ന്യൂദല്‍ഹി: ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഗ്രാമങ്ങള്‍ ദത്തെടുക്കാത്ത എംപിമാരുടെ എണ്ണം 108.പദ്ധതി പ്രഖ്യാപിച്ച് 8 മാസം പിന്നിട്ടിട്ടും ഗ്രാമങ്ങള്‍ ദത്തെടുക്കാത്തവരുടെ പേരുകള്‍ കേന്ദ്രഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിങ് പുറത്തുവിട്ടു.
പശ്ചിമബംഗാളിലെ 55 എംപിമാരാണ് പദ്ധതിയുമായി സഹകരിക്കാത്തത്.ലോക്‌സഭയിലും രാജ്യസഭയിലുമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ 55 എംപിമാരാണ് ഇവര്‍. ഇരുസഭകളിലുമുള്ള 750 അംഗങ്ങളില്‍ 86 ശതമാനം പേര്‍ ഇതിനകം ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു.
ദല്‍ഹിയിലെ 7 എംപിമാരും ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടില്ലെന്ന് കേന്ദ്രഗ്രാമവികസന മന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങള്‍ ഇല്ലാത്തതാണ് കാരണം. ഇവര്‍ക്ക് 7 ഗ്രാമങ്ങളുടെ പട്ടിക മന്ത്രാലയം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം മണ്ഡലങ്ങള്‍ക്ക് പുറത്തുവരുന്ന ഗ്രാമങ്ങള്‍ ദത്തെടുക്കാന്‍ എംപിമാര്‍ തയ്യാറായിട്ടില്ല, കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ തങ്ങള്‍ ഗ്രാമങ്ങള്‍ ദത്തെടുത്തെന്നും കൃത്യമായ വിവരം ലഭ്യമാകാതിരുന്നതാകാം മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് കാരണമെന്നും ബിജെപി എംപിമാര്‍ പ്രതികരിച്ചു.
മീനാക്ഷി ലേഖി പിലഞ്ചി ഗ്രാമവും സൗത്ത് ദല്‍ഹി എംപി രമേഷ് ബിദൂരി ബാട്ടിബാന്‍ ഗ്രാമവും ദത്തെടുത്തിട്ടുണ്ട്. ബാട്ടിബാനില്‍ ആശുപത്രി, ബസ് സര്‍വ്വീസ്, ജലസേചന സൗകര്യങ്ങള്‍ എന്നീ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും രമേശ് ബിദൂരി പറഞ്ഞു.
അടുത്തിടെ രാജ്യസഭയില്‍ അംഗമായ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പദ്ധതി ഏറ്റെടുക്കാത്ത എംപിമാരുടെ പട്ടികയിലുണ്ട്. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന ജയറാം രമേശ്, ആനന്ദ് ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ് എന്നിവര്‍ പട്ടികയിലുണ്ട്.
കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. എംപിമാര്‍ തങ്ങളുടെ വികസന ഫണ്ട് ഉപയോഗിച്ച് ഒരു ഗ്രാമം പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് വികസിപ്പിക്കുക. സ്വന്തം ജന്മസ്ഥലമോ ഭാര്യയുടെ ഗ്രാമമോ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
















