തുറവൂര്‍: നാടിന് അഭിമാനമായി സാധാരണ കുടുംബത്തില്‍ നിന്നൊരു വനിത സബ് ഇന്‍സ്‌പെക്ടര്‍. തുറവൂര്‍ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വളമംഗലം എടമ്പാടത്ത് തറയില്‍ പരേതരായ ബാബുവിന്റേയും ഷീലയുടേയും മകളായ ഷീബയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ എസ്‌ഐ പരീക്ഷയില്‍ നാലാം റാങ്ക്‌നേടിയത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ പോലീസില്‍ ചേരണമെന്ന ആഗ്രഹമാണ് ഈ ഉദ്യോഗലബ്ധിയിലൂടെ സഫലമാകുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ അകാല വിയോഗം. തുടര്‍ന്ന് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളോട് സന്ധിയില്ലാതെ പൊരുതിയാണ് ഷീബ തിളക്കമാര്‍ന്ന വിജയത്തിനുടമയായത്. തുറവൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ട്രാഫിക് പോര്‍ട്ടറായി ജോലി നോക്കുകയാണ് ഈ ഇരുപത്തെട്ടുകാരി. വളമംഗലം എസ്‌സി എസ്എച്ച്എസില്‍ പഠിക്കുമ്പോള്‍ എന്‍സിസിക്ക് ബി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇതും പോലീസ് സേനയിലേക്കുള്ള പ്രവേശനത്തിന് സഹായകരമായിരുന്നു.
പട്ടണക്കാട് എസ്‌സിയു ഗവ. വിഎച്ച്എസ്എസില്‍ നിന്ന് പ്ലസ് ടുവും ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ നിന്ന് ബിഎസ്‌സിയും ഇടക്കൊച്ചി അക്വിനാസില്‍ നിന്ന് എംഎസ്‌സിയും പാസായി. വളമംഗലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിഎഡും കരസ്ഥമാക്കി. പഠിത്തത്തിനിടയില്‍ ഒഴിവുള്ള സമയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനും എടുത്തിരുന്നു. ജീവിതവിജയം തേടിയെത്തിയപ്പോള്‍ മാതാപിതാക്കള്‍ കൂടെയല്ലെന്നതു മാത്രമാണ് ഷീബയെ വേദനിപ്പിക്കുന്നത്. ഏക സഹോദരന്‍: ഷിബി.
















