പാട്‌ന: പരാജയപ്പെട്ട ശക്തികളുടെ കൂട്ടുകെട്ടാണ് ജനതാദള്‍ (യു) ആര്‍ജെഡി സഖ്യമെന്ന് ബിജെപി. ഇത് വെറും അപ്രസക്തമായ കൂട്ടുകെട്ട് മാത്രമാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ ഫലം തന്നെയായിരിക്കും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുകയെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ ഇവര്‍ ശ്രമിച്ചു. എന്നാല്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും റൂഡി പറഞ്ഞു.
പണ്ട് പരാജയപ്പടുത്തിയ ലാലുവിനെ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കൂട്ടുപിടിച്ചിരിക്കുന്നത് നാണക്കേടാണ്. ആര്‍ജെഡിയുടെ ജംഗിള്‍ രാജിനെതിരെയായിരുന്നു നിതീഷിന്റെ എല്ലാ പ്രചാരണവും. ഇതിന്റെയടിസ്ഥാനത്തിലായിരുന്നു ഭരണം ലഭിച്ചത്. എന്നാല്‍ എല്ലാ വിശ്വാസ്യതയും തകര്‍ത്ത് ലാലു പ്രസാദ് യാദവുമായി കൈകോര്‍ത്തിരിക്കുകയാണ്. ഇതിന് ഉചിതമായ മറുപടി ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും റൂഡി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു റൂഡി.
മോദിക്കെതിരെ ലാലുവും നിതീഷും ഒറ്റക്കെട്ടായിട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചത്. ഇത്തരത്തിലുള്ള കൂട്ട് കെട്ട് ജനങ്ങള്‍ അംഗീകരിക്കില്ല. മുന്‍മുഖ്യമന്ത്രി മാഞ്ചിയുമായുള്ള സഖ്യം വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















