പെരുമ്പാവൂര്‍: ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് സപ്ലൈകോകളില്‍ കേരളകോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം പ്രാദേശിക നേതാക്കള്‍ അനധികൃത നിയമനം നടത്തുന്നതായി ആക്ഷേപം. സപ്ലൈകോയിലെ ചില ജീവനക്കാര്‍ തന്നെയാണ് ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. പെരുമ്പാവൂര്‍ കൂവപ്പടിയിലുള്ള സപ്ലൈകോയില്‍ അനധികൃതനിയമനം നടത്തിയതാണ് ഒടുവിലത്തെ സംഭവം. പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ഒരുനേതാവാണ് ഇത്തരം അനധികൃത നിയമനത്തിന് പിന്നിലെന്നാണ് ആക്ഷേപം.
കൂവപ്പടി സപ്ലൈകോയില്‍ നാല് ജീവനക്കാരാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്. ഒരുപാക്കിംഗ് ജോലിക്കാരിയും മൂന്ന് ദിവസവേതന ജോലിക്കാരും ഇവിടെയുണ്ട്. ഇവര്‍ക്കിടയിലേക്കാണ് മറ്റൊരാളെക്കൂടി ഇന്ന് മുതല്‍ നിയമിക്കുന്നത്. പുതിയ നിയമനത്തിന്റെ പിന്നില്‍ കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം നേതാവാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. പെരുമ്പാവൂര്‍ ഡിപ്പോയിലും ഇയാളുടെ ബന്ധുമിത്രാദികളായവരെ അനധികൃതമായി നിയമിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
കൂവപ്പടി സപ്ലൈകോയിലെ ദിവസവേതനക്കാര്‍ക്ക് 250രൂപയാണ് കൂലി ലഭിക്കുന്നത്. രാവിലെ 9.30മുതല്‍ രാത്രി 8വരെയാണ് ജോലി സമയം. ഇഎസ്ഐ, പിഎഫ് കിഴിവ് കഴിഞ്ഞാല്‍ 215രൂപയാണ് ഒരാള്‍ക്ക് ലഭിക്കുന്നത്. പുതിയ ജീവനക്കാരന് എത്തുന്നതോടെ നിലവിലുള്ളവരുടെ വേതനത്തില്‍ കുറവ് വരും.
ഒരാള്‍ക്ക് 161രൂപയായി വേതനം കുറയും. ഇതാണ് അനധികൃതനിയമനം പുറത്തറിയാന്‍ കാരണമായതെന്നും പറയുന്നുണ്ട്. പരാതിപ്പെടുന്നവര്‍ക്ക് ഭീഷണിയും ഏല്ക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ മന്ത്രിയുടെ ഓഫീസ് അറിഞ്ഞാണോയെന്നും നാട്ടില്‍ സംശയമുണ്ട്. നേതാക്കള്‍ ജോലി വാഗ്ദാനത്തിലൂടെ പണം തട്ടുന്നതായും ആക്ഷേപമുണ്ട്. സപ്ലൈകോകളില്‍ നടക്കുന്ന മുഴുവന്‍ പുതിയ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: