പള്ളുരുത്തി: അല്മായരുടെ സമരത്തിന് മുന്നില്‍ ഒടുവില്‍ ആലപ്പുഴ രൂപത അധികൃതര്‍ വഴങ്ങി. കൊച്ചി സൗദി ആരോഗ്യമാതാ പള്ളിയിലെ വികാരിയായിരുന്ന ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പിലിനെ സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരായി ഇടവകയിലെ വിശ്വാസിസമൂഹം സമരരംഗത്തായിരുന്നു. നാലുദിവസം സമരം പിന്നിടുമ്പോഴും ആലപ്പുഴ രൂപതാധികൃതര്‍ വിശ്വാസികളുടെ സമരത്തിന് വഴങ്ങിയിരുന്നില്ല. ഇതിനിടയില്‍ ഇന്നലെ ഇടവക അതിര്‍ത്തിയില്‍ അല്മായര് കരിദിനം പ്രഖ്യാപിച്ചു.
ഇടവകാംഗങ്ങള്‍ മുഴുവന്‍ കറുത്തവസ്ത്രം അണിഞ്ഞ് സമരപ്പന്തലില്‍ എത്താനും ആഹ്വാനംചെയ്തു. രാവിലെ പള്ളിയിലെ കുര്‍ബാനയ്ക്ക് വിശ്വാസികള്‍ എത്തിയത് കറുത്തവസ്ത്രം ധരിച്ചായിരുന്നു. സ്ത്രീകളടക്കം മഴയെ വകവയ്ക്കാതെ സമരപ്പന്തലില്‍ കുത്തിയിരുന്നു. ഇടവക പരിധിയിലെ ഇടവഴികളിലൂടെ കരിങ്കൊടിവെച്ച് ഇരുചക്രവാഹനങ്ങളില്‍ യുവാക്കള്‍ നീങ്ങി.
കഴിഞ്ഞ ആറുമാസം മുന്‍പ് ചുമതലയേറ്റ ഫാ. സാംസണ് പള്ളിയിലെ ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഇദ്ദേഹത്തെ സ്ഥലംമാറ്റാന്‍ രൂപത തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടവക സംരക്ഷണസമിതിയുമായി രൂപത അധികാരികള്‍ ചര്‍ച്ചനടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരത്തോടെ തീരുമാനം അറിയിക്കാമെന്ന് രൂപതാധികൃതര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വികാരി ജനറല്‍ ഫാ. പയസ് ആറാട്ടുകുളം, ചാന്‍സിലര്‍ ഫെര്‍ണാണ്ടസ് കാക്കരശ്ശേരി എന്നിവര്‍ സമരപ്പന്തലിലെത്തി വിശ്വാസികളോടായി ഫാ. സാംസണെ ജൂലൈ 15 മുതല്‍ ആരോഗ്യമാതാ പള്ളിയിലെ വികാരിയായി നിയമിച്ചുവെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. അഞ്ചുവര്‍ഷത്തേക്കായിരിക്കും അച്ചന്റെ നിയമനം. ഇതേത്തുടര്‍ന്ന് പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണംചെയ്തും അല്മായര് ആഹ്ലാദപ്രകടനം നടത്തി. ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് അഡ്വ. രാജേഷ് ആന്റണി, സെബാസ്റ്റ്യന്‍ കെ.ടി., ബിജു കെ.ജെ. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: