ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നും മൂന്ന് ഉദ്യോഗസ്ഥരുമായി പറന്നുയര്‍ന്ന തീരസംരക്ഷണ സേനയുടെ ഡോണിയര്‍ വിമാനം കാണാതായി. തിങ്കളാഴ്ച വൈകിട്ട് 5.30ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. രണ്ട് പൈലറ്റുമാരും ഒരു നിരീക്ഷകനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
രാത്രി പത്തു മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. രാത്രി പത്തുവരെ വിമാനം റഡാറില്‍ ദൃശ്യമായിരുന്നു. തുടര്‍ന്നാണ് കാണാതായത്. 2014 ല്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച വിമാനമാണ് കാണാതായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പരിചയസമ്പന്നരായ പൈലറ്റുമാരാണ് വിമാനം പറത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരച്ചില്‍ നടക്കുകയാണെങ്കിലും വിമാന അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.
















