ന്യൂദല്‍ഹി: ഇരുട്ടുമുറിയില്‍ ജീവിക്കുന്നവരാണ് സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നതെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. സൂര്യന്‍ ആരുടെ നേര്‍ക്കും വേര്‍തിരിവ് കാണിക്കുന്നില്ല. പിന്നെ സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നതിലെ യുക്തി പരിഹാസ്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സൂര്യനമസ്‌കാരത്തിനെതിരായ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 21 ന് അന്താരാഷ്‌ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ സൂര്യനമസ്‌കാരം ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചില കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്.
യോഗയ്‌ക്ക് മതപരമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ ഒന്നും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ശ്രീപദ് നായിക് പറഞ്ഞു. ലോകത്തിന് മുന്നില്‍ നമ്മുടെ പൈതൃകം വ്യക്തമാക്കാനുളള ഒരു അവസരമായി ഇതുപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. സൂര്യനമസ്‌കാരം യോഗ ദിനത്തിലെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
യോഗദിനത്തിലെ പരിപാടികള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ മാത്രമേ യോഗ ദിന പരിപാടികള്‍ സഹായിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
















