കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ കോത്തല ഇടക്കരപ്പടിയില് ഹൈക്കോടതിയുടെ വിവിധ ബഞ്ചുകളെ തെറ്റിദ്ധരിപ്പിച്ച് അനധികൃത പാറ പൊട്ടിക്കല്‍. ഹൈക്കോടതി സിംഗിള്‍ ബഞ്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ച പാറമടയിലാണ് ഉടമ വെക്കേഷന് ബഞ്ചിന്റെ പ്രത്യേക അനുമതിയുടെ മറവില്‍ പാറപൊട്ടിക്കുന്നത്. സിംഗിള്‍ ബഞ്ചില്‍ നിന്ന് ലഭിച്ച സ്റ്റേ ഉത്തരവ് മറച്ചുവച്ചാണ് വെക്കേഷന് ബഞ്ചില്‍ നിന്നും ആറാഴ്ചത്തേക്ക് പ്രത്യേക ഖനനാനുമതി വാങ്ങിയത്. ഇതേ തുടര്‍ന്ന് സ്ഥലവാസികളായ എബ്രഹാം കെ. ബെച്ചു, മറിയാമ്മ ജോര്‍ജ്ജ് എന്നിവര്‍ പാറമട ഉടമ കെ.ജെ. തോമസ് കണ്ണന്താനത്തിനെതിരെ കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് പാറമട ഉടമ 6 ആഴ്ചത്തേക്ക് പാറ ഖനനത്തിന് നേടിയ പ്രത്യേകാനുമതി മറ്റൊരു ഉത്തരവിലൂടെ പിന്‍വലിച്ചു. ഉത്തരവ് പിന്‍വലിച്ചതിന് ശേഷവും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുകയാണ്.
ഖനനം നിര്‍ത്തുകയാണെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനുശേഷം കഴിഞ്ഞദിവസം പാറ പൊട്ടിക്കലും അനുബന്ധ ജോലികളും തുടര്‍ന്നു. പാറപ്പൊടിയും മലിനജലവും സമീപപ്രദേശങ്ങളില്‍ നിറഞ്ഞു. ത്വക്ക് രോഗങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സര്‍വ്വസാധാരണമായി. അനധികൃത ഖനനം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. നിയവിരുദ്ധ പാറ ഖനനം ശ്രദ്ധയില്‍ പെടുത്തിയിട്ടും പാമ്പാടി പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ജില്ലാ കളക്ടറെ സമീപിച്ചത്.
കോത്തലയ്ക്ക് സമീപം 9,10 വാര്‍ഡുകളിലായി മേരിമാതാ പാറമട എന്ന പേരില്‍ ചെറിയ തോതില്‍ പ്രവര്ത്തിപ്പിച്ചുവന്നിരുന്ന പാറമടയാണ് ഇപ്പോള്‍ ന്യൂമേരിമാതാ എന്ന പേരില്‍ പാറമടയും വന്‍കിട ക്രഷര്യൂണിറ്റുമായി മാറിയത്. ആദ്യകാലത്ത് എല്ലാ രാഷ്ട്രീയകക്ഷികളും പാറമടയ്ക്കെതിരായ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇവര്‍ക്കു തന്നെയായിരുന്ന കേസുകളുടെ നടത്തിപ്പ് ചുമതലയും. വന്‍തുക കേസിന്റെ നടത്തിപ്പിനായി പ്രദേശവാസികളില്‍ നിന്ന് പിരിച്ചെടുക്കുകയും ചെയ്തിരുന്നു. മുന്നില്‍ നിന്ന് സമരം നയിച്ചവര്‍ പാറമട ലോബിയുടെ വക്താക്കളായതോടെ പ്രദേശവാസികള്‍ നിസ്സഹായരായി. പിന്നീട് പ്രദേശവാസികള്‍ തന്നെ കേസ് നടത്തിപ്പ് ഏറ്റെടുത്തു. പാറമട ഉടമയ്ക്കുവേണ്ടി രേഖകളില്‍ ക്രമക്കേടുകള്‍ നടത്തിയതിന് മുന്‍ പഞ്ചായത്ത് സെക്രട്ടറി ജോണ്‍ തോമസിനെ സസ്പെന്‍ഡു ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ എല്ലാം നിലവിലിരിക്കെയാണ് ക്രഷര്‍ യൂണിറ്റും പാറമടയും പ്രവര്‍ത്തിപ്പിക്കുന്നതിന് സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങള്‍ ഉണ്ടെന്നിരിക്കെ അധികൃതരുടെ മൗനാനുവാദത്തോടെ ഉടമ ഇപ്പോഴും പാറ ഖനനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: