ന്യൂദല്‍ഹി: ഈയവും മോണോസോഡിയം ഗഌട്ടാമേറ്റും അപകടകരമായ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മാഗി നൂഡില്‍സിന് രാജ്യവ്യാപകമായ വിലക്ക്. മാഗിയുടെ വിവിധ സ്വാദുള്ള, ഒന്‍പതു തരം ഉല്പ്പന്നങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അവ പിന്‍വലിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനും ഭക്ഷ്യ സുരക്ഷാ അതോറിറ്റി മാഗി നിര്‍മ്മാതാക്കളായ നെസ്‌ലേയോട് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മനുഷ്യന് അപകടകാരിയായ വസ്തുക്കള്‍ അടങ്ങിയതിനാല്‍ ഇവയുടെ ഉല്പ്പാദനം, വിതരണം, ഇറക്കുമതി, വില്പ്പന തുടങ്ങിയവയെല്ലാം അടിയന്തരമായി തടഞ്ഞിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ അതോറിറ്റി മേധാവി വൈ. എസ്. മാലിക് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയുടെ ഫലം കേന്ദ്രസര്‍ക്കാരിന് വ്യാഴാഴ്ച ലഭിച്ചു. മാഗി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്രമന്ത്രി വ്യക്തമാക്കി.
മാഗി ഓട്‌സ് മസാല നൂഡില്‍സ് കേന്ദ്രത്തിന്റെ അനുമതിയോടെയല്ല വിപണിയിലെത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് നിയമലംഘനങ്ങളാണ് മാഗി നടത്തിയിട്ടുള്ളത്. അമിത അളവില്‍ ഈയം ചേര്‍ത്തു, മോണോസോഡിയം ഗഌട്ടാമേറ്റ് (എംഎസ്ജി) ചേര്‍ത്തിട്ടില്ലെന്ന് ലേബലില്‍ തെറ്റായി രേഖപ്പെടുത്തി, ഗുണനിലവാരമില്ലാത്ത ഉല്പന്നം വിറ്റഴിച്ചു തുടങ്ങിയവയാണ് ഇവ.ഭക്ഷ്യ സുരക്ഷാക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. നദ്ദ പറഞ്ഞു.
വിവാദങ്ങളെത്തുടര്‍ന്ന് ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ബിപി ശര്‍മ്മയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തി വിശദമായ ചര്‍ച്ചകള്‍ നടത്തി, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാഴാഴ്ച ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. അതിനു ശേഷമാണ് രാജ്യത്തൊട്ടാകെ മാഗിയുടെ വിപണനം വിലക്കാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചത്.
മാഗിയില്‍ അനുവദനീയമായ അളവിന്റെ പതിനേഴിരട്ടി ഈയവും മോണോസോഡിയം ഗഌട്ടാമേറ്റും ഉണ്ടെന്ന് ആദ്യം കണ്ടെത്തിയത് യുപിയിലായിരുന്നു. തുടര്‍ന്ന് യുപിയില്‍ മാഗിക്ക് വിലക്കേര്‍പ്പെടുത്തി. ഇതോടെ പല സംസ്ഥാനങ്ങളും മാഗി പരിശോധിക്കുകയും രാസവസ്തുക്കള്‍ അപകടകരമായ തോതില്‍ ഉണ്ടെന്നു കണ്ട് വിലക്കുകയും ചെയ്തു. പത്തോളം സംസ്ഥാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാഗി വിലക്കിയിരുന്നു. ഇതിനിടെ മാഗിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്‍, പ്രീതി സിന്റ, മാധുരി ദീക്ഷിത് എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ ബീഹാര്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രാജ്യമൊട്ടാകെ മാഗി വിലക്കി കേന്ദ്ര ഉത്തരവ്.
ലെഡും എംഎസ്ജിയും ഇല്ലെന്ന് മേധാവി
ന്യൂദല്‍ഹി: കേന്ദ്ര ഉത്തരവിനെത്തുടര്‍ന്ന് മാഗിയുടെ ഉല്പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ മാഗിയില്‍ ഇൗയമോ മോണോസോഡിയം ഗഌട്ടാമേറ്റാ ഇല്ലെന്നാണ് നെസ്‌ലേയുടെ മേധാവി പോള്‍ ബള്‍ക്കിയുടെ വിശദീകരണം. മാഗി എല്ലാ പരിശോധനകളും കടന്നതാണ്. അത് ഭക്ഷ്യയോഗ്യമാണ്. സുരക്ഷിതമാണ്. എന്നാല്‍ മാഗിയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം ഇടിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഉല്പ്പന്നം വിപണിയില്‍ നിന്ന് തല്‍ക്കാലം പിന്‍വലിക്കുകയാണ്. പോള്‍ ബള്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാഗിക്കു പിന്നാലെ മൂന്ന് ബ്രാന്‍ഡുകള്‍കൂടി തമിഴ്‌നാട്ടിലും ഗുജറാത്തിലും നിരോധിച്ചു
ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ മൂന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ക്കും ഗുജറാത്തില്‍ രണ്ടു ബ്രാന്‍ഡിനും കൂടി നിരോധനം ഏര്‍പ്പെടുത്തി. ശരീരത്തിന് ദോഷകരമാകുന്ന അളവില്‍ ഈയവും(ലെഡ്) മോണോ സോഡിയം ഗ്ലൂട്ടാമേറ്റും (അജിനോമോട്ടോ) അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വായ് വായ് എക്‌സ്പ്രസ് നൂഡില്‍സ്, റിലയന്‍സ് സെലക്ട് ഇന്‍സ്റ്റന്റ് നൂഡില്‍സ്, സ്മിത് ആന്‍ഡ് ജോണ്‍സ് ചിക്കന്‍ മസാല നൂഡില്‍സ് എന്നിവയ്‌ക്ക് മൂന്നു മാസത്തേയ്‌ക്കാണ് തമിഴ്‌നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌കെ ഫുഡിന്റെ ലിയോങ് ഹക്ക നൂഡില്‍സ്, ഐടിസി സണ്‍ഫീസ്റ്റ് യിപ്പീ എന്ന ബ്രാന്‍ഡുകള്‍ക്ക് ഗുജറാത്തിലും നിരോധനം ഏര്‍പ്പെടുത്തി. ഭക്ഷ്യ വകുപ്പിന്റെ പരിശോധനയില്‍ സണ്‍ഫീസ്റ്റ് യിപ്പീ നൂഡില്‍സില്‍ ലെഡിന്റെ അംശം കുറവായിരുന്നെങ്കിലും മോണോസോഡിയത്തിന്റെ അളവ് ക്രമാതീതമായിരുന്നു. ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. കൂടാതെ മറ്റ് ബ്രാന്‍ഡുകളുടെ സാംപിളുകളും പരിശോധനയ്‌ക്കയച്ചിട്ടുണ്ട്.
















