ന്യൂദല്‍ഹി: രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന 4,470 സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് (എഫ്‌സിആര്‍എ) ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
വാര്‍ഷിക വരവു ചെലവു കണക്കുകള്‍ ഹാജരാക്കാത്തതും മറ്റ് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒകളുടെ ലൈസന്‍സാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.
പഞ്ചാബ് സര്‍വകലാശാല, ചണ്ഡിഗഡ് നിയമ സര്‍വകലാശാല, ഗുജറാത്ത് നിയമ സര്‍വകലാശാല, ഗാര്‍ഗി കോളേജ്, ദല്‍ഹി ലേഡി ഇര്‍വിന്‍ കോളേജ്, വിക്രം സാരാഭായ് ഫൗണ്ടേഷന്‍, ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേല്‍നോട്ടത്തിലുള്ള കബീര്‍ എന്നിവയാണ് എഫ്ആര്‍സിഎ ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍.
എഫ്ആര്‍സിഎ ചട്ടങ്ങള്‍ ലംഘിച്ചതിന് 9,000 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
















