കൊട്ടാരക്കര: താമരക്കുടിയില്‍ ഊരാക്കുടുക്കില്‍ നിന്ന് ഊരാന്‍ സിപിഎമ്മും കോണ്‍ഗ്രസും നിക്ഷേപകരെ കബളിപ്പിക്കുന്നു. ആത്മാര്‍ത്ഥതയുണ്ടങ്കില്‍ ആഭ്യന്തരമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാരസമരം നടത്താന്‍ പാര്‍ട്ടികളെ വെല്ലുവിളിച്ച് ബിജെപി. തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തിലുള്ള നടന്ന കോടികളുടെ വെട്ടിപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിഞ്ഞുകുത്തുമെന്ന തിരിച്ചറിവാണ് പല അന്വേഷണകമ്മീഷനുകള്‍ അന്വേഷിച്ച വിഷയം വീണ്ടും അന്വേഷിക്കാന്‍ പുതിയ ഏരിയ കമ്മറ്റിയും കമ്മീഷനെ നിയോഗിക്കാന്‍ കാരണം. ഇതോടെ മൂന്നാമത്ത് കമ്മീഷനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സിപിഎം നിയോഗിക്കുന്നത്.
പാര്‍ട്ടിയിലെ ഗ്രൂപ്പിസവും കമ്മീഷന് റിപ്പോര്‍ട്ടില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണവുമാണ് സിപിഎമ്മിനെ കുഴക്കുന്നത്. കൊടിക്കുന്നില്‍ സുരേഷാകട്ടെ ബാങ്ക് സെക്രട്ടറിയുടെ അറസ്റ്റിനുശേഷം ഭരണക്കാരായ സിപിഎം നേതാക്കളിലേക്ക് അറസ്റ്റ് എത്തിയപ്പോള്‍ പോലീസിനെ വിലക്കുകയാണുണ്ടായത്. ഭരണത്തില്‍ സ്വാധീനമുള്ള കൊടിക്കുന്നില്‍ നിക്ഷേപകര്‍ക്ക് സഹകരണ വകൂപ്പില്‍ നിന്ന് തുക വാങ്ങി നല്കാന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിക്ഷേപത്തുക വാങ്ങി നല്കാന് ശ്രമിക്കാതെ സിബിഐ അന്വേഷണമാണ് കൊടിക്കുന്നില്‍ ആവശ്യപ്പെടുന്നത്. നിക്ഷേപകര്‍ക്ക് തങ്ങളുടെ തുക മടക്കിക്കിട്ടുകയെന്നതാണ് അടിയന്തര ആവശ്യം.
പി. അയിഷ പോറ്റി എംഎല്‍എ 13 കോടിയലധികം രൂപയുടെ തട്ടിപ്പ് സ്വന്തം മണ്ഡലത്തില്‍ നടത്തിയത് ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല. എംഎല്‍എയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ നിക്ഷേപത്തുകയ്ക്കായി നിരാഹാരത്തിലാണെങ്കിലും നിയമസഭയില്‍ ഈ വിഷയം ഇതുവരെ ഉന്നയിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. പത്ത് വര്‍ഷമായി നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ കമ്മീഷനെവെച്ചത് ജനങ്ങളുടെ മുന്നില്‍ അപഹാസ്യത്തിന് കാരണമാകുമെന്ന് കമ്മറ്റിയില്‍ ഒരു മുതിര്‍ന്ന നേതാവ് തുറന്നടിച്ചു. ബാങ്ക് അഴിമതിയില്‍ പങ്കില്ലെന്ന് പ്രഖ്യാപിച്ച് മൈലം പഞ്ചായത്തില്‍ കാല്‍നടയാത്ര നടത്താന്‍ ഏരിയാകമ്മിറ്റി തീരുമാനിച്ചങ്കിലും ജാഥയുമായി സഹകരിക്കില്ലെന്ന് സിപിഐ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മൈലം പഞ്ചായത്തിലെ സിപിഎമ്മിന്റെ ഒരു വിഭാഗവും ഈ ജാഥയെ എതിര്‍ത്തിരിക്കുകയാണ്.
2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേരുടെ പരാതികളിലായി 80ലക്ഷം രൂപ നല്കാന് സഹകരണ ഓംബുഡ്സ്മാന് വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ്. അടുത്തിടെ കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നു പേരുടെ പരാതിയില്‍ അമ്പത് ലക്ഷം രൂപ നല്‍കാനും ഓംബുഡ്സ്മാന് വിധിച്ചിരുന്നു. ഉപഭോക്തൃ കോടതിയില്‍ പരിഗണിച്ച പരാതിയില്‍ മൂന്നുലക്ഷം രൂപ നല്‍കാനും വിധിയായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ പണം ലഭിച്ചിട്ടുമില്ല. കൊട്ടാരക്കരയില്‍ നടന്ന ദേശീയ അദാലത്തില്‍ അറുപതോളം പേര് പരാതി നല്‍കിയിരുന്നെങ്കിലും താമരക്കുടി ബാങ്കിലെ പരാതികള്‍ കേള്‍ക്കാന്‍ മാത്രമായി പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ക്രമക്കേടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്ന് കണ്ടെത്തിയെങ്കിലും സെക്രട്ടറിയെ അറസ്റ്റുചെയ്തതല്ലാതെ മറ്റുള്ളവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടായില്ല. കോടതി സംവിധാനങ്ങള്‍ വിധിച്ചിട്ടുപോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് നിക്ഷേപകര്‍ പരിതപിക്കുന്നു. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. ബാങ്കിലെ നിക്ഷേപകരിലേറെയും സാധാരണക്കാരാണ്. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി സമ്പാദിച്ച തുകയാണ് നാട്ടിന്‍പുറത്തെ ബാങ്കില്‍ നിക്ഷേപിച്ചത്. യഥാസമയം പണം ലഭിക്കാത്തതു മൂലം ചികിത്സയും ശസ്ത്രക്രിയകളും മുടങ്ങിയവരും പെണ്മക്കളുടെ വിവാഹം മുടങ്ങിയവരും ഏറെയാണ്. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തുമ്പോഴെല്ലാം പരാതികളുമായി പണം നഷ്ടപ്പെട്ടവര്‍ ഓടിക്കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: