സ്വര്‍ഗ്ഗാദിയില്‍ കേവലവും ശാന്തവുമായ ബ്രഹ്മം മാത്രം ഭവിക്കുന്നു എന്നത് സത്യം. നിര്‍വികാരവും നിര്‍ഗ്ഗുണവുമാകയാല്‍ അത് മറ്റൊന്നിന് കാരണമാകുന്നില്ല. ബ്രാഹ്മത്തില്‍നിന്നും അന്യമായി ഒന്നുംതന്നെയില്ലെന്ന് സിദ്ധമാകയാല്‍ ബ്രഹ്മാവിനും കാരണമില്ലെന്ന് ആഗതന്‍ മറുപടി പറഞ്ഞു.
ഇതുകേട്ട രാജാവ് അത്ഭുതത്തോടെ ചോദിച്ചു. എന്ത് പരബ്രഹ്മം ബ്രഹ്മാവിന് കാരണമല്ലെന്നോ? എനിക്കത് മനസ്സിലാകുന്നില്ലെന്ന് രാജാവ് പറഞ്ഞു.
ആഗതന്‍ പറഞ്ഞു. അനന്തവും അജവും ആദ്യവും അദ്വിതീയവുമായ ഏതൊരു ചിത് വസ്തു ഭവിക്കുന്നോ അത് ഇന്ദ്രിയഗോചരമോ, നശിക്കുന്നതോ, ചലിക്കുന്നതോ, ക്ഷയിക്കുന്നതോ, വര്‍ദ്ധിക്കുന്നതോ ആദ്യന്തമുള്ളതോ അല്ല. ശിവവും, ശാന്തവും, അവ്യയവുമായ അത് ഒന്നിനും കര്‍ത്താവോ, ഭോക്താവോ ആകുന്നില്ല. അതിനാല്‍ ഈ ജഗത്ത് ആരും ഉണ്ടാക്കിയതല്ല.
ഉള്ളതുമല്ല. വേധാവ് ചിന്മാത്രാകല്പിതനാകകൊണ്ട് ചിത്തായിത്തന്നെ വിളങ്ങുന്നു. സൃഷ്ടി ചിന്മാത്രാ രൂപനായ ബ്രഹ്മാവില്‍ നിന്നുണ്ടായതാകയാല്‍ ചിദ്രൂപമായിത്തന്നെ ഭവിക്കുന്നു. ഹേ രാജന്‍, ഈ ജഗത്തായും അഹമായും തോന്നപ്പെടുന്നതെല്ലാം ശാന്തവും അജവുമായ പരമശിവമാണ്. ദേവദേവനായ പരമാത്മാവ് ചിദ്രൂപത്വേന സ്ഥിതിചെയ്തുകൊണ്ട് സങ്കല്പമാത്രത്താല്‍ തങ്കല്‍തന്നെ പ്രപഞ്ചരൂപത്തില്‍ സ്ഫുരിക്കയാണ്. തന്റെ സ്വരൂപത്തെ ബ്രഹ്മാവെന്ന് താന്‍തന്നെ പറയുകയാണ്. അതിനാല്‍ ഇക്കാണപ്പെടുന്ന വിശ്വം പരമാത്മാവിന്റെ രൂപംമാത്രമാണെന്ന് ധരിക്കുക.
രാജാവു പറഞ്ഞു ഭഗവാനെ, അങ്ങയുടെ പ്രസാദത്താല്‍ അണിമാദ്യലംകൃതവും സര്‍വോപരി വിളങ്ങുന്നതുമായ മഹാപദവിയെ ഞാന്‍ ദര്‍ശിച്ചു. ഒരു പ്രകാരത്തിലും എനിക്ക് ലഭിക്കാതിരുന്ന മഹനീയമായ അമൃതം ഇപ്പോള്‍ പ്രാപ്തമായി. അനന്തവും ആദ്യവും, അമൃതവുമായ ആത്മപദം ഇതുവരെക്കും എനിക്ക് കൈവരാതിരിക്കാനുള്ള കാരണം കൂടി വ്യക്തമാക്കിത്തരണം.
ഇതിനു മറുപടിയായി ആഗതന്‍ ഇങ്ങനെ പറഞ്ഞു. മനസ്സ് ഭോഗഏഷണകള്‍ നീങ്ങി ഉപശമിക്കുമ്പോള്‍ ഇന്ദ്രിയങ്ങളുടെ ബാഹ്യാഭിലാഷങ്ങള്‍ നശിക്കുമ്പോള്‍ ഗുരുക്കന്മാരുടെ വാക്കുകള്‍ മനസ്സില്‍ പ്രൗഡമായി പ്രകാശിക്കുന്നു. രണ്ടുണ്ടെന്നും അല്ല ഒന്നേയുള്ളു എന്ന ഭേദഭാവനയാണ് മനസ്സ്. അതുതന്നെയാണ് അജ്ഞാനവും ഇപ്പറഞ്ഞവയുടെ ലയമാണ് ജ്ഞാനം. കൈവല്യവും അതുതന്നെ. രാജാവേ മനസ്സ് ഉപേക്ഷിക്കപ്പെട്ട താങ്കള്‍ പ്രബുദ്ധനും വിമുക്തനുമായിരിക്കുന്നു. ആത്മലാഭം ലഭിച്ച താങ്കള്‍ മൗനിയായി സ്വരൂപത്തില്‍ സ്ഥിതി ചെയ്താലും.
പൂനര്‍ജന്മത്തെ ഉണ്ടാക്കുന്ന വാസനയാണ് ചിത്തം അത് ജ്ഞാനികള്‍ക്കില്ല. സത്വാത്മിക വാസനയാലാണ് തത്വജ്ഞന്മാര്‍ വിഹരിക്കുന്നത്. ഈ വാസന പുനര്‍ജന്മത്തിന് കാരണമാകുന്നില്ല. മൂഡവാസനയെ ചിത്തമെന്നും പ്രബുദ്ധ വാസനയെ സത്യമെന്നും പറയപ്പെടുന്നു. അജ്ഞാനികള്‍ ചിത്തസ്ഥന്മാരും ജ്ഞാനികള്‍ സത്യസ്ഥന്മാരുമാണ്. താങ്കള്‍ സര്‍വ്വവുമുപേക്ഷിച്ച് നിര്‍വിചാരനായും നിര്‍വികാരനായും സ്ഥിതിചെയ്ത് സര്‍വ്വത്ര വ്യാപിച്ചിരിക്കുന്ന ജ്യോതിസ്സിനെ താങ്കളുടെ സ്വരൂപമെന്ന് ധരിച്ചുകൊള്ളുക. സ്വര്‍ഗ്ഗമോക്ഷാദികള്‍ നല്കുന്ന കര്‍മ്മങ്ങള്‍ താങ്കള്‍ അനുവര്‍ത്തിക്കേണ്ടതില്ല. മനശ്ചലനം അടങ്ങിയവനെ സംസാരം ബാധിക്കുകയില്ല. അതുകൊണ്ട് മനസ്സിന്റെ ചലനം നിയന്ത്രിക്കുക എല്ലാ ദുഃഖങ്ങളും മനശ്ചാഞ്ചല്യത്തിന്റെ ഫലമാണ്.
മനസ്സിന്റെ ബാഹ്യപ്രസരത്തേയും സമാധിയേയും നിരന്തരമായ സ്വരൂപസന്ധാനത്താല്‍ അഭേദമാക്കി അദ്വയബ്രഹ്മത്തോടേകീഭവിച്ച് യഥാകാലം വസിക്കുക. ഇതുകേട്ട് രാജാവ് പറഞ്ഞു. മനസ്സിന്റെ ബാഹ്യപ്രസരവും സമാധിയും ഏകത്വത്തെ എങ്ങിനെയാണ് പ്രാപിക്കുന്നതെന്ന് വിശദീകരിച്ചാലും.
രാജാവെ സര്‍വജഗത്തും ചിന്മാത്രയാണ്. സത്യം സച്ചിദാനന്ദം എന്നെല്ലാം പറയുന്ന ബ്രഹ്മചിന്മാത്രയെ മൂഡന്മാര്‍ ജഗത്തായി കാണുന്നു. ശാസ്ത്രത്തിന്റേയും സജ്ജന സംസര്‍ഗ്ഗത്തിന്റേയും തുടര്‍ച്ചയായ അഭ്യാസയോഗത്താല്‍ മനസ്സ് കാലക്രമേണ നിര്‍മ്മലമായി ഭവിക്കുന്നു. സ്വയം പ്രകാശിതമായ ആത്മജ്യോതിസ്സ് മഹാത്മാക്കളുടെ ഉള്ളില്‍ തെളിയുന്നു. അതുകൊണ്ട് അല്ലയോ ശിഖിദ്ധ്വജ രാജാവേ സങ്കല്പങ്ങളെ ത്യജിച്ച് ഒന്നും ആഗ്രഹിക്കാതെ വസിക്കുക എന്നനുഗ്രഹിച്ച് ചൂഡാല ആകാശത്തില്‍ മറഞ്ഞു.
ശിഖിദ്ധ്വജന് തന്റെ അന്തരംഗത്തെ കുളിര്‍പ്പിക്കുന്ന വിധത്തില്‍ ശുദ്ധവും ശാന്തവുമായ ഒരു ആത്മീയാനുഭവം ഉടലെടുക്കുകയും അദ്ദേഹം നിശ്ചലശിലാ പ്രതിമപോലെ മൗനിയായി സങ്കല്പവികല്പ സമാധിയില്‍ ലയിക്കുകയും ചെയ്തു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ചൂഡാലരാജ്ഞി രണ്ടാമതും ശിഖദ്ധ്വജന്റെ മുമ്പില്‍ ദിവ്യവേഷം പൂണ്ട് ആഗതയായി. അദ്ദേഹത്തെ ശബ്ദംകൊണ്ടും സ്പര്‍ശംകൊണ്ടും ഉണര്‍ത്താന്‍ കഴിയാതെ ആശ്ചര്യവതിയായ അവര്‍ക്ക് ശിഖിദ്ധ്വജന്റെ ഹൃദയത്തില്‍ നിന്നും ബോധകാരണമായ സത്വശേഷം വിട്ടുപോയിട്ടില്ല എന്നു മനസ്സിലായി.
രാമ, വസിഷ്ഠന്‍ പറഞ്ഞു. അത്യന്തം പ്രശാന്ത ചിത്തനായി നിശ്ചലാവസ്ഥയില്‍ വസിക്കുന്ന ധ്യാന നിരതനായ ഒരുവന്റെ ഉള്ളില്‍ സത്വശേഷം ഉണ്ടെന്നോ ഇല്ലെന്നോ നിര്‍ണ്ണയിക്കുന്നതെങ്ങിനെയെന്നല്ലേ നീ ചിന്തിക്കുന്നത് സമാധിസ്ഥന്റെ ഹൃദയത്തില്‍ ബോധകാരണമായ സത്വവിശേഷം വിത്തില്‍ പൂവും കായും എന്നപോലെ ലയിച്ചിരിക്കുന്നു. ചിത്തസ്പന്ദം നീങ്ങി കല്ലുപോലെ ഉറച്ചിരിക്കുന്ന സമാധിസ്ഥന്റെ സമനിബദ്ധമായ ശരീരം മങ്ങുകയോ തെളിയുകയോ ചെയ്യുന്നില്ല. ഉദയാസ്തമയങ്ങളെ പ്രാപിക്കാതെ പ്രത്യേക സമ്മര്‍ദ്ദങ്ങളാല്‍ വാട്ടമോ കൂടാതെ സമനിലയില്‍ നില്‍ക്കുന്നു. ഈ ലക്ഷണങ്ങളാല്‍ അന്ത:സത്വം പരിശോധിച്ചറിയാവുന്നതാണ്. ഇനിയും ബാക്കി കഥകൂടി കേട്ടോളു.
രാജാവിനെ ഉണര്‍ത്താന്‍ കഴിയില്ലെന്നു കണ്ട ചൂഡാല സ്വദേഹം ത്യജിച്ച് രാജശരീരത്തില്‍ കടന്ന് രാജചേതസ്സിന്ന് ചലനമുണ്ടാക്കിയശേഷം വീണ്ടും തന്റെ ദേഹം സ്വീകരിച്ചു. അനന്തരം മധുരമായ ഭേരീനാദത്തോടെ സാമഗാനമാരംഭിച്ചു. ഗാനം കേട്ട രാജാവിന്റെ ചിത്തമുണര്‍ന്നു. കണ്‍തുറന്നപ്പോള്‍ മുന്നില്‍ ദിവ്യാത്മാവിനക്കണ്ട് സന്തോഷത്തോടെ ഉപചാരങ്ങളര്‍പ്പിച്ച് പൂജിച്ചു.
ചൂഡാല പറഞ്ഞു. അല്ലയോ രാജാവേ അങ്ങയെ പിരിഞ്ഞുപോകാനോ സ്വര്‍ഗ്ഗസുഖങ്ങളിലോ എനിക്ക് താല്പര്യം തോന്നുന്നില്ല. താങ്കളെപ്പോലെ ബന്ധുവായോ, സുഹൃത്തായോ വിശ്വസ്തനായോ വേറെയാരും എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ താങ്കളോടൊപ്പം താമസിക്കാമെന്നു കരുതുന്നു.
അങ്ങേക്ക് മഹാനന്ദ രൂപമായ പരമപദത്തില്‍ വിശ്രാന്തി ലഭിച്ചോ? സുഖദുഃഖ ഭേദബുദ്ധികളെ ത്വജിച്ചുവോ, താങ്കളുടെ മനസ്സ് ത്യജ്യഗ്രാഹ്യങ്ങളെ മറികടന്ന് സംഭവിക്കുന്ന കാര്യങ്ങളില്‍ ആകാംക്ഷ കൈവിട്ട് ശാന്തചിത്തനായി സ്ഥിതിചെയ്യുന്നുണ്ടോ? ഇതുകേട്ട് രാജാവു പറഞ്ഞു അല്ലയോ മുനിനന്ദന അങ്ങയുടെ പ്രസാദത്താല്‍ പ്രപഞ്ചാതീതമായ പദവിയെ ഞാന്‍ ദര്‍ശിച്ച് സര്‍വസന്തുഷ്ടിയോടെ സംതൃപ്തനായി തീര്‍ന്നിരിക്കുന്നു. മോഹത്തേയും ഭയത്തേയും രാഗത്തേയും കളത്രപുത്രമമതാപശങ്ങളേയും പരിത്യജിച്ച് സര്‍വാത്മകത്വേന സ്വച്ഛനായി നിത്യാനന്ദ ബ്രഹ്മമായി ഭവിച്ചിരിക്കുന്നു.ഇതുകേട്ട ചൂഡാലയ്‌ക്ക് ഇനിയും ഭര്‍ത്താവിനെ പരീക്ഷിച്ചത് മതിയെന്ന് തോന്നി. അവള്‍ ഭര്‍ത്താവിന്റെ മുമ്പില്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അതു കണ്ട ശിഖിദ്വജന് ആശ്ചര്യവും ആനന്ദവും ഒരുമിച്ചനുഭവപ്പെട്ടു.
ആത്മജ്ഞാനപദവിയിലെത്തിച്ചേര്‍ന്ന അവരിരുവരും സ്വരാജ്യത്തേക്കു മടങ്ങുകയും രാജാവ് യഥാവിധി രാജ്യഭാരം നിര്‍വഹിച്ച് വിരക്തനും, മുക്തനുമായി ഒടുവില്‍ പുനരാവൃത്തിരഹിതമായ ജീവന്മുക്തി പദം പ്രാപിക്കുകയും ചെയ്തു.
ഫോണ്‍: 9446969537
… തുടരും
















