വിശ്വാമിത്രനും കുമാരന്മാരും അടുത്തദിവസം മിഥിലയിലേക്ക് യാത്ര തുടര്‍ന്നു. മാര്‍ഗമദ്ധ്യേ മനോഹരമായതും ഇക്ഷ്യാകുവംശത്തില്‍പെട്ട സുമതി എന്ന രാജാവ് ഭരിക്കുന്നതുമായ രാജ്യത്തിലെത്തി. സുമതി അവരെ യഥാവിധി സന്തോഷപൂര്‍വം സ്വീകരിച്ചു സല്‍ക്കരിച്ചു. അന്നവിടെ തങ്ങി. പ്രഭാതത്തില്‍ അവര്‍ യാത്ര തുടര്‍ന്ന് മിഥിലയിലെത്തി കണ്ട് രാമന്‍ ചോദിച്ചു ” ഈ സ്ഥലം കാഴ്ചയില്‍ ആശ്രമം പോലിരിക്കുന്നു. എന്നാല്‍ മഹര്‍ഷിമാരെ ആരെയും കാണുന്നില്ല. ഇതാരുടെ ആശ്രമാണ്?” വിശ്വാമിത്രന്‍ പറഞ്ഞു: ” ദിവ്യമായ ഈ ആശ്രമം പണ്ട് ഗൗതമ മുനിയുടേതായിരുന്നു. വലിയ യശസ്വിയായിരുന്ന അദ്ദേഹം ഭാര്യ അഹല്യയോടൊപ്പം ഇവിടെ അനേകമായിരം കൊല്ലക്കാലം തപസ്സുചെയ്തു കഴിഞ്ഞു. ” അതിനുശേഷമുണ്ടായ സംഭവങ്ങള്‍ മഹര്‍ഷി വിവരിച്ചു.
രാമായണത്തിലും മഹാഭാരതത്തിലും ഉഗ്രനായ ഗൗതമമുനിയെപറ്റി വിവരണങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ വംശാവലിയെക്കുറിച്ച് സൂചനകളില്ല. ഗൗതമന്‍ സപ്തര്‍ഷികളില്‍ ഒരാളായിരുന്നുവെന്ന് മഹാഭാരതം അനുശാസനപര്‍വ്വത്തില്‍ പറയുന്നു. ഇദ്ദേഹം ബ്രഹ്മനിഷ്ഠനായി വളരെക്കാലം തപസ്സുചെയ്തിരുന്നു. പുരുവംശത്തില്‍പെട്ട മുല്‍ഗലന്‍ എന്ന രാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മുല്‍ഗലന്‍ മക്കളുണ്ടാകാനാഗ്രഹിച്ചു വളരെക്കാലം തപസ്സു ചെയ്തിരുന്നു. സന്തുഷ്ടനായ ബ്രഹ്മാവ് ലോകത്തിലെ സൗന്ദര്യം മുഴുവനെടുത്ത് അഹല്യയെ സൃഷ്ടിച്ച് മുല്‍ഗലന് പുത്രിയായി നല്‍കി. യൗവനയുക്തയാകുമ്പോള്‍ ഗൗതമനു നല്‍കണമെന്നും കല്‍പിച്ചു. അതനുസരിച്ച് അഹല്യയെ മുല്‍ഗലന്‍ ഗൗതമനു ഭാര്യയായി നല്‍കി. അവര്‍ക്ക് ശതാനന്ദന്‍ എന്ന മഹാപണ്ഡിതനായ ഒരു പുത്രനുണ്ടായിരുന്നതായും അദ്ദേഹം ജനകന്റെ പുരോഹിതനായിരുന്നതായും വാല്‍മീകി രാമായണത്തിലുണ്ട്. ശരദ്വാന്‍, ചിരകാരി എന്നീ രണ്ടുമക്കള്‍ കൂടിയുണ്ടായിരുന്നതായി മഹാഭാരതത്തില്‍ കാണുന്നു. ജനിച്ചപ്പോള്‍ കൈയില്‍ ശരയായ അഹല്യ ഭര്‍ത്ത്യ ശുശ്രൂഷ ചെയ്ത് ഗൗതമാശ്രമത്തില്‍ വസിച്ചുവന്നു.
…. തുടരും
















