എരുമേലി: ഗ്രാമപഞ്ചായത്ത് ചട്ടങ്ങള്‍ ലംഘിച്ച് ചെമ്പകപ്പാറയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് വൃദ്ധസദനം നിര്‍മ്മിച്ചത് വിവാദത്തിലേക്ക്. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്ക്കഴിഞ്ഞ് നടത്തിയ സര്‍ക്കാര്‍വക പഞ്ചായത്തിന്റെ ഓഡിറ്റിംഗിലാണ് ചട്ടങ്ങള്‍ മറികടന്ന് പഞ്ചായത്ത് വൃദ്ധസദനം നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണകാലത്ത് ചെമ്പകപ്പാറയില്‍ 50 സെന്റ് സ്ഥലത്താണ് വൃദ്ധസദനത്തിനുള്ള നിര്‍മ്മാണം ആരംഭിച്ചത്.
എന്നാല്‍ ഫണ്ടിന്റെ ലഭ്യതകുറവുമൂലം പണികള്‍ അനിശ്ചിതത്വത്തിലായെങ്കിലും തുടര്‍ന്ന് വന്ന യുഡിഎഫ് ഭരണസമിതി വൃദ്ധസദനം നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. ലോകബാങ്കില്‍നിന്നും പഞ്ചയത്തിന്റെ വിവിധ വികസനങ്ങള്‍ക്കായി അനുവദിച്ച 37 ലക്ഷം രൂപയാണ് വൃദ്ധസദനത്തിനായി ചിലവഴിച്ചത്. എന്നാല്‍ കഴിഞ്ഞമാസം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ കരാറുകാരന് കെട്ടിട നിര്മ്മാണവകയില് പഞ്ചായത്ത് 27 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. ഈതുക ലഭിക്കുന്നതിനായി കരാറുകാരന് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്തുകള്‍ക്ക് മാത്രമേ വൃദ്ധസദനം നിര്മ്മിക്കാവൂയെന്ന നിയമവ്യവസ്ഥ മറികടന്നാണ് പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് വൃദ്ധസദനം നിര്‍മ്മിച്ചതെന്നും ഇതിനായി ചിലവഴിച്ച തുക സര്‍ക്കാരിലേക്ക് പഞ്ചായത്ത് ഭരണസമിതി തിരിച്ചടക്കേണ്ടിവരുമെന്നും ഓഡിറ്റ് വിഭാഗം പറയുന്നു.
പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്മേലുള്ള കണക്കുകള്‍ വ്യക്തമല്ലെന്നും ഓഡിറ്റ് വിഭാഗത്തിന് തലവേദനയാണുണ്ടാക്കിയിരിക്കുന്നതെന്നും ജീവനക്കാര്‍തന്നെ പറയുന്നു. ചെമ്പകപ്പാറയില്‍ ആയൂര്‍വ്വേദാശുപത്രി നിര്‍മ്മിക്കുന്നതിനായാണ് 50 സെന്റ് സ്ഥലം വാങ്ങിയത്. എന്നാല്‍ ഈ പദ്ധതി അട്ടിമറിച്ചാണ് വൃദ്ധസദനം നിര്‍മ്മിക്കാന്‍ ഇരുഭരണസമിതികളും തീരുമാനിച്ചത്.
വൃദ്ധസദനത്തിന്റെ നടത്തിപ്പും സംരക്ഷണവും തിരിച്ചടിയാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ വൃദ്ധസദനം ഏല്‍പ്പിക്കാനുള്ള നീക്കവും പഞ്ചായത്തധികൃതര്‍ നടത്തിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വൃദ്ധസദനം നിര്‍മ്മാണംതന്നെ നിയമവിരുദ്ധമാണെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമഭേദഗതിവരുത്തിയില്ലെങ്കില് വൃദ്ധസദനത്തിനായി ചിലവഴിച്ചുവെന്ന് പറയുന്ന 37 ലക്ഷം രൂപയും പഞ്ചായത്തംഗങ്ങള്‍ തിരിച്ചടക്കേണ്ടിവരും. കെട്ടിടം പണിത കരാറുകാരന് നല്‍കാനുള്ള 27 ലക്ഷം രൂപയും ഇവര്‍തന്നെ കണ്ടെത്തേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. ഇതിനിടെ ഗ്രാമപഞ്ചായത്തുകള്‍ക്കും വൃദ്ധസദനം നിര്‍മ്മിക്കാമെന്ന ഭേദഗതിവരുത്തിക്കാന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ഭരണസമിതി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതമൂലം പഞ്ചായത്തിന്റെ മറ്റ് വികസനങ്ങള്‍ക്കായി ലഭിക്കേണ്ടതുകയാണ് വകമാറ്റിയിരിക്കുന്നതെന്നും ഇനി ലോകബാങ്ക് ധനസഹായം ലഭിക്കാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: