കൊച്ചി: വല്ലാര്പാടംപദ്ധതിക്കുവേണ്ടി വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങളുടെ പുന:രധിവാസം എട്ട് വര്‍ഷങ്ങള്‍ക്കുശേഷവും അനിശ്ചിതാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ സമ്മതിദായകരുടെ മുന്പില്വസ്തുതകള് അവതരിപ്പിക്കുവാന്‍ മൂലമ്പിളളി പാക്കേജിനര്ഹരായ കുടുംബങ്ങള്‍ തീരുമാനിച്ചു.
2011 ജൂണ്‍ 15-ന് മൂലമ്പിളളി പാരിഷ്ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കം കുറിച്ച പരിഷ്ക്കരിച്ച മൂലമ്പളളിപാക്കേജിന്റെ നടപ്പിലാക്കല്‍ നാല് വര്‍ഷമാകുമ്പോള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. 2008 മാര്‍ച്ച് 19 ന് ഗവര്‍ണ്ണര്‍ക്കു വേണ്ടി അന്നത്തെ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജ്ഞാപനം ചെയ്ത ഉത്തരവാണ് ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. 2008 ജൂണ്‍ 20-ന് ഒരു സുപ്രധാന വിധിയിലൂടെ പാക്കേജിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി നല്‍കണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിഷ്കര്ഷിച്ചിട്ടുളളതാണ്.
വഴിയാധാരമാക്കപ്പെട്ട ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ ഇന്നും താല്‍ക്കാലിക ഷെഡുകളിലും, വാടകയ്ക്കും പണയത്തിനും എടുത്ത കെട്ടിടങ്ങളിലും നരകതുല്യമായ സാഹചര്യത്തില്‍ ജീവിതം തളളിനീക്കുകയാണ്. ഒഴിപ്പിക്കലിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഇതിനകം 22 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ വസ്തുതകള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന പ്രതിഷേധവാരം ജൂണ്‍ 22 ന് സംഘടപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും തുടര്‍ന്നുളള അരുവിക്കര സന്ദര്‍ശനത്തോടെ സമാപിക്കും. കെപിസിസി പ്രസിഡന്റ് വഴിയും എറണാകുളം എംഎല്‍എ മുഖേനയും വസ്തുതകള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുപോലും അദ്ദേഹം സ്വീകരിച്ചിട്ടുളള നിഷേധാത്മകമായ നിലപാട് മൂലമാണ് കോര്‍ഡിനേഷന്‍ കമ്മറ്റി പ്രക്ഷോഭണത്തിന്റെ പാത തെരഞ്ഞെടുത്തിട്ടുളളത്.
എറണാകുളം ജില്ലയില്‍ കരിമാലൂര്‍ കിന്‍ഫ്രാ പാര്‍ക്കിന്റെ മറയിലും ദേശീയപാത വികസനത്തിന്റെ പേരിലും ഗെയ്ല് പൈപ്പ് ലൈനിന്റെ പേരിലും ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുവാന്‍ മുതിരുകയാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ സ്വപ്നപദ്ധതിക്കുവേണ്ടി എട്ട് വര്‍ഷം മുമ്പ് വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങളുടെ പുന:രധിവാസം പോലും പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് എന്ത് ബദല്‍ സംവിധാനം എര്‍പ്പെടുത്തും?
പുന:രധിവാസത്തിന്റെ ഉത്തരവാദിത്ത്വം ഫലപ്രദമായി നിര്‍വ്വഹിക്കാത്ത ജില്ലാ ഭരണകൂടത്തെ നിലക്കുനിര്ത്തുവാനുളള രാഷ്ട്രീയ ഇച്ഛാശക്തി യുഡിഎഫ് സര്‍ക്കാര്‍ ഇനി എന്ന് പ്രദര്‍ശിപ്പിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രൊഫ.കെ. അരവിന്ദാക്ഷന്, ഫാ.പ്രശാന്ത് പാലക്കപ്പിളളി, സി.ആര്.നീലകണ്ഠന്, കെ.രജികുമാര്‍, ടി.കെ. സുധീര്‍കുമാര്‍, കുരുവിള മാത്യൂസ്, പി.ജെ.സെബാസ്റ്റ്യന്‍, വി.പി.വില്‍സണ്‍, ഏലൂര്‍ ഗോപിനാഥ്, പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍, സാബു ഇടപ്പളളി, ഉണ്ണിക്കൃഷ്ണന് കളമശ്ശേരി, ജോണ്സണ് പി.ജെ. ശശി മുളവുകാട്, ജോണി ജോസഫ്, മൈക്കിള്‍ കോതാട്, ഹാഷിം ചേന്നംപിളളി, വി.കെ. അബ്ദുള്‍ ഖാദര്‍, ഐ.എം.ആന്റണി, പി.എം.ദിനേശന്, ജോര്‍ജ്ജ് അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: