നാലായിരത്തില്‍പ്പരം വിദേശീയ ഹിന്ദുക്കള്‍ക്കു ഭാരതപൗരത്വം നല്‍കിയതായ പത്രവാര്‍ത്ത രണ്ടാഴ്ചമുമ്പ് വാര്‍ത്താമാധ്യമങ്ങളില്‍ വന്നിരുന്നു. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും അഭയംതേടിയെത്തിയവരായിരുന്നു അവര്‍. ഇപ്രകാരം പൗരത്വം ലഭിക്കാന്‍ കാത്തുകഴിയുന്ന രണ്ടുലക്ഷത്തിലേറെ ഹിന്ദുക്കള്‍ ആ രാജ്യങ്ങളിലും മറ്റു ചിലയിടങ്ങളിലുമായി ഉണ്ടത്രെ. ലോകത്ത് എവിടെ കഴിയുന്നവരായാലും ഹിന്ദുക്കളുടെ സ്വാഭാവികമായ ജന്മദേശം (കണ്ട്രി ഓഫ് ഒറിജിന്‍) ഭാരതമാണെന്ന് കരുതുന്ന സര്‍ക്കാര്‍ നയമനുസരിച്ചാണ് ഈ പൗരത്വം നല്കല് എന്നും കൂടി ആ വാര്‍ത്തയിലുണ്ടായിരുന്നു. വളരെ പ്രധാനമായൊരു നിലപാട് വിശദീകരണമാണിത് എന്നുപറയേണ്ടതില്ലല്ലോ.
ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും സാമ്രാജ്യമോഹത്തോടെയുള്ള, ആക്രമിച്ചുപിടിച്ചടക്കലിനുമുമ്പ് നിലനിന്ന ഭാരതവര്‍ഷത്തിന്റെ ഭാഗമായിരുന്നു മേല്‍പ്പറയപ്പെട്ട രാജ്യങ്ങളെന്നു നമുക്കുകാണാന്‍ കഴിയും. അതില്‍ ആദ്യം ഭാരതത്തില്‍നിന്ന് അടര്‍ന്നുപോയത് ഉപഗണസ്ഥാന്‍ എന്ന അഫ്ഗാനിസ്ഥാനും ഗാന്ധാരമെന്നറിയപ്പെട്ടിരുന്ന ഗാന്ധാരവുമാണ്. 1200 വര്ഷങ്ങള്ക്കപ്പുറമാണ് പേര്‍ഷ്യയില്‍നിന്നും അറേബ്യയില്‍നിന്നുമുള്ള അക്രമണകാരികള്‍ അവിടം കീഴടക്കി പ്രാചീനനാഗരികതയെ നിലംപരിശാക്കിയത്. അതിനുമുമ്പ് പാശ്ചാത്യ പൗരസ്ത്യരാജ്യങ്ങള്ക്കിടയില് വാണിജ്യ, സംസ്കാര, വിജ്ഞാനവിനിമയത്തിന്റെ രാജപാതകള്‍ സമ്മേളിച്ച സ്ഥലമാണ് ഹിമാഛാഭിതമായ പര്‍വതനിരകള്‍ക്കിടയിലെ വിശാല ബാമിയാന്‍ താഴ്വര. ‘പട്ടുപാത’ എന്നറിയപ്പെട്ടിരുന്ന സാര്ത്ഥവാഹകസപര്യകള് സമ്മേളിച്ചിരുന്ന ബാമിയാന്‍ വലിയൊരു ബൗദ്ധ ധാര്‍മിക കേന്ദ്രം കൂടിയായിരുന്നു. അവിടെ ചൈത്യങ്ങളും വിഹാരങ്ങളും സംഘാരാമങ്ങളും ആ വാണിജ്യ സംഘങ്ങള്‍ക്ക് ഭൗതികവും ആത്മീയവുമായ സാന്ത്വനം നല്കി. ഇസ്ലാമിന്റെയും ചെങ്കിസ്ഖാനെയും മിഹിരഗുലനെയുംപോലുള്ളവരുടെ രക്തവും തീയുംകൊണ്ട് താണ്ഡവമാടിയവരുടെ കൊടുങ്കാറ്റുപോലത്തെ തേരോട്ടത്തില്‍ ആ സാംസ്കാരിക കേന്ദ്രങ്ങള്‍ നശിച്ചുവെങ്കിലും അക്കാലഘട്ടത്തിന്റെ സൃഷ്ടികളായ ബുദ്ധപ്രതിമകള്‍ അടുത്തകാലം വരെ നിലനിന്നിരുന്നു. പര്‍വത സാനുക്കളില്‍ കൊത്തിയുണ്ടാക്കിയ 50 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമകള്‍, ഒരു വ്യാഴവട്ടം മുമ്പ് ആ രാജ്യത്ത് താലിബാന് എന്ന മുസ്ലിം ഭീകരപ്രസ്ഥാനം ഭരണം നടത്തിയപ്പോള്‍ പീരങ്കികളും മറ്റു വിസ്ഫോടക വസ്തുക്കളുമുപയോഗിച്ച് ഇല്ലായ്മ ചെയ്തു. രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍നിന്നുള്ള ബൗദ്ധസന്ദേശം നിര്‍മിച്ച ആ വിശ്വപൈതൃക ശില്പ്പങ്ങള് നാമാവശേഷമായി, അല്ല ഓര്മാവശേഷമായി.
അഫ്ഗാനില്‍ താലിബാന് തേരോട്ടം ആരംഭിക്കുന്നതിനുമുമ്പുവരെ അരലക്ഷത്തിലേറെ ഹിന്ദുക്കളും ബൗദ്ധരുമായ ‘ഭാരതീയ’രുണ്ടായിരുന്നു. അവര്‍ ഭാരതത്തില്‍ നിന്നു കുടിയേറിയവരല്ല, ഒറിജിനല്‍ അഫ്ഗാന്കാരായിരുന്നു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് അവര്‍ക്ക് പീഡനങ്ങള്‍ ഏല്ക്കേണ്ടിവന്നില്ല എന്നുമാത്രമല്ല സാമ്പത്തികമായും തൊഴില്‍പരമായും ഉയരാനും കഴിഞ്ഞു. താലിബാന് വാഴ്ച തുടങ്ങിയപ്പോള്‍ അവര്‍ക്കു സര്‍വസ്വവും ഇട്ടെറിഞ്ഞ് ഭാരതത്തിലേക്കു പോരേണ്ടിവന്നു. ഹിന്ദുക്കളാണെങ്കിലും രാജ്യരഹിതര്‍ എന്ന നിലയിലാണ് അവര്‍ക്ക് ഇവിടെ കഴിയേണ്ടിവന്നത്. അങ്ങനെ കൈകേയിയുടെയും ഗാന്ധാരിയുടെയും നാടായിരുന്ന അഫ്ഗാനിസ്ഥാനില്‍നിന്ന് ഇവിടെ രാജ്യരഹിതമായി കഴിയുന്നവര്‍ക്ക് മോദി സര്‍ക്കാര്‍ രാജ്യം നല്കാന് തുടങ്ങിയിരിക്കുന്നു. കൈകേയി അയോധ്യയിലും ഗാന്ധാരി ഹസ്തിനപുരത്തിലും രാജ്ഞിമാരായിരുന്നുവല്ലോ.
ഭാരതവിഭജനകാലത്ത് കോടിക്കണക്കിന് ഹിന്ദുക്കളും സിക്ക് മതസ്ഥരും ബുദ്ധമതക്കാരും പാക്കിസ്ഥാനായിത്തീര്‍ന്ന പ്രദേശങ്ങളില്‍നിന്ന് ഓടിവന്നിട്ടുണ്ട്. പശ്ചിമപാക്കിസ്ഥാന്‍, പഞ്ചാബ് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം സിന്ധ് ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ അമുസ്ലിം വിഭാഗത്തെ ഏതാണ്ടു തുടച്ചുനീക്കിയിരുന്നു. എന്നിട്ടും ചിലയിടങ്ങളില്‍ തങ്ങളുടെ പിറന്ന മണ്ണും പരിസരങ്ങളും ഉപേക്ഷിച്ചുവരാന്‍ മനസ്സുവരാതെ ഏതാനും ലക്ഷം ഹിന്ദുക്കളും സിക്കുകാരും അവിടെ അവശേഷിക്കുന്നു. ബ്രിട്ടീഷ് താവളങ്ങളോടു ബന്ധപ്പെട്ട കുറെ ക്രിസ്ത്യാനികളും പ്രധാന നഗരങ്ങളില്‍ ഉണ്ട്. അവര്‍ തങ്ങളുടെ പവിത്രമായ ആരാധനാലയങ്ങള്‍ സംരക്ഷിക്കാനായി കഴിയുന്നവരാണ്. പൗരാവകാശങ്ങള്‍ ലഭിക്കാതെ സര്‍ക്കാരില്‍നിന്ന് സംരക്ഷണം ലഭിക്കാതെ നരകിക്കുകയാണവര്. പ്രായപൂര്‍ത്തിയാകാത്ത ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധേയയാക്കിയിരുന്നു.
പീഡനം സഹിക്കവയ്യാതെ രാജസ്ഥാനിലെയും ഗുജറാത്തിലെയും പഞ്ചാബിലെയും അതിര്‍ത്തികളിലൂടെ ആയിരക്കണക്കിനാളുകള്‍ രക്ഷപ്പെട്ടു കൂലിവേലയെടുത്തു കഴിയുന്നുണ്ട്. പാക്കിസ്ഥാനും ഭാരതവുമായി ഏറ്റുമുട്ടല്‍ നടന്നപ്പോഴും ഇപ്രകാരം ഹിന്ദുക്കളുടെ കൂട്ടപ്പലായനമുണ്ടായി. ഭാരതത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഹിന്ദുക്കളും സിക്കുകാരും തിരിച്ചുപോകാന്‍ താല്പര്യം കാട്ടുന്നില്ല. അതിര്‍ത്തിക്കിപ്പുറവും അപ്പുറവും ആറുപതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒരേ രാജ്യത്തിന്റെ ഭാഗമായിരുന്നതിനാല്‍, ചരിത്രവും സംസ്കാരവും ആചാരങ്ങളും വ്യത്യസ്തങ്ങളല്ല. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നുവന്നു വിവിധതൊഴിലെടുത്തു ജീവിതം തള്ളിനീക്കുന്ന ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ ഇവിടെ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നു.
ബംഗ്ലാദേശിലെ സ്ഥിതി അതിലും ഗുരുതരമാണ്. 1971 നു മുമ്പുവരെ അവിടം കിഴക്കന്‍ പാക്കിസ്ഥാനായിരുന്നു. സ്വാതന്ത്ര്യം നേടുന്ന കാലത്ത്, അവിടത്തെ നവഖാലിയില്‍ നടന്ന അതിക്രൂരവും വ്യാപകവുമായ ഹിന്ദുകൂട്ടക്കൊലയ്ക്കറുതി വരുത്താന്‍ മഹാത്മാഗാന്ധി പോയത്, സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാതെയായിരുന്നു. അന്നു സമാധാനം സ്ഥാപിതമായെങ്കിലും, അവിടുത്തെ ഹിന്ദു ബൗദ്ധന്യൂനപക്ഷങ്ങളുടെ ഭദ്രത ഉറപ്പുവരുത്താതെ നെഹ്റുവും ലിയാക്കത്ത് ആലിഖാനുമായി കരാറുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഡോ.ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭയില്‍ നിന്നു രാജിവെച്ചത്. മുസ്ലിംലീഗിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഭാരതത്തിലേക്കോടിപ്പോന്നിരുന്നു. അവരെ തിരിച്ചയക്കണമെന്നായിരുന്നു നെഹ്റുവിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യം. അതിന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ലിയാക്കത്ത് -നെഹ്റു കരാര്‍. മുഖര്‍ജിയുടെയും മറ്റും ശക്തമായ എതിര്‍പ്പുമൂലമാണ്, അവരെ പുനരധിവസിപ്പിക്കാനായി ദണ്ഡകാരണ്യ പദ്ധതി നടപ്പാക്കിയത്.
1970-71 കാലത്ത് ബംഗ്ലാദേശ് വിമോചനത്തിനുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചപ്പോള്‍ ഒരുകോടിയോളം പേര് കിഴക്കന്‍ ബംഗാളില്‍നിന്ന് അടിച്ചോടിക്കപ്പെട്ടു. സമരം വിജയിച്ച്, അവിടം ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായപ്പോള്‍ അവര്‍ക്ക് തിരിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ബംഗ്ലാദേശ് ഭരണം സ്വതന്ത്രജനായത്ത മതനിരപേക്ഷ ഭരണമാവുമെന്ന ഷേക്ക് മുജീബുര്‍ റഹിമാന്റെ ഉറപ്പില്‍ വിശ്വസിച്ചു മിക്കവരും മടങ്ങുകയും ചെയ്തു. എന്നാല്‍ നാലുവര്ഷത്തിനകത്ത് മതമൗലികവാദികള്‍ പട്ടാളത്തിന്റെ സഹായത്തോടെ അദ്ദേഹത്തെ കുടുംബമടച്ച് കൂട്ടക്കൊല ചെയ്ത് അധികാരമേറ്റെടുത്തു. സിയാവുര്‍ റഹിമാന്‍ എന്ന പട്ടാളമേധാവി, അതിക്രൂരമായ മതാധിപത്യമാണ് നടപ്പാക്കിയത്. കൂട്ടക്കൊല സമയത്ത് ദല്‍ഹിയില്‍ വിദ്യാര്ത്ഥിനിയായതുകൊണ്ടുമാത്രം രക്ഷപ്പെട്ട, മുജീബുര്‍ റഹിമാന്റെ പുത്രി ഹസീന വജേദ് ഇപ്പോള്‍ അവിടെ പ്രധാനമന്ത്രിയാണ്.
പട്ടാളഭരണകാലത്ത് ബംഗ്ലാദേശിലെ ഹിന്ദുന്യൂനപക്ഷം മതമൗലികവാദികളാല്‍ നായാടപ്പെടുകയായിരുന്നു. അവരുടെ സ്വത്തുക്കളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങലും ആക്രമിക്കപ്പെട്ടു. ഡോ.തസ്ലീമ നസ്രീന്റെ ലജ്ജ എന്ന പ്രസിദ്ധമായ നോവല്‍ ബംഗ്ലാദേശിലെ ഹിന്ദുപീഡനത്തിന്റെ നേര്‍ക്കാഴ്ച നല്കുന്നു.
പീഡനത്തില്‍നിന്നു രക്ഷപ്പെടാനായി ഭാരതത്തിലേക്കു പലായനം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ രാജ്യരഹിതരായുണ്ട്. അതേസമയം കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നല്കി വോട്ടുബാങ്ക് സൃഷ്ടിക്കുന്നതിന് ഉത്സാഹിക്കുകയുമാണ്. പശ്ചിമബംഗാളിലെയും അസമിലെയും അതിര്‍ത്തി ജില്ലകളില്‍ മുസ്ലിം ജനസംഖ്യ ആപല്‍ക്കരമാംവിധം വര്‍ധിച്ചിരിക്കുന്നു. ജോലി തേടി കേരളത്തില്‍ പോലും അവരെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടല്ലൊ.
ഭാരത സ്വാതന്ത്ര്യസമരത്തില്‍ കിഴക്കന്‍ ബംഗാളിലെ ഹിന്ദുക്കള്‍ നല്കിയ ബലിദാനങ്ങള്‍ മറക്കാനാവില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷം അവര്‍ക്ക് ദുരിതങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ ആഴ്ച അവിടെനിന്നു ഭാരതത്തില്‍ എത്തിയ ആയിരത്തിലേറെ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്കുകയുണ്ടായി.
ലോകത്തെവിടെയുമുള്ള ഹിന്ദുക്കള്‍ക്ക്, തങ്ങള്‍ക്ക് അഭയം നല്കാന് ഒരു നാടുണ്ട് എന്ന ഭാരതത്തിന്റെ തീരുമാനം തന്നെ ആശ്വാസകരമായിരിക്കും. ലോകമെങ്ങുമുള്ള യഹൂദര്‍ക്ക് വാഗ്ദത്ത ഭൂമിയാണ് ഇസ്രയേല്‍ എന്ന് ആ രാഷ്ട്രത്തിന്റെ പ്രഖ്യാപനവേളയില്‍ പ്രധാനമന്ത്രി ബെന്‍ ഗുരിയന്‍ പറഞ്ഞതിനെയാണിത് ഓര്‍മിപ്പിക്കുന്നത്. ഹിന്ദുക്കള്‍ക്ക് സ്വന്തമെന്നു പറയാന്‍ ഒരു നാടുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: