നാമഷോഡശസംപൂജ്യാ വിഷ്ണുസായുജ്യദായിനീ
മഹാജ്ഞാനസ്വരൂപാംബാ മാനസീ കശ്യപാത്മജാ
583. നാമഷോഡശസംപൂജ്യാ – പതിനാറു നാമങ്ങള്‍കൊണ്ട് സമ്യക്കാംവണ്ണം പൂജിക്കപ്പെടുന്നവള്‍. 567 മുതല്‍ 581 വരെയുള്ള പതിനാറു നാമങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 125-ാം ശ്ലോകത്തിന്റെ രണ്ടാം പാദം മുതല്‍ 128-ാം ശ്ലോകത്തിന്റെ ഒന്നാം പാദം വരെയുള്ള സ്‌തോത്രഭാഗം ദേവിയെ ആരാധിക്കാന്‍ പ്രതേ്യക സ്‌തോത്രമായി ഉപയോഗിക്കാം. 128-ാം ശ്ലോകത്തിലെ ആദ്യത്തെ രണ്ടു നാമങ്ങള്‍ ഷോഡശനാമങ്ങളില്‍പെടുന്നില്ല. പാരായണത്തില്‍ അവകൂടി ഉള്‍പ്പെടുത്താം. ഫലശ്രുതിയായി കരുതാം.
584. വിഷ്ണുസായുജ്യദായിനീ – വിഷ്ണുഭഗവാനുമായുള്ള സായൂജ്യം തരുന്നവള്‍. തുളസിയെ ആരാധിക്കുന്നവരെ തുളസീധരനായ വിഷ്ണു അനുഗ്രഹിക്കും. അവര്‍ക്ക് സായൂജ്യം കൊടുക്കും.
മുക്തിക്ക് നാലു ഘട്ടങ്ങളുണ്ട്. അവയില്‍ അവസാനത്തേതാണു സായൂജ്യം. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്ന ക്രമമാണ് ആചാര്യന്മാര്‍ സ്വീകരിക്കുന്നത്.
ഓരോന്നായി പരിശോധിക്കാം. 1. സാലോക്യമുക്തി- ആരാധ്യചൈതന്യത്തെയും ആ ചൈതന്യത്തിന്റെ സ്ഥൂലരൂപത്തെയും ആസ്ഥാനത്തെയും കാണാന്‍ സാധിക്കുക. 2. സാമീപ്യമുക്തി- ആരാധ്യചൈതന്യത്തെ സമീപിക്കല്‍. 3. സാരൂപ്യമുക്തി- ആരാധ്യ ചൈതന്യത്തിന്റെ സ്ഥൂലശരീരവുമായി രൂപസാമ്യം ഉണ്ടാകല്‍. 4. സായൂജ്യമുക്തി- ആരാധ്യചൈതന്യവുമായി ഐക്യം ഉണ്ടാകാല്‍, അതില്‍ ലയിച്ചുചേരല്‍.
ഈ നാലുതരം മുക്തികളില്‍ ആദ്യത്തേത് സ്ഥൂലദേഹം നിലനില്‍ക്കെ ഉണ്ടാകുന്ന മുക്തിയാണ്. രണ്ടാമത്തേത് സ്ഥൂലദേഹം ഉപേക്ഷിച്ച് ദേഹി സൂക്ഷ്മരൂപം സ്വീകരിച്ചു കഴിഞ്ഞുണ്ടാകുന്നത്. മൂന്നാമത്തേത് ദേഹികാരണ ശരീരത്തില്‍ വര്‍ത്തിക്കുമ്പോഴുണ്ടാകുന്നത്. നാലാമത്തേതായ സായൂജ്യ മുക്തി ശരീരബന്ധം പൂര്‍ണമായി നഷ്ടപ്പെട്ട ദേഹിക്കേ അനുഭവിക്കാനാകൂ. അതുകൊണ്ട് അതിനെ വിദേഹമുക്തി എന്നു പറയാം.
ചര്‍ച്ചാവിഷയമായ നാമത്തില്‍ തുളസീദേവിയെ വിഷ്ണുസായൂജ്യം കൊടുക്കുന്നവളായാണു സ്തുതിച്ചത്. തുളസിയും വിഷ്ണുവും ഒരേ ചൈതന്യമാണ്. തുളസീഭക്തന്‍ വിഷ്ണുഭക്തനാണ്. വിഷ്ണു സായൂജ്യം തുളസീസായൂജ്യം തന്നെയാണ്.
… തുടരും
















