മട്ടാഞ്ചേരി: വിലത്തകര്‍ച്ചയിലും വിപണി പ്രതിസന്ധിക്കുമിടയില് കേരളത്തില്‍ സ്വാഭാവിക റബര്‍ ഇറക്കുമതി കുത്തനെ വര്‍ധിച്ചു. 2014-15 സാമ്പത്തിക വര്‍ഷം 35,000 ടണ്‍ റബറാണ് കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്തത്. രാജ്യത്തെ മൊത്തം റബര്‍ ഇറക്കുമതിയുടെ എട്ട് ശതമാനത്തിലുമേറെയാണിത്.മുന്‍വര്‍ഷങ്ങളിലിത് 2-3 ശതമാനം മാത്രമായിരുന്നു.
റബര്‍ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 2014-15 വര്‍ഷം 4,15,000 ടണ്‍ റബറാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്. ഇതില്‍ 2,50,000 ടണ്‍ ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെയാണ് ഇറക്കുമതി നടത്തിയത്. മൂന്നാം സ്ഥാനം അദാനി തുറമുഖത്തിനും നാലാം സ്ഥാനം കൊച്ചി തുറമുഖത്തിനുമാണ്. 2013-14 വര്‍ഷത്തെ നിലവാരം കണക്കാക്കിയാല്‍ രാജ്യത്ത് 2014-15 വര്‍ഷം സ്വാഭാവിക റബര്‍ ഇറക്കുമതിയില്‍ നേരിയ വര്‍ധനവാണുണ്ടായിരിക്കുന്നത്, 12 ശതമാനം. എന്നാല്‍ കൊച്ചി തുറമുഖം വഴിയുള്ള റബര്‍ ഇറക്കുമതിയില്‍ 100 ശതമാനത്തിലേറെയാണ് വര്‍ധനവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സ്വാഭാവിക റബര്‍ ഇറക്കുമതിയിലൂടെ കൊച്ചി കസ്റ്റംസ് 2011-12 ല്‍ 13 കോടി രൂപ വരുമാനം നേടിയപ്പോള്‍ 2014-15 ലിത് 81 കോടി രൂപയായി കുത്തനെ വര്ിക്കുകയും ചെയ്തു. വന്‍കിട ടയര്‍ കമ്പനികള്‍ക്കാണ് കൊച്ചി വഴി സ്വാഭാവിക റബര്‍ ഇറക്കുമതി നടത്തിയതെന്നാണ് പറയുന്നത്. റബര്‍ ഉല്‍പ്പാദന-ഉപഭോഗത്തിലുണ്ടായ വന്‍ അന്തരമാണ് ഇറക്കുമതിക്ക് സാഹചര്യമൊരുക്കിയതെന്നും വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. 5.45 ലക്ഷം ഹെക്ടറിലെ റബര്‍ കൃഷിയില്‍ 96 ശതമാനവും കേരളത്തിലാണ്.
ഉല്‍പ്പാദന തോതിലും കേരളം ഏറെ മുന്നിലാണ്. 2013-14 വര്‍ഷം റബര്‍ ഉല്‍പ്പാദനം 7,74,000 ടണ്ണും 14-15 ലിത് 6,55,000 ടണ്ണുമാണ്. ഉപഭോഗമാകട്ടെ 13-14 ല്‍ 9,90,000 ടണ്ണും 14-15 ലിത് 10,18,000 ടണ്ണുമാണ്. അന്താരാഷ്ട്ര തലത്തില്‍ സ്വാഭാവിക റബര്‍ വിലയിലുണ്ടായ കുറവാണ് ഇറക്കുമതിക്ക് കളമൊരുക്കുന്നതെന്ന് വ്യാപാരകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സ്വാഭാവിക റബര്‍ ഇറക്കുമതിയിലുണ്ടായ വന്‍ കുതിച്ചുച്ചാട്ടം വിപണിയില്‍ വന്‍ ആഘാതമാണ് സൃഷ്ടിക്കുകയെന്ന് റബര്‍ കര്‍ഷകരും വ്യാപാരികളും പറയുന്നു. കൊച്ചി തുറമുഖം വരുമാന നേട്ടത്തിനായി റബര്‍ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളെന്ന് വിവിധകേന്ദ്രങ്ങളും പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: