരുത്തുണ്ട്.
മറ്റുള്ളവര്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തെ ഈശ്വരമഹിമകള്‍ ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട് തെരുവീഥിയിലൂടെ നീങ്ങുന്നത് സ്വന്തം അഹന്ത ഇല്ലാതാക്കാനും സഹായകമാണ്. ഭജനഗാനങ്ങളുടെ സുഖലഹരിയില്‍ സ്വാര്‍ത്ഥചിന്തകളും അഹങ്കാരവും ദുരഭിമാനവുമെല്ലാം അലിഞ്ഞു പോകുന്നതായും അപ്പോള്‍ അനുഭവപ്പെടും. അങ്ങനെ ഈ നാമ സങ്കീര്‍ത്തനയാത്ര മഹത്തായ ഒരു സാധനയും ആത്മാര്‍ത്ഥമായ ഒരു ആത്മശുദ്ധീകരണ യജ്ഞവും ജനകല്യാണകാമനകൊണ്ടു വിചിത്രമായ ഒരു ഉത്തമ മനുഷ്യസേവന യത്‌നവുമാണെന്നു വന്നു കൂടുന്നു.
















